കുവൈറ്റ്: കുവൈത്തില്‍നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്കുള്ള നിര്‍ദിഷ്ട റെയില്‍വേ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യത്തിലോ തുടക്കം കുറിക്കുമെന്ന് അധികൃതര്‍. പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക പഠനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല അല്‍ ജൗഹാന്‍ പൊതുമരാമത്ത് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ പഠന റിപ്പോര്‍ട്ടിന്റെ 80 ശതമാനവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖയും പ്രാഥമിക കരാറുകളും ഉള്‍പ്പെടെ പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും ഈ വര്‍ഷം മെയ് 16നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. അതിനിടെ കുവൈത്ത്-സൗദി റെയില്‍ പാത നിര്‍ദിഷ്ട ജി സി സി റയില്‍വേ പദ്ധതിയുടെ ഭാഗമായിരിക്കില്ലെന്നും തികച്ചും വിത്യസ്തമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തില്‍ നിന്ന് റിയാദിലേക്ക് 700 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ റെയില്‍വേ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പരമാവധി രണ്ടര മണിക്കൂര്‍കൊണ്ട് കുവൈത്തില്‍ നിന്ന് സൗദിയിലേക്കും തിരിച്ചും എത്തിച്ചേരാന്‍ സാധിക്കും.