Advertisment

ഒമാന്റെ വിവിധയിടങ്ങളിൽ കനത്ത മഴ; ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ

കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ്​ മഴ​ കോരിച്ചൊരിയുന്നതെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ എവിടെനിന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല

New Update
heavy-rains-continue-in-oman-traffic-was-disrupted

മസ്കത്ത്​: ന്യൂനമർദത്തിന്‍റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ  തുടരുന്നു. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ്​ മഴ​ കോരിച്ചൊരിയുന്നതെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ എവിടെനിന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ നിർദേശിച്ചു. ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

Advertisment

സലാലയുടെ നഗരപ്രദേശങ്ങളിൽ മഴ രാവിലെയാണ്​ ആരംഭിച്ചത്​. സദ, ഔഖത്ത് തുടങ്ങിയ ഭാഗങ്ങളിലും മഴ തുടങ്ങിയിട്ടുണ്ട്. സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്തത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പനുസരിച്ച് രാവില 10 മുതൽ രാത്രി 10 വരെ 30-80 മില്ലി മീറ്റർ മഴ ലഭിച്ചേക്കും. 

താഴ്ന്ന ഭാഗങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും വാദികൾ മുറിച്ച് കടക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ക്രൈസിസ് മാനേജ്മെൻറും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രവാസി സംഘടനകളുടെ വിവിധ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. മലർവാടി ബാലോത്സവം മേയ് 10ന് സാദ പാർക്കിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.

ബുറൈമി, ദോഫാർ എന്നീ ഗവർണറേറ്റുകളിൽ അതിരാവിലെതന്നെ മഴ ലഭിച്ചിരുന്നു. മറ്റ്​ ഗവർണറേറ്റുകളിൽ ഉച്ചയോ​ടെയാണ്​ കരുത്താർജിച്ചത്​. കനത്ത മഴ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ അൽവുസത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കൂളുകളിൽ ഓൺലൈനിലൂടെയാണ് പഠനം നടത്തിയിരുന്നത്​.

മുവാസലാത്ത്​ ഇന്‍റർ സിറ്റി ബസ് സർവിസ് ചില റൂട്ടുകളിൽ റദ്ദാക്കി. റൂട്ട് 36: മസ്‌കത്ത്​-ജഅലാൻ ബാനി ബു അലി, റൂട്ട് 55: മസ്‌കത്ത്​-സൂർ, റൂട്ട് 203: മസ്‌കത്ത്​-ഷാർജ എന്നിവിടങ്ങളിലേക്കുള്ള ഇൻറർസിറ്റി ബസ് സർവിസ് ആണ്​ താൽക്കാലികമായി നിർത്തിവെച്ചത്​. ഇത്​ പുനരാരംഭിക്കുന്നത്​ കമ്പനിയുടെ സമൂഹ മാധ്യമ പേജുകളിലൂടെ അറിയിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

Advertisment