Advertisment

മഴയില്‍ മതിലിടിഞ്ഞുവീണ് അപകടം: പരുക്കേറ്റ ആലപ്പുഴ സ്വദേശി അശ്വിന്‍ ടൈറ്റസിനെ വിദഗ്ധ ചികിത്സയ്ക്കായി മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട അടൂര്‍ കടമ്പനാട് സ്വദേശി സുനില്‍ കുമാര്‍ സദാനന്ദന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

New Update
oman rain accident

മസ്‌കത്ത്: ഒമാനിലെ ബിദിയയില്‍ മഴയില്‍ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ ആലപ്പുഴ സ്വദേശി അശ്വിന്‍ ടൈറ്റസിനെ വിദഗ്ധ ചികിത്സയ്ക്കായി മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരണപ്പെട്ട പത്തനംതിട്ട സ്വദേശി സുനില്‍ കുമാറിനൊപ്പം ആണ് അശ്വിനും ജോലി ചെയ്തിരുന്നത്. 

Advertisment

അപകടത്തില്‍പെട്ട അശ്വിന്‍ കാറിന് മുകളിലും ഗാരേജിന്റെ മേല്‍ക്കൂരയിലും കയറിയ രക്ഷപ്പെടുകയായിരുന്നു. മേല്‍ക്കൂര പൊളിച്ചാണ് അശ്വിനെ പുറത്തെത്തിച്ചത്. കാലിന് സാരമായി പരുക്കേറ്റ അശ്വിനെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ആലോചനയിലുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതേസമയം, പത്തനംതിട്ട അടൂര്‍ കടമ്പനാട് സ്വദേശി സുനില്‍ കുമാര്‍ സദാനന്ദന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ പാസ്‌പ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും മഴവെള്ളത്തില്‍ ഒലിച്ചുപോയി. ഇതേ തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുപോകുന്ന നടപടികള്‍ വൈകുന്നത്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ സി) പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതായും ഇത് ലഭിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. 

ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ബിദിയ സനാഇയ്യിയില്‍ ഇരുവരും അപകടത്തില്‍ പെട്ടത്. വാദി കുത്തിയൊലിച്ചതിനെ തുടര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്ന വര്‍ക്ക്‌ഷോപ്പിന്റെ മതില്‍ തകരുകയായിരുന്നു. മതിലിനടിയില്‍ കുടുങ്ങിയ സുരേഷിനെ അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് പുറത്തെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. 15 വര്‍ഷമായി ഒമാനിലുള്ള സുരേഷ് വര്‍ക്ക്‌ഷോപ്പ് മെക്കാനിക്ക് ആയിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. പിതാവ്: സദാനന്ദന്‍. മാതാവ്: പങ്കജാക്ഷി. ഭാര്യ: ദിവ്യ. മകള്‍: സ്വാതി സുനില്‍. സഹോദരങ്ങള്‍: സുരേഷ്. സജി, സുജ.

Advertisment