Advertisment

അലബാമയിൽ 76 വയസുള്ള ഇന്ത്യക്കാരൻ മോട്ടൽ ഉടമ വെടിയേറ്റു മരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hhhhhhhhhhhh

അലബാമ: അലബാമയിലെ ഷെഫീൽഡിൽ 76 വയസുള്ള ഇന്ത്യക്കാരൻ മോട്ടൽ ഉടമ വെടിയേറ്റു മരിച്ചു. മുറിവാടക തർക്കത്തിന്റെ പേരിലാണ് ഷെഫീൽഡിലെ ഹിൽക്രെസ്റ്റ് മോട്ടൽ ഉടമ പ്രവീൺ റാവുജിഭായ് പട്ടേലിനെ കഴിഞ്ഞയാഴ്ച വില്യം ജെറി മൂർ (34) എന്നയാൾ വെടിവച്ചതെന്നു പോലീസ് പറഞ്ഞു. 

Advertisment

ഷെഫീൽഡ് 13ത് അവന്യുവിലെ ആളൊഴിഞ്ഞ ഒരു വീട്ടിലേക്കു ഓടിക്കയറാൻ ശ്രമിച്ച മൂറിനെ വൈകാതെ അറസ്റ്റ് ചെയ്തെന്നു പോലീസ് ചീഫ് റിക്കി ടെറി പറഞ്ഞു. 

കൊലയ്ക്കുപയോഗിച്ച തോക്കു മൂറിന്റെ പക്കൽ നിന്നു കണ്ടെടുത്തു. അയാളെ ഷെഫീൽഡ് സിറ്റി ജയിലിൽ അടച്ചു. അവിടന്നു പിന്നീട് വാറന്റ് കിട്ടിയ ശേഷം കോൾബെർട് കൗണ്ടി ജയിലിലേക്കു മാറ്റും. 

തൊട്ടു തൊട്ടു മൂന്നു വെടിയൊച്ച കേട്ടുവെന്നു മോട്ടലിനു സമീപത്തു ബാർബറായി ജോലി ചെയ്യുന്ന ജെമെരിസ് ഓവൻസ് WAAY 31 ന്യൂസിൽ പറഞ്ഞു. "പട്ടേൽ പുറത്തായിരുന്നു. അദ്ദേഹം ഒരാളെ പറഞ്ഞയക്കാൻ ശ്രമിക്കയായിരുന്നു. പക്ഷെ അയാൾ പോകാൻ ഭാവമില്ലായിരുന്നു. അയാൾ പട്ടേലിനെ വെടിവച്ചു." 

പട്ടേലിന്റെ ജഡം ട്യൂസ്ക്യൂമ്പിയയിലെ മോറിസൺ ഫ്യൂണറൽ ഹോമിൽ സംസ്കരിച്ചു. 

ഏഷ്യൻ അമേരിക്കൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ അക്രമത്തെ അപലപിച്ചു. അഗാധമായ ദുഖവും രോഷവും ഞെട്ടലും അറിയിക്കുന്നുവെന്നു പ്രസിഡന്റ് ഭരത് പട്ടേൽ പറഞ്ഞു. 

പട്ടേൽ നാലു പതിറ്റാണ്ടായി ഷെഫീൽഡിൽ ഈ മോട്ടൽ നടത്തി വരികയായിരുന്നുവെന്നു സംഘടനയുടെ അലബാമ റീജണൽ ഡയറക്‌ടർ സഞ്ജയ് എം. പട്ടേൽ ചൂണ്ടിക്കാട്ടി.

Praveen Raujibhai Patel
Advertisment