Advertisment

ചൈനക്കാർ കൂട്ടത്തോടെ യുഎസിന്റെ തെക്കൻ അതിർത്തി കടന്നു വരുന്നതിൽ ഗൗരവമായ ആശങ്ക

New Update
abdhsdbsjzdb
വാഷിംഗ്ടൺ: യുഎസിന്റെ തെക്കൻ അതിർത്തി കടന്നു വരാൻ ശ്രമിക്കുന്ന ആയിരക്കണക്കിനു ചൈനക്കാരെ ആഴ്ച തോറും അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്. രാജ്യത്തിനു ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഇവരുടെ വരവെന്നു കോൺഗ്രസ് അംഗങ്ങൾ താക്കീതു നൽകി. ചൈനയിലെ രാഷ്ട്രീയ പീഡനം മൂലം എത്തുന്നവർ ഉണ്ടെങ്കിലും ചാരന്മാരെ ചൈന അയക്കുന്നുണ്ടെന്ന നിഗമനവും ശക്തമാണ്. 
Advertisment

സാൻ ഡിയാഗോയ്ക്കു സമീപമാണ് ഇവർ കടക്കാൻ ശ്രമിക്കുന്നത്. മനുഷ്യക്കടത്തു സംഘങ്ങൾക്കു പണം നൽകിയാണ് മിക്കവരും അതിർത്തിയിൽ എത്തുന്നത്. 

ഒക്ടോബറിനു ശേഷം കാലിഫോർണിയയിലെ ഒരൊറ്റ അതിർത്തി പോയിന്റിൽ നിന്നു മാത്രം അകത്തു കടക്കാൻ ശ്രമിച്ച 21,000 ചൈനക്കാരെ അതിർത്തി സുരക്ഷാ സേന നേരിട്ടിരുന്നുവെന്നു ഫോക്സ് ന്യൂസ് പറയുന്നു: അറസ്റ്റ് ചെയ്യപ്പെട്ട 18,700 മെക്സിക്കക്കാരെക്കാൾ കൂടുതൽ. 

സെപ്റ്റംബറിൽ അവസാനിച്ച 2023 സാമ്പത്തിക വർഷത്തിൽ 24,048 ചൈനക്കാരെയാണ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ (സി പി ബി) യുഎസ്-മെക്സിക്കോ അതിർത്തിയിൽ നേരിട്ടത്.  2022ൽ രേഖപ്പെടുത്തിയ അറസ്റ്റുകൾ വെറും 1,970 ആയിരുന്നു. അതിന്റെ പത്തിരട്ടിയായി 2023ൽ. 2021ൽ എത്തിയ 323 ചൈനക്കാരേക്കാൾ  7,000%  ഇരട്ടിയും.   

ചൈനീസ് ഗവൺമെന്റ് ചാരന്മാരെ ഇക്കൂട്ടത്തിൽ അയക്കുന്നു എന്ന ആശങ്കയ്ക്കിടയിൽ യുഎസ് ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റി അധ്യക്ഷൻ റെപ്. മാർക്ക് ഗ്രീൻ പറഞ്ഞു: "ഇതൊരു ഭീമമായ ദേശസുരക്ഷാ പ്രശ്‌നമാണ്. വരുന്നവരിൽ അധികവും പട്ടാളത്തിൽ ചേരാൻ പ്രായമുള്ളവരും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും സൈന്യവുമായും ബന്ധമുള്ളവരും ആണ്." 

നാഷനൽ ബോർഡർ പട്രോൾ കൗൺസിൽ പ്രസിഡന്റ് ബ്രാൻഡൺ ജൂഡും അതു തന്നെ ഊന്നിപ്പറഞ്ഞു: വരുന്നവരിൽ അധികവും അവിവാഹിതരായ, സൈനിക സേവനത്തിനു പ്രായമായ പ്രായപൂർത്തി എത്തിയവരാണ്. "ചൈന നമുക്ക് സുഹൃത്തൊന്നുമല്ലല്ലോ." 

ചൈനക്കാർ ഇക്വഡോർ അല്ലെങ്കിൽ മെക്സിക്കോയിലേക്കു പറന്ന ശേഷം അവിടന്നു അതിർത്തിയിൽ എത്തുകയാണ് ചെയ്യുന്നത്. അതിർത്തിയിലെ ക്യാമ്പുകളിൽ നിന്ന് അവരെ കൂട്ടിക്കൊണ്ടു പോയി തുടർ പരിശോധനകൾ നടത്തുന്നത് സി ബി പി ആണ്. 

യുഎസിനെതിരെ ചൈന 2000 മുതൽ 2024 വരെ ചാര പ്രവൃത്തി നടത്തിയതിന്റെ 224 വലിയ ഉദാഹരണങ്ങൾ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ കമ്പനികൾ നടത്തുന്ന ചാരപ്പണി അതിനു പുറമെയാണ്. റഷ്യയേക്കാൾ അധികം ചാരപ്പണി നടത്തുന്നത് ചൈനയാണെന്നു റിപ്പോർട്ടിൽ പറയുന്നു. 

ആണവ-ആയുധ സാങ്കേതിക വിദ്യ വരെ അടിച്ചു മാറ്റുന്ന ചൈനക്കാർ യുഎസ് സുരക്ഷയ്ക്കു നിർണയിക്കാൻ കഴിയാത്ത പ്രശ്നമാണ് സൃഷ്ഠിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.  

എഫ് ബി ഐ അതു സമ്മതിക്കുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ചൈനയുടെ ചാരക്കണ്ണുകൾ എത്തുന്നുണ്ടെന്ന് അവർ പറയുന്നു. 

US southern border
Advertisment