Advertisment

കോപ്പേല്‍ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെക്കപ്പെട്ടു

New Update
dcfgch

ഡാളസ് : ടെക്സാസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെക്കപ്പെട്ടു. നിലവിൽ സിറ്റിയുടെ പ്രോടേം മേയർ ആയ ബിജു മാത്യു ഇത് മൂന്നാം തവണയാണ് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Advertisment

2018 ൽ ബിജു മാത്യു മത്സരിക്കുമ്പോൾ കോപ്പേൽ സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശത്ത് ജനിച്ച് വളർന്ന ഒരു വ്യക്തി കൗൺസിലിൽ വിജയിക്കുന്നത്. അന്ന് അദ്ദേഹം രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. തുടർന്ന് 2021- ൽ മുപ്പത്തി അഞ്ചിൽ പരം വർഷമായി സിറ്റിയിൽ സ്ഥിര താമസക്കാരനായ മാർക്ക്‌ സ്മിത്ത് എന്ന ശക്തനായ എതിരാളിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചതും പിന്നീട് പ്രോടേം മേയർ ആയതും.

കോപ്പേൽ സിറ്റിയുടെ place - 6 ൽ നിന്നാണ് 2024 ൽ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ലാ എസി ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് അമേരിക്കയിൽ എത്തിച്ചേർന്ന ബിജു മാത്യു പ്രസിദ്ധമായ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എൻജീനിയറിംഗിൽ ബിരുദവും തുടർന്ന് മാസ്റ്റേഴ്‌സും കരസ്ഥമാക്കിയ ശേഷമാണ് ഐ ടി മേഖലയിലെ ജോലിയുടെ ഭാഗമായി ഡാളസിലെ കോപ്പേൽ സിറ്റിയിൽ സ്ഥിരതാമസമാക്കുന്നത്.

മാർത്തോമ്മാ സഭയുടെ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകാംഗമായ ബിജു മാത്യുവിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഐക്യരാഷ്ട്ര സഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറിയും, തിരുവനന്തപുരം എം.പിയുമായ ശശി തരൂർ തുടങ്ങിയ നേതാക്കളുമായി നേരിട്ട് കണ്ട് അമേരിക്കയിലെ പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ അവസരം ലഭിച്ചിട്ടുണ്ട്. 

Biju Mathew
Advertisment