Advertisment

ചിക്കാഗോ ഗീതാ മണ്ഡലം മഹാശിവരാത്രി വിപുലമായി ആഘോഷിച്ചു

New Update
gggggggggggg

ചിക്കാഗോ: ശിവമന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ചിക്കാഗോ ഗീതാമണ്ഡലത്തിൽ വിപുലമായി മഹാശിവരാത്രി ആഘോഷിച്ചു. ശിവഭക്തിയുടെ നെയ്ദീപങ്ങളാൽ പ്രഭാപൂരിതമായ അന്തരീക്ഷത്തിൽ ശിവസ്തുതികളും വ്രതവുംചേര്‍ന്ന ഭക്തിയുടെ നിറവിലാണ് ഗീതാമണ്ഡലം ഈ വര്‍ഷത്തെ മഹാശിവരാത്രി മഹോത്സവം ആഘോഷിച്ചത്.

Advertisment

ഈ വർഷത്തെ ചിക്കാഗോ ഗീതാമണ്ഡലം ശിവരാത്രി, മന്ത്രയുമായി (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്- MANTRAH) സംയുക്തമായി ആണ് സംഘടിപ്പിച്ചത്. ഈ വർഷത്തെ മഹാശിവരാത്രിദിനത്തിൽ 108 ശിവക്ഷേത്രങ്ങളിൽ, മന്ത്രാ കുടുംബാംഗങ്ങളുടെ പേരിൽ മഹാരുദ്രാഭിഷേകം എന്ന വലിയ ആശയം ഉൾക്കൊണ്ടാണ്, ചിക്കാഗോ ഗീതാമണ്ഡലത്തിലും ശിവരാത്രി ദിനത്തിൽ മഹാരുദ്രാഭിഷേകം സംഘടിപ്പിച്ചത്.

ശിവപ്രീതിക്കായി ഓം നമശിവായ മന്ത്രങ്ങളുമായി ഭക്തര്‍ വ്രതാനുഷ്ഠാനത്തിന്റെ പരമകോടിയില്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു. ശിവപഞ്ചാക്ഷരി മന്ത്രംജപിച്ച് വ്രതംനോറ്റാല്‍ സര്‍വപാപങ്ങളും ഇല്ലാതാകുമെന്നാണ് ശിവരാത്രിയുടെ പ്രത്യേകത. ഈ ദിവസം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ശിവാര്‍ച്ചനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഫലമേറെയെന്നാണ് ശിവരാത്രിയുടെ പുണ്യം. ഇതിനായി ഗീതാമണ്ഡലമൊരുക്കിയ ശിവരാത്രി മഹോത്സവം അക്ഷരാര്‍ഥത്തില്‍ ഭക്തര്‍ക്ക് സമ്മാനിച്ചത് ശിവ ഭക്തിയുടെ മറ്റൊരു പരമാനന്ദമായതലമാണ്.

ഗണേശ അഥര്‍വോപനിഷത് മന്ത്രത്താല്‍ വിനായക പ്രീതി വരുത്തിയതിനു ശേഷമായിരുന്നു മേൽശാന്തി ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ ശിവരാത്രി പൂജകള്‍ ആരംഭിച്ചത്. ഈ വര്‍ഷത്തെ ശിവരാത്രിയില്‍ മംഗള സ്വരൂപിയായ മഹാദേവനെ നാല് ഭാവത്തില്‍ (സര്‍ലോക ഗുരു ഭാവമായ ദക്ഷിണാമൂര്‍ത്തി, സംഹാര ഭാവമായ നടരാജന്‍, രോഗരക്ഷക ഭാവമായ വൈദീശ്വരന്‍, അവസാനം ആരാധനാ ഭാവമായ ലിംഗ ഭാവത്തിലും) രുദ്രാഭിഷേകം നടത്തിയത്. തുടര്‍ന്ന് ബില്പവ പത്രങ്ങള്‍ ഭഗവാനു ആചാരപൂര്‍വം മന്ത്രാര്‍പ്പണവും സമര്‍പ്പിച്ചു.

തുടര്‍ന്ന് ഭജനയും ശിവ മന്ത്രാഭിക്ഷേകവും ശിവ അഷ്ടോത്തര അര്‍ച്ചനയും നടത്തി. പിന്നീട് ദീപാരാധനയും മന്ത്ര പുഷ്പാഭിക്ഷേകവും നടത്തി 2024 ലെ ശിവരാത്രിഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനംകുറിച്ചു. ദേഹാഹങ്കാരത്താല്‍ മനസ്സിനും, ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന് മോചിപ്പിക്കാനായി ഭഗവാന്‍ നല്കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍ നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വയം സ്വീകരിക്കുന്നു.

പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ ശാന്തിമയമാക്കുന്നു എന്ന മഹാസത്യം ആണ് ശിവരാത്രിയിലൂടെ നാം പഠിക്കുന്നത് എന്നും മന്ത്രയുടെ രുദ്രാഭിഷേകം പോലെയുള്ള ആത്മീയമായ എല്ലാ പ്രവർത്തനങ്ങൾക്കും ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ എല്ലാ പിന്തുണയും എല്ലാകാലത്തും ഉണ്ടാകും എന്നും ഗീതാ മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ അറിയിച്ചു. 

ശിവനില്ലാതെ ശക്തിയില്ലാ, ശക്തിയില്ലാതെ ശിവനില്ല. സ്ത്രീ സമത്വം എന്ന മഹത്തായ തത്വമാണ് ഇതിലൂടെ ഭഗവാൻ നൽകുന്നത്. ശക്തിയിലൂടെ പൂർണ്ണതയിൽ എത്തുന്നു ശിവൻ. പ്രകൃതും പുരുഷനും ഒന്നിക്കുന്ന അർദ്ധനാരീയിൽ ശിവൻ ഒരു സന്യാസിയുടെ ആത്മീയ വഴിയും,പാർവതി ഒരു ഗൃഹനാഥന്റെ ഭൗതിക രീതിയും പ്രതിനിധീകരിക്കുന്നു.

"ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്ത: പ്രഭവിതും ന ചേദേവം ദേവോ ന ഖലു കുശല: സ്പന്ദി തുമപി" എന്ന സൗന്ദര്യ ലഹരിയിലെ പ്രഥമ ശ്ലോകത്തിലൂടെ ആചാര്യൻ പറയുന്നത് മഹത്രിപുരസുന്ദരിയോട് കൂടിയിരിക്കുമ്പോൾ ശിവൻ സമർത്ഥനായി ഭവിക്കുന്നു. പ്രപഞ്ച സൃഷ്ടിക്കു ആ പരമശിവൻ ജഗന്നിർമ്മാണശക്തിയോടു കൂടിയില്ലായെങ്കിൽ ശക്തനായി ഭവിക്കുന്നില്ല.

പ്രകൃതിക്ക് അവനിൽ യാതൊരു സ്വാധീനവുമില്ല.എന്ന് പി ർ ഓ ശ്രീ പ്രജീഷ് ഇരുത്തറമ്മൽ അഭിപ്രായപ്പെട്ടു. പൂജകൾക്ക് നേതൃത്വം നൽകിയ കൃഷ്ണൻ ചെങ്ങണാംപറമ്പിലിനും,  ആനന്ദ് പ്രഭാകറിനും, ഭജനക്ക് നേതൃത്വം നൽകിയ രശ്മി മേനോനും ഈ വര്‍ഷത്തെ പൂജകള്‍ക്ക് പരികര്‍മ്മികളായി വര്‍ത്തിച്ച   രവി ദിവാകരനും, മഹോത്സവത്തിന് നേതൃത്വം നല്കിയ എല്ലാ സംഘാടകര്‍ക്കും, പൂജയില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും ഗീതാ മണ്ഡലം സെക്രട്ടറി ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് നടന്ന മഹാ അന്നദാനത്തോടെ 2024 ലെ ശിവരാത്രി പൂജകള്‍ക്ക് സമാപനം ആയി.

mahashivarathri
Advertisment