കാലിഫോർണിയ: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനം തേടുന്ന നിക്കി ഹേലി 2024ൽ തന്റെ പാർട്ടിക്കു ലഭിച്ച മെച്ചപ്പെട്ട പകരക്കാരിൽ ഒരാളാണെന്നു കാലിഫോർണിയയുടെ ഡെമോക്രാറ്റിക് ഗവർണർ ഗവിൻ ന്യൂസം. റിപ്പബ്ലിക്കൻ മത്സരത്തിൽ ഉടനീളം ഡൊണാൾഡ് ട്രംപിനെ ആക്രമിച്ചു കൊണ്ടിരിക്കുന്ന ഹേലി ഡെമോക്രാറ്റിക് പാർട്ടി ആഗ്രഹിക്കുന്ന സന്ദേശമാണ് പകർന്നു നൽകുന്നത്.
"അവർ ഞങ്ങൾക്കു വേണ്ടി സംസാരിക്കുന്ന പകരക്കാരിൽ മെച്ചപ്പെട്ട ഒരാളാണെന്ന് എനിക്കു തോന്നുന്നു," ന്യൂസം (56) സി എൻ എന്നിൽ പറഞ്ഞു. "അവർ മത്സരത്തിൽ തുടരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ട്രംപിനെ കുറിച്ചുള്ള അവരുടെ വിമർശനം കുറിക്കു കൊള്ളുന്നതാണ്."
സൗത്ത് കരളിനയിലെ പോരാട്ടം താൻ ആസ്വദിക്കുന്നുണ്ടെന്നു ഗവർണർ പറഞ്ഞു. "അവർ തുടരുമെന്നു ഞാൻ ആഗ്രഹിക്കുന്നു. സൗഭാഗ്യം ആശംസിക്കുന്നു."
എന്നാൽ ട്രംപിനെ വീഴ്ത്താൻ ഹേലിക്കു സാധ്യത വളരെ കുറവാണെന്നു ന്യൂസം അഭിപ്രായപ്പെട്ടു. "ട്രംപ് ആയിരിക്കും സ്ഥാനാർഥി. നമുക്കെല്ലാം അക്കാര്യം അറിയാം. ഏതെങ്കിലും റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഹേലി വിജയിക്കുമെന്നു പ്രതീക്ഷിക്കാവുന്ന ഒരു സൂചനയും കാണാനില്ല."
അവരെ തള്ളിക്കളയാനല്ല താനിതു പറയുന്നതെന്ന് ന്യൂസം കൂട്ടിച്ചേർത്തു. "മുൻ ഗവർണറെ കുറിച്ച് എനിക്ക് ആദരവുണ്ട്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ വളരെ കൂടുതൽ. അവർ മത്സരത്തിൽ തുടരുകയും ഞങ്ങൾ മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങൾ തന്നെ തുടർന്നും പറയുകയും ചെയ്യട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു."
ന്യൂസമിന്റെ പിൻതുണയ്ക്കു ഹേലി കാമ്പയ്ൻ നന്ദി പറഞ്ഞു.