Advertisment

ട്രംപിന്റെ ആസ്തികൾ കണ്ടുകെട്ടാൻ ലെറ്റീഷ്യ ജെയിംസ് നീക്കം തുടങ്ങി

New Update
nbcjbnckdbnd

ന്യൂ യോർക്ക്: ന്യൂ യോർക്കിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഡൊണാൾഡ് ട്രംപ് അപ്പീൽ പോകും മുൻപ് കെട്ടി വയ്‌ക്കേണ്ട $464 മില്യൺ തിങ്കളാഴ്ചയോടെ നൽകാൻ വഴിയില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചതിനാൽ മുൻ പ്രസിഡന്റിന്റെ ആസ്തികൾ കണ്ടുകെട്ടാൻ ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് നീക്കം തുടങ്ങിയെന്നു സൂചന. ട്രംപിന്റെ വെസ്റ്റ് ചെസ്റ്റർ ഗോൾഫ് കോഴ്‌സിലും സെവൻ സ്പ്രിങ്സ് എസ്റ്റേറ്റിലുമാണ് ജെയിംസ് കണ്ണു വച്ചിട്ടുള്ളതെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നു. 

Advertisment

ഫെബ്രുവരി 16നു ജഡ്‌ജ്‌ ആർതർ എൻകോറോൺ വിധി പറഞ്ഞതിനു പിന്നാലെ ജെയിംസ് വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിൽ വിധിന്യായങ്ങൾ റജിസ്റ്റർ ചെയ്‌തു. അവിടത്തെ വസ്തുവകകളെ അവർ ലക്ഷ്യമിട്ടു എന്നതിന്റെ സൂചനയായി അതിനെ കാണുന്നു. മാർച്ച് 6നു നടത്തിയ റജിസ്ട്രേഷനിൽ പക്ഷെ ഏതെങ്കിലും ട്രംപ് പ്രോപ്പർട്ടി എടുത്തു പറയുന്നില്ല. ട്രംപ് നാഷനൽ ഗോൾഫ് ക്ലബ് വെസ്റ്റ് ചെസ്റ്റർ, 212 ഏക്കർ സെവൻ സ്പ്രിങ്സ് എസ്റ്റേറ്റ് എന്നിവയാണ് കൗണ്ടിയുടെ പരിധിയിലുള്ളത്. 

ന്യൂ യോർക്കിലെ ട്രംപ് ടവർ, ട്രംപ് ബിൽഡിംഗ് എന്നിവയ്ക്കു ഇത്തരം റജിസ്‌ട്രേഷൻ ആവശ്യമില്ല. കാരണം കോടതി വിധി വന്നത് ന്യൂ യോർക്കിൽ തന്നെയാണല്ലോ. ട്രംപിന് ആസ്തികളുള്ള ഫ്ലോറിഡയിലോ ഇല്ലിനോയിലോ ജെയിംസ് റജിസ്റ്റർ ചെയ്തിട്ടില്ല. 

മുപ്പതോളം സ്‌ഥാപനങ്ങളെ സമീപിച്ചിട്ടും പണം കിട്ടിയില്ലെന്നു ട്രംപ് പറയുന്നു. ആസ്തികൾ നഷ്ടത്തിൽ വിറ്റഴിക്കാൻ സമ്മർദം ചെലുത്തുകയാണ്. എന്നാൽ പലരിൽ നിന്നായി ചെറു വായ്പകൾ എടുക്കാൻ കഴിയുമെന്നു ജെയിംസ് ചൂണ്ടിക്കാട്ടി. 

ബോണ്ട് തുക $100 മില്യനായി കുറയ്ക്കണമെന്ന ട്രംപിന്റെ അപേക്ഷ കോടതി സ്വീകരിച്ചില്ല. 

എഴുത്തുകാരി ഇ. ജീൻ കരോളിനെ അപമാനിച്ച കേസിലെ വിധിക്കെതിരെ അപ്പീൽ പോകാൻ ഈ മാസമാദ്യം ട്രംപ് $91.6 മില്യൺ ബോണ്ട് ഹാജരാക്കിയിരുന്നു. 

ജഡ്‌ജ്‌ എൻകോറോണിനെയും ജെയിംസിനെയും ട്രംപ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. 

Leticia James
Advertisment