ഫ്രിസ്കോ: ആശങ്കകള്‍ക്കൊടുവില്‍ ഫ്രിസ്കോയില്‍ നിന്നും കാണാതായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഈ ആഴ്ച ആദ്യം കാണാതായ 17 കാരിയായ ഇഷിക താക്കൂറിനെയാണ് കണ്ടെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി 11:30 ഓടെ ഫ്രിസ്കോയിലെ ബ്രൗണ്‍വുഡ് ഡ്രൈവിലെ 11900 ബ്ലോക്കിലുള്ള തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. ഈ വര്‍ഷം യുഎസില്‍ നിരവധി ഇന്ത്യന്‍, അല്ലെങ്കില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ മരിച്ചതിനിടയില്‍ ഇഷികയുടെ തിരോധാനം വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു.
ഇഷിക താക്കൂറിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി ഫ്രിസ്കോ പോലീസ് ഇന്നലെ വൈകുന്നേരം എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതേ പോസ്റ്റിനോട് പ്രതികരിച്ച പോലീസ് ഇന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും തങ്ങളുടെ ക്രിട്ടിക്കല്‍ മിസ്സിംഗ് അലേര്‍ട്ടിന്റെ ഭാഗമായിരുന്നു പെണ്‍കുട്ടിയുടെ തിരോധാനമെന്നും, സഹായ വാഗ്ദാനങ്ങള്‍ക്കും പിന്തുണയുടെ വാക്കുകള്‍ക്കും ഞങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നുവെന്നും വ്യക്തമാക്കി.
ക്ലീവ്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനായി 2023-ല്‍ യുഎസിലേക്ക് പോയ ഹൈദരാബാദില്‍ നിന്നുള്ള 25 കാരനായ വിദ്യാര്‍ത്ഥിയെ ഈ ആഴ്ച ആദ്യം മരിച്ച നിലയില്‍ കണ്ടെത്തി.