Advertisment

ഹൂസ്റ്റണിൽ റിട്ടയേർഡ് അധ്യാപികയുടെ കൊലയാളിയെ പിടികൂടുന്നതിന് പൊലീസിനെ സഹായിച്ചത് ‘അധ്യാപികയുടെ’ സന്ദേശം

New Update
jhgfder567u

ഹൂസ്റ്റൺ: റിട്ടയേർഡ് അധ്യാപികയുടെ കൊലയാളിയെ പിടികൂടുന്നതിന് പൊലീസിനെ സഹായിച്ചത് അവരുടെ അവസാന ടെക്സ്റ്റ് മെസേജ്. ഈ മാസം 13 ന് കരോൾ വെബ്ബർ (74) ടെക്സസിലെ ഹൂസ്റ്റണിലെ സീനിയർ ലിവിങ് അപ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ടെക്സ്റ്റ് മെസേജ് നിർണായക തെളിവായി മാറിയത്.

Advertisment

‘‘മദ്യപിച്ച് അപ്പാർട്ട്‌മെന്റിലെത്തിയ ക്ലിഫ് എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ’’ എന്നായിരുന്ന കരോൾ പരിചയക്കാരായ രണ്ട് പേർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിയായ ക്ലിഫ് എന്ന് വിളിക്കപ്പെടുന്ന ക്ലിഫ്റ്റൺ ജോൺ അലൻ (66) കരോളിന്റെ ബോയ് ഫ്രണ്ടായിരുന്നു. ഇയാൾ കരോളിന്റെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണി സ്വന്തമാക്കി.

ഇതിന് ശേഷം കൊലപാതകം നടത്തി സ്വത്ത് അപഹരിക്കാനാണ് ശ്രമിച്ചതെന്ന് ഡിറ്റക്ടീവുകൾ അറിയിച്ചു. കരോൾ വെബ്ബർ ട്രീമോണ്ട് സീനിയർ ലിവിങ് സെന്ററിൽ തനിച്ചാണ് താമസിച്ചിരുന്നത്. അവസാന നാളുകളിൽ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ആയി ബന്ധം പുലർത്തിയിരുന്നില്ല. ‘‘കരോൾ വളരെ ദുർബലയായ വ്യക്തിയായിരുന്നു.

ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിച്ചു. 70-കളിൽ, ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു, കൂട്ടിന് ആരുമില്ലായിരുന്നു.ട്രീമോണ്ടിൽ വന്നപ്പോൾ തന്നെ ഇയാൾ കരോളിനെ ലക്ഷ്യം വെച്ചതായി ഞാൻ വിശ്വസിക്കുന്നു. അവരുടെ ഏക സഹായി മാറിയതിനാൽ ഇയാളെ കരോൾ കാര്യങ്ങൾ ഏൽപ്പിക്കാൻ തുടങ്ങി ’’ – പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കരോളിനെ പരിചയമുള്ള ഒരു സ്ത്രീ പറഞ്ഞു.

ഒരുമിച്ചിരുന്ന പ്രാർഥിച്ചിരുന്ന ഇവർക്കും മറ്റൊരു സ്ത്രീക്കുമാണ് കരോൾ അവസാനമായി സന്ദേശം അയച്ചത്. ട്രീമോണ്ടിൽ താമസിക്കുകയും അടുത്തുള്ള ഒരു പുസ്തകശാലയിൽ ജോലി ചെയ്യുകയും ചെയ്തിരുന്ന അലനുമായി കരോൾ പ്രണയത്തിലായി. പക്ഷേ പിന്നീട് ഇയാൾ കരോളിനെ ഉപദ്രവിക്കാൻ തുടങ്ങിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

‘‘ഞാൻ ക്ലിഫുമായുള്ള എന്റെ ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്, അവൻ എന്റെ പവർ ഓഫ് അറ്റോർണി (അല്ലെങ്കിൽ) എന്റെ വിൽപ്പത്രവും ഇൻഷുറൻസും സ്വന്തമാക്കാൻ ശ്രമിക്കുന്നു. എനിക്ക് വേണ്ടി പ്രാർഥിക്കണം. നന്ദി’’ – കരോൾ ഒരു ടെക്സ്റ്റ് മെസേജിൽ എഴുതി.

 ‘‘ ഞാൻ പള്ളിയിൽ പോയ സമയത്ത് (അവൻ) എന്റെ പണവും ക്രെഡിറ്റ് കാർഡുകളും എടുത്തു. അപ്പാർട്ട്മെന്റിൽ താഴെ താമസിക്കുന്ന ആളോട് അയാൾക്ക് പവർ ഓഫ് അറ്റോർണി ഉണ്ടെന്നും ഞാൻ ഏത് പള്ളിയിൽ പോകാമെന്ന് എന്നോട് പറയാനുള്ള അവകാശമുണ്ടെന്നും ക്ലിഫ് പറഞ്ഞു’’– ക്ലിഫ് തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കരോൾ അയച്ച സന്ദേശങ്ങളിൽ ഒന്നിൽ ഇങ്ങനെ പറയുന്നു.

പള്ളിയിൽ പോകാൻ ക്ലിഫ് കരോളിനെ അനുവദിച്ചിരുന്നില്ലെന്നും പവർ ഓഫ് അറ്റോർണി പിൻവലിക്കാൻ കരോൾ ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. മുൻപും ഇയാൾ കൊലക്കേസിൽ ശിക്ഷക്കപ്പെട്ടുണ്ട്. ലൂസിയാനയിൽ നിന്ന് പരോളിൽ പുറത്തിറങ്ങിയ വ്യക്തിയാണ് പ്രതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Carol Webber
Advertisment