Advertisment

അയോവയിൽ ട്രംപിന് വൻ വിജയം; ഡിസാന്റിസ് രണ്ടാമത്; രാമസ്വാമി കളം വിട്ടു

New Update
jhgfdertyu876543
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയുടെ അയോവ കോക്കസിൽ ഡൊണാൾഡ് ട്രംപ് വൻ വിജയം കൊയ്തു.   50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർഥി.  

കോക്കസിൽ രണ്ടാം സ്‌ഥാനത്തു എത്തിയത് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. ഡൊണാൾഡ് ട്രംപ് 51% നേടി കൊടി നാട്ടിയ കോക്കസിൽ 94% ഫലങ്ങൾ പുറത്തു വന്നപ്പോൾ ഡിസാന്റിസ് 21% നേടി, സൗത്ത് കരളിന മുൻ ഗവർണർ നിക്കി ഹേലി 19 ശതമാനത്തിൽ ഒതുങ്ങി. 

വോട്ട് നില: ട്രംപ് 56,260, ഡിസാന്റിസ് 23,420, നിക്കി ഹേലി 21,085. പാർട്ടി കൺവെൻഷനിൽ 2,429ൽ 1,215 പേരുടെ പിൻതുണ ലഭിച്ചാലാണ് സ്ഥാനാർഥിയാവാൻ കഴിയുക.  

നാലാം സ്ഥാനത്തു വന്ന മറ്റൊരു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥിയായ വിവേക് രാമസ്വാമി മത്സരം  തന്നെ ഉപേക്ഷിച്ചു. പിന്മാറ്റ പ്രഖ്യാപനത്തിൽ, ട്രംപിനെ പിന്തുണയ്ക്കുമെന്നും രാമസ്വാമി പറഞ്ഞു. 

റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിലേക്കു 40 പ്രതിനിധികളെ അയക്കുന്ന അയോവയിൽ  ട്രംപിനു 20 പേരുടെ പിന്തുണ ഉറപ്പായി. ഡിസാന്റിസിനു 8 ലഭിക്കും, ഹേലിക്കു 7. 

വോട്ടെണ്ണൽ ആരംഭിച്ചു ആദ്യ മണിക്കൂറിൽ ഹേലിയെക്കാൾ 50 പോയിന്റ് മുന്നിൽ നിന്ന ട്രംപിന്റെ പിന്തുണ പിന്നീട് താഴ്ന്നു. എന്നാൽ സെൻട്രൽ ടൈം രാത്രി 7:45നു ട്രംപിന് 60% അടുത്ത് കിട്ടിയപ്പോൾ ഹേലിക്കു 17നു അല്പം മുകളിൽ ആയിരുന്നു. ഡിസാന്റിസ് 16.5ൽ താഴെ നിന്നു.  

രാത്രി അമേരിക്കൻ പതാകകളുടെ   പശ്ചാത്തലത്തിൽ ഹേലി വേദിയിൽ കയറിയപ്പോൾ അനുയായികൾ ആർത്തു വിളിച്ചു. ട്രംപും ബൈഡനും തിരഞ്ഞെടുക്കപ്പെടാൻ പാടില്ലെന്നു പറഞ്ഞ ഹേലി, പോരാട്ടത്തിൽ തുടരുമെന്നു പ്രഖ്യാപിച്ചു. 

ഫലങ്ങൾ വന്നു കൊണ്ടിരിക്കെ ഡെസ് മൊയ്‌നിൽ ജനക്കൂട്ടത്തോട് ട്രംപ് പറഞ്ഞു: "നിങ്ങളുടെ വോട്ടിനു നന്ദി. അതു ഞാൻ അർഹിക്കുന്നു എന്നാണ് എന്റെ വിശ്വാസം.

"ഞാൻ ഭരിക്കുമ്പോൾ കാര്യങ്ങൾ എത്രയോ മെച്ചമായിരുന്നു. മൂന്നു വർഷം മുൻപ് നമ്മൾ മഹത്തായ രാഷ്ട്രം ആയിരുന്നു. ഇപ്പോൾ മറ്റുള്ളവർ നമ്മളെ പരിഹസിക്കയാണ്." 

2020 തിരഞ്ഞെടുപ്പ് തോറ്റ ട്രംപിനു പാർട്ടിയുടെ മേലുള്ള പിടി എന്താണെന്നു അയോവ സൂചിപ്പിക്കുന്നു. അടുത്ത അങ്കം ജനുവരി 23നു ന്യൂ ഹാംപ്‌ഷെയർ പ്രൈമറിയിലാണ്. അവിടെയും ട്രംപ് നിർണായക ജയം നേടിയാൽ അദ്ദേഹത്തെ മറി കടക്കുന്നത് ബുദ്ധിമുട്ടാവും. 

2016ൽ ട്രംപ് അയോവ കോക്കസിൽ സെനറ്റർ ടെഡ് ക്രൂസിനോടു തോറ്റിരുന്നു. പക്ഷെ ന്യൂ ഹാംപ്‌ഷെയർ അദ്ദേഹം നേടി. കൂടുതൽ സ്വതന്ത്ര വോട്ടർമാരുള്ള പ്രൈമറിയാണ് ന്യൂ ഹാംപ്‌ഷെയർ. 

നിയമ പോരാട്ടങ്ങൾ ട്രംപിനു ഇപ്പോഴും വെല്ലുവിളി തന്നെയാണ്. അതെല്ലാം രാഷ്ട്രീയ വേട്ടയാണെന്നു അദ്ദേഹം ആരോപിക്കുന്നു. പ്രസിഡന്റ് ജോ ബൈഡനുമായി രണ്ടാമതൊരു അങ്കം നവംബറിൽ നടക്കും എന്നാണ് കരുതപ്പെടുന്നത്. 

donald-trumb
Advertisment