Advertisment

എംബസിക്കു മുന്നിൽ സ്വയം തീകൊളുത്തിയ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു

New Update
nnnnnnnnnnn7

വാഷിംഗ്ടൺ, ഡിസി: ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലക്കെതിരെ വാഷിംഗ്‌ടണിലെ ഇസ്രയേലി എംബസിക്കു മുന്നിൽ സ്വയം തീകൊളുത്തിയ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥൻ ആരാണ് ബുഷ്‌ണൽ, 25, മരിച്ചു.

പലസ്തീനെ മോചിപ്പിക്കുക എന്ന് ആക്രോശിച്ചു കൊണ്ടാണ് യൂണിഫോം ധരിച്ച അയാൾ തീ കൊളുത്തിയത്. 

ഗാസയിൽ നടക്കുന്ന 'വംശഹത്യ'യിൽ താൻ പങ്കാളിയല്ല എന്നു വിളിച്ചു പറഞ്ഞ അയാൾ   എയർ ഫോഴ്സിൽ അംഗമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.  'ഗാസയിലെ വംശഹത്യയിൽ  ഇനി പങ്കാളിയാകില്ല. അതിനാൽ  അന്തിമമായ  പ്രതിഷേധത്തിൽ ഏർപ്പെടാൻ പോകുകയാണ്,' സ്വയം തീകൊളുത്തുന്നതിന് മുമ്പ് ബുഷ്നെൽ പറഞ്ഞു.

നേരത്തെ അയാൾ ഫേസ്ബുക്കിൽ ഇപ്രകാരം എഴുതി: നമ്മളിൽ പലരും സ്വയം ചോദിക്കാൻ ഇഷ്ടപ്പെടുന്നു, ‘അടിമത്തത്തിന്റെ കാലത്തു  ഞാൻ ജീവിച്ചിരുന്നെങ്കിൽ ഞാൻ എന്തുചെയ്യുമായിരുന്നു? അതോ  വംശീയ വിവേചനം നടത്തിയ  ജിം ക്രോയുടെ കാലത്ത്  തെക്കൻ സ്റ്റേറ്റുകളിൽ ജീവിച്ചിരുന്നുവെങ്കിലോ? അതോ വർണ്ണവിവേചനകാലത്തു ജീവിച്ചിരുന്നുവെങ്കിലോ? എൻ്റെ രാജ്യം വംശഹത്യ നടത്തുകയാണെങ്കിൽ ഞാൻ എന്തുചെയ്യും?’ ഉത്തരം, ഇപ്പോൾ നിങ്ങൾ   അത് ചെയ്യുന്നു എന്നതാണ്.' അദ്ദേഹം എഴുതി.

ഞായറാഴ്ച ഉച്ചതിരിഞ്ഞു അയാൾ എംബസിക്കു മുന്നിൽ എത്തുമ്പോൾ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ സർ എന്ന് അധികൃതർ ചോദിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.  ഇന്ധനം ശരീരത്തിൽ തളിച്ച് തീ കൊളുത്തിയപ്പോൾ അയാളോട് തറയിൽ കിടക്കാൻ അവർ ആവശ്യപ്പെടുന്നുമുണ്ട്. 

ഒരാൾ തീ കെടുത്താനുള്ള സ്പ്രേ അടിച്ചു.  അഗ്നിശമന സേന എത്തും മുൻപ് യുഎസ് സീക്രട്ട് സർവീസ് തീയണച്ചു. ആളെ ആശുപത്രിയിലേക്കു നീക്കി.  

സംഭവം 'ട്വിച്ച്' എന്ന പ്രോഗ്രാം വഴി ലൈവ് ചെയ്തു. എന്നാൽ പിന്നീടത് നീക്കം ചെയ്‌തു 

ഏകദേശം നാല് വർഷത്തോളം യുഎസ് എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ച അയാൾ, ടെക്‌സാസിലെ സാൻ അൻ്റോണിയോയിൽ ആണ് എന്ന്  ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പറയുന്നു.

കഴിഞ്ഞ ഒരു വർഷമായി സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്തു. ഇതോടൊപ്പം  സതേൺ ന്യൂ ഹാംഷെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദ പഠനവും നടത്തി.  

Bushnell
Advertisment