Advertisment

യെമെനിൽ ഹൂത്തി കലാപകാരികളുടെ ശക്തികേന്ദ്രങ്ങളിൽ യുഎസ്, ബ്രിട്ടീഷ് സൈന്യങ്ങൾ ആക്രമണം നടത്തി

New Update
78tgn

ന്യൂയോർക്ക്: ചെങ്കടലിൽ കപ്പൽ ഗതാഗതത്തിനു ഭീഷണി ഉയർത്തുന്ന ഹൂത്തി കലാപകാരികളെ അമേരിക്കൻ, ബ്രിട്ടീഷ് സേനകൾ ചേർന്നു യെമെനിലെ അവരുടെ സങ്കേതങ്ങളിൽ ആക്രമിച്ചു.

Advertisment

സുന്നി ഭൂരിപക്ഷ രാജ്യമായ യെമെനിൽ ഇറാന്റെ സഹായത്തോടെ ഒട്ടേറെ ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തിട്ടുള്ള കലാപകാരികളെ തലസ്ഥാനമായ സന ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. 

നിർണായക അന്താരാഷ്ട്ര ജലമാർഗമായ ചെങ്കടലിൽ ആവർത്തിച്ചു ആക്രമണം നടത്തുന്ന ഹൂത്തികൾക്കു യുഎസ് പലകുറി താക്കീതു നൽകിയിരുന്നു. പോർവിമാനങ്ങൾ തൊടുത്ത ടോമഹോക് മിസൈലുകളാണ് ഹൂത്തി കേന്ദ്രങ്ങളിൽ യുഎസ് സേന വർഷിച്ചത്. സനയ്ക്കു പുറമെ സാദ, ധമാർ, ഹൊദെയ്‌ദ നഗരങ്ങളിലും ആക്രമണം നടത്തി. 

ഹൊദെയ്‌ദയിൽ ഹൂത്തി നാവിക താവളവും ഹജ്ജയിലും തൈസ് വിമാനത്താവളത്തിനടുത്തും സൈനിക കേന്ദ്രങ്ങളും തകർത്തു. നവംബർ 23നു ചെങ്കടലിൽ എത്തിയ യുഎസ്എസ് ഫ്ലോറിഡ അന്തർവാഹിനിയും ആക്രമണത്തിൽ പങ്കെടുത്തു. 

റഡാർ സംവിധാനങ്ങൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, ബാലിസ്റ്റിക് മിസൈൽ സ്റ്റോറേജുകൾ ഇവയൊക്കെ തകർത്തതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. യെമെനു തൊട്ടു കിടക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സഖ്യസേനകളുമായി ദീർഘമായ പോരാട്ടത്തിലാണ് ഹൂത്തികൾ. 

അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു നേരെ മുൻപുണ്ടാവാത്ത ആക്രമണം ഹൂത്തികൾ നടത്തിയതിനു നേരിട്ടുള്ള പ്രതികരണമാണിതെന്നു ബൈഡൻ പറഞ്ഞു.

"എന്റെ ഉത്തരവനുസരിച്ചു ഇന്നു യുഎസ് സേനയും ബ്രിട്ടീഷ് സേനയും ഓസ്ട്രേലിയ, ബഹ്‌റൈൻ, കാനഡ, നെതർലൻഡ്‌സ്‌ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ യെമെനിൽ ഹൂത്തി കലാപകാരികളുടെ കേന്ദ്രങ്ങൾ ആക്രമിച്ചു. ലോകത്തിനു ഏറ്റവും പ്രധാനമായ ഒരു ജലപാതയിൽ ഗതാഗതത്തിനു തടസം ഉണ്ടാവരുത് എന്ന് ഉറപ്പു വരുത്താനാണിത്." 

അമേരിക്കൻ ജനതയെ സംരക്ഷിക്കാനും അന്താരാഷ്ട്ര വാണിജ്യം തടസപ്പെടാതിരിക്കാനും നേരിട്ടുള്ള കൂടുതൽ നടപടികൾ എടുക്കാൻ മടിക്കില്ലെന്നു പ്രസിഡന്റ് വ്യക്തമാക്കി. 

ഗാസ യുദ്ധം ആരംഭിച്ച ശേഷം ഹൂത്തികൾ 27 തവണ ആക്രമണം നടത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ് യുദ്ധം കൂടുതൽ രൂക്ഷമാക്കേണ്ട എന്നു കരുതിയാണ് യുഎസ് പ്രതികരണത്തിനു വൈകിയതെന്നു പെന്റഗൺ വൃത്തങ്ങൾ പറഞ്ഞു. 

യെമെനിൽ നിന്നു പതിവായി സൗദി എണ്ണപ്പാടങ്ങളിൽ ആക്രമണം നടത്തുന്ന ഹൂത്തികൾ ചെങ്കടലിൽ ഇസ്രയേലി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്നാണ് ഭീഷണി മുഴക്കിയിരുന്നതെങ്കിലും കപ്പൽ ഗതാഗതത്തിനു മൊത്തം ഭീഷണി ഉയർത്തിയിരുന്നു.

ചൊവാഴ്ച അവർ യെമെനിൽ നിന്നു 18 ഡ്രോണുകളും മൂന്നു മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. പല കപ്പൽ കമ്പനികളും ചെങ്കടൽ വഴിയുള്ള ഗതാഗതം മുടക്കി. പകരം ആഫ്രിക്കയ്ക്കു ചുറ്റും ആയിരക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയിലായി അവർ. 

ഹൂത്തികളുടെ വെളിവുകെട്ട ആക്രമണം നിർത്താനുള്ള ഉത്തരവാദിത്തം ഇറാനുണ്ടെന്നു പെന്റഗൺ വക്താവ് മേജർ ജനറൽ പാറ്റ് റെയ്‌ഡെർ പറഞ്ഞു. 

യെമനു നേരെയുള്ള ഏതു ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂത്തി നേതാവ് അബ്ദുൽ മാലിക് അൽ-ഹൂത്തി പറഞ്ഞു. 

joe bidden Red Sea
Advertisment