Advertisment

ഇസ്രയേല്‍ സൈനിക യൂണിറ്റിന് ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ്

New Update
fgdfgredfedfe

വാഷിങ്ടണ്‍: ഇസ്രയേല്‍ സൈന്യമായ ഐ.ഡി.എഫിന്റെ നെറ്റ്സ യഹൂദ എന്ന യൂണിറ്റിന് ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് തീരുമാനം. പലസ്തീനിലെ വെസ്ററ് ബാങ്കില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നടപടി. ഇതാദ്യമായാണ് ഇസ്രയേലിന്റെ ഏതെങ്കിലും സൈനിക വിഭാഗത്തിനെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുന്നത്.

Advertisment

തീവ്ര യാഥാസ്ഥിതിക~വലതുവാദികളുടെ സൈനിക യൂണിറ്റാണ് നെറ്റ്സ യഹൂദ. ജൂതമതത്തിലെ വിശ്വാസങ്ങളെല്ലാം പാലിച്ചുകൊണ്ട് സൈനികര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന യൂണിറ്റാണ് ഇത്. പുരുഷന്മാര്‍ മാത്രമാണ് ഈ യൂണിറ്റിലുള്ളത്. ഇവര്‍ക്ക് വനിതാ സൈനികരുമായി ഇടപഴകാന്‍ അനുമതിയില്ല. മതപഠനത്തിനും പ്രാര്‍ഥനയ്ക്കുമായി ഇവര്‍ക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്.

ഉപരോധമേര്‍പ്പെടുത്തിയാല്‍ നെറ്റ്സ യഹൂദയിലെ സൈനികര്‍ക്ക് അമേരിക്കന്‍ സേനയ്ക്കൊപ്പം പരിശീലനം നടത്താനോ അമേരിക്ക പണംനല്‍കി നടത്തുന്ന ഒരു പരിപാടിയിലും പങ്കെടുക്കാനോ കഴിയില്ല. അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ യൂണിറ്റിന് കൈമാറാനും സാധിക്കില്ല.

ഉപരോധ തീരുമാനത്തിനെതിരെ ഇസ്രയേല്‍ പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്. സേനാ യൂണിറ്റിനെ ഉപരോധിക്കാനുള്ള നീക്കം അസംബന്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്സില്‍ കുറിച്ചു. സൈനികര്‍ ഭീകരന്മാരുമായി പോരാടുന്ന സമയത്ത് ഐ.ഡി. എഫിലെ ഒരു യൂണിറ്റിന് ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം അസംബന്ധവും ധാര്‍മ്മികമായ അധഃപതനവുമാണെന്ന് നെതന്യാഹു.

പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നീക്കത്തിന് ഇസ്രയേലിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഉപരോധമെന്നാണ് ഇസ്രയേല്‍ ധനകാര്യമന്ത്രി ബെസാലേല്‍ സ്മോട്രിച്ച് പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമായാല്‍ ഇസ്രയേലിന്റെ സുരക്ഷ ഇല്ലാതാകുമെന്നും സ്മോട്രിച്ച് പറഞ്ഞു. 

us isreal
Advertisment