Advertisment

ഇറ്റലിയിലെ മാഫിയ വിചാരണയില്‍ 200 പേര്‍ തടവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hvbjbikjh
റോം: ഇറ്റലിയില്‍ ഇരുനൂറ് മാഫിയ സംഘാംഗങ്ങള്‍ക്ക് 2200 വര്‍ഷം തടവ് ശിക്ഷ. ഇറ്റലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാഫിയ വിചാരണയാണ് പൂര്‍ത്തിയായിരിക്കുന്നത്. മൂന്ന് വര്‍ഷംകൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്.



'എന്‍ഡ്രാംഗെറ്റ' എന്ന മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ വ്യക്തികള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊള്ള മുതല്‍ മയക്കുമരുന്ന് കടത്ത് വരെയുള്ള കുറ്റകൃത്യങ്ങള്‍ ഇവര്‍ക്കു മേല്‍ ചുമത്തിയിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും സ്വാധീനമുള്ള ക്രിമിനല്‍ മാഫിയാ സംഘടനകളില്‍ ഒന്നാണ് എന്‍ഡ്രാംഗെറ്റ. കാലാബ്രിയയിലെ ദരിദ്രമായ പ്രദേശത്താണ് എന്‍ഡ്രാംഗെറ്റ എന്ന ക്രിമിനല്‍ മാഫിയാ സംഘമുള്ളത്. യൂറോപ്പിലെ കൊക്കെയ്ന്‍ വിപണിയുടെ 80 ശതമാനം വരെ നിയന്ത്രിക്കുന്നത് എന്‍ഡ്രാംഗെറ്റയാണ്. പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടെയുള്ളവരുമായി എന്‍ഡ്രാംഗെറ്റയ്ക്ക് ബന്ധമുണ്ടായിരുന്നു. ലിംബാഡി പട്ടണത്തില്‍ നിന്നുള്ള മന്‍കൂസോ കുടുംബമാണ് 'എന്‍ഡ്രാംഗെറ്റ' എന്ന മാഫിയാ സംഘത്തെ നിയന്ത്രിക്കുന്നത്. സംഘത്തിന് അമേരിക്കയിലും ആസ്ട്രേലിയയിലും ശക്തമായ അടിത്തറയുണ്ടെന്നും കണ്ടെത്തി.



മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയുടെ പാര്‍ട്ടിയായ ഫോര്‍സ ഇറ്റാലിയയുടെ അഭിഭാഷകനും മുന്‍ സെനറ്ററുമായ ജിയാന്‍കാര്‍ലോ പിറ്റെല്ലിയാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഏറ്റവും പ്രമുഖന്‍. ഇദ്ദേഹത്തിന് 11 വര്‍ഷം തടവ് ലഭിച്ചു. ഒപ്പം ശിക്ഷിക്കപ്പെട്ടവരില്‍ സിവില്‍ സര്‍വീസുകാര്‍, വ്യവസായികള്‍, ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരും ഉള്‍പ്പെടും. നൂറിലധികം പ്രതികളെ കോടതി വെറുതെ വിട്ടു. കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് പൊലീസ് പ്രത്യേക സംരക്ഷണം നല്‍കിയിരുന്നു.
italy_mafia_trial
Advertisment