Advertisment

ജൂതവിരുദ്ധ പോസ്റ്റ്: അള്‍ജീരിയന്‍ ഫുട്ബോളറെ ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vubikhoino

പാരിസ്: സമൂഹ മാധ്യമത്തില്‍ ജൂത വിരുദ്ധ പോസ്ററിട്ടെന്നാരോപിച്ച് ഫ്രഞ്ച് ക്ളബ് നീസിന്റെ അള്‍ജീരിയന്‍ താരം യൂസഫ് അടലിനെ ഫ്രഞ്ച് പൊലീസ് അറസ്ററ് ചെയ്തു.

Advertisment

ഇരുപത്തേഴുകാരന്‍ തന്റെ പോസ്റ്റിലൂടെ ഭീകരതയെ ന്യായീകരിച്ചു എന്നു പരാതി ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് നീസ് ഡിഫന്‍ഡര്‍ക്കെതിരായ പോലീസ് നടപടി. മതവിദ്വേഷം വളര്‍ത്തിയെന്ന കുറ്റമാണ് അടലിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഡിസംബര്‍ 18ന് ക്രിമിനല്‍ കോടതിയില്‍ വിചാരണ ആരംഭിക്കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍.

ഇസ്രായേല്‍~പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂതന്‍മാര്‍ക്കെതിരായ പലസ്തീന്‍ പ്രഭാഷകന്‍ സംസാരിക്കുന്നതിന്റെ വിഡിയോയാണ് യൂസഫ് പങ്കുവെച്ചത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ താരത്തെ ഏഴ് മത്സരങ്ങളില്‍നിന്ന് ക്ളബ് അധികൃതര്‍ വിലക്കുകയും ചെയ്തിരുന്നു. പലസ്തീന്‍ അനുകൂല സോഷ്യല്‍ മീഡിയ പോസ്ററിന്റെ പേരില്‍ ജര്‍മന്‍ ക്ളബ് മെയിന്‍സിന്റെ ഡച്ച് താരം അന്‍വര്‍ എല്‍ ഗാസിയെ ക്ളബ് നേരത്തെ പുറത്താക്കിയിരുന്നു.

സമൂഹ മാധ്യമത്തിലിട്ട പോസ്ററ് ഉടന്‍ നീക്കുകയും താന്‍ വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്ത താരം പോസ്ററിന്റെ പേരില്‍ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നീസ് മേയറുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും മറ്റും അഭ്യര്‍ഥനയെ തുടര്‍ന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. 

Algerian footballer arrested
Advertisment