Advertisment

94 - കാരനായ ഡിമെൻഷ്യ രോഗിയെ ക്രൂരമായി ഉപദ്രവിച്ച മലയാളി കെയർ വർക്കർക്ക് 12 മാസം തടവ് ശിക്ഷ; ക്രൂരത പുറത്തറിഞ്ഞത് രോഗിയുടെ ബന്ധുക്കൾ സ്ഥാപിച്ച രഹസ്യ ക്യാമറ വഴി

New Update
jinyuUntitledoo.jpg

ഡെവോൺ: യു കെയിൽ മലയാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളും പിടിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതാണ് എക്സിറ്റ് ലാങ്ഫോർഡ് പാർക്ക് നഴ്സിംഗ് ഹോമിൽ സംഭവിച്ചത്.

Advertisment

നഴ്സിംഗ് ഹോമിലെ ഒരു ഡിമെൻഷ്യ രോഗിയെ ക്രൂരമായ ശാരീരിക ഉപദ്രവം ഏൽപ്പിച്ച കുറ്റത്തിന് മലയാളിയായ ജിനു ഷാജി (26) എന്ന കെയർ വർക്കറെ 12 മാസം തടവിന് എക്സിറ്റർ ക്രൗൺ കോടതി ശിക്ഷിച്ചു.  ഡെവോൺ & കോൺവാൾ പോലീസ് ആണ് വാർത്ത സ്ഥിതീകരിച്ചത്. 

ukUntitledoo.jpg

എക്സിറ്റ് ലാങ്ഫോർഡ് പാർക്ക് നഴ്സിംഗ് ഹോമിലെ 94 - കാരനായ ഹാർട്ട് എന്ന അന്തേവാസിയാണ് ക്രൂര പീഡനങ്ങൾക്ക് ഇരയായത്. 2023, ജൂലൈ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. നഴ്സിംഗ് ഹോമിൽ കെയർ വർക്കർ ആയി ജോലി ചെയ്തിരുന്ന ജിനു ഷാജി വയോധികനായ  രോഗിയുടെ കാലുകൾ തലയ്ക്ക് മുകളിലൂടെ പിന്നിലേക്ക് വലിച്ചു പിടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

രോഗിയുടെ നിലവിളിയും നിർത്താനുള്ള അഭ്യർത്ഥനയും അവഗണിച്ചുകൊണ്ട് നാല് മിനിറ്റോളം ജിനു തന്റെ ക്രൂരത തുടർന്നു.

സന്ദർശന വേളയിൽ, കാലിലെ ചതവുകളെക്കുറിച്ച് മാനേജ്മെന്റിനോട് ആശങ്ക പ്രകടിപ്പിച്ച രോഗിയുടെ ബന്ധുക്കൾ, മാനേജ്മെന്റിന്റെ തന്നെ അനുമതിയോടുകൂടി സ്ഥാപിച്ച ഒളി ക്യാമറയിൽ സംഭവം പതിഞ്ഞതോടെയാണ് ക്രൂരത പുറത്തറിയുന്നത്. രോഗിയുടെ ബന്ധുക്കൾ ഉടൻ തന്നെ കെയർ ഹോം മാനേജരെ വിവരം അറിയിക്കുകയും ഷാജിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

care Untitledoo.jpg

പന്തികേട് മനസിലാക്കിയ ജിനു കേരളത്തിലേക്ക് പലായനം ചെയ്തു. എന്നാൽ, മൂന്ന്  മാസങ്ങൾക്ക് ശേഷം യു കെയിൽ മടങ്ങിയെത്തിയ ജിനുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അങ്ങേയറ്റം ക്രൂരവും നിന്ദ്യവുമായ പ്രവർത്തി എന്നാണ് സംഭവത്തോട് പ്രോസിക്യൂട്ടർ പ്രതികരിച്ചത്. 

പീഡനത്തിനിരയായ രോഗി പിന്നീട് മരണപ്പെട്ടു. എങ്കിലും, അദ്ദേഹത്തിന്റെ മരണത്തിനു സംഭവുമായി യാതൊരു വിധ ബന്ധവുമില്ലെന്ന്  തെളിഞ്ഞിട്ടുണ്ട്. പുതിയ മാനേജ്‌മന്റിന്റെ ഉടമസ്ഥതയിലാണ് ഇപ്പോൾ നഴ്സിംഗ് ഹോം.

Advertisment