Advertisment

യുകെയിൽ ആദ്യത്തെ വിജയകരമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ബ്രിട്ടീഷ് സർജൻ പ്രൊഫ. സർ റോയ് കാൽനെ (93) അന്തരിച്ചു; വിട പറഞ്ഞത് ലോകമെമ്പാടുമുള്ള അവയവ ഗ്രാഫ്റ്റിംഗിന്റെ വലിയ വികാസത്തിലേക്ക് നയിച്ച പ്രഗത്ഭനായ ഭിഷഗ്വരൻ

New Update
doctor

യുകെ: യുകെയിൽ ആദ്യത്തെ വിജയകരമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ബ്രിട്ടീഷ് സർജൻ പ്രൊഫ. സർ റോയ് കാൽനെ (93) അന്തരിച്ചു.

Advertisment

ശനിയാഴ്ച രാത്രിയാണ്‌ യുകെയിലെ ആദ്യത്തെ വിജയകരമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ബ്രിട്ടീഷ് സർജൻ പ്രൊഫ. സർ റോയ് കാൽനെ മരണമടഞ്ഞത്. ഹൃദയസ്തംഭനമാണ് മരണകാരണം. മെഡിക്കൽ രംഗത്തെ ആജീവനാന്ത  പ്രവർത്തനങ്ങൾക്ക് 2014 - ൽ അദ്ദേഹത്തെ 'പ്രൈഡ് ഓഫ് ബ്രിട്ടൻ' അവാർഡ് നൽകി ആദരിച്ചിരുന്നു.

യുഎസിൽ നടത്തിയ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന്‌, ഒരു വർഷത്തിന് ശേഷം 1968 - ലാണ് കേംബ്രിഡ്ജിലെ അഡൻബ്രൂക്ക് ഹോസ്പിറ്റലിൽ സർ റോയ് യുകെയിലെ ആദ്യത്തെ കരൾ മാറ്റിവെയ്ക്കൽ ഓപ്പറേഷന് നേതൃത്വം നൽകിയത്. 

സറേയിലെ റിച്ച്മണ്ടിൽ ജനിച്ച സർ റോയ്, ലാൻസിംഗ് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ശേഷം, ലണ്ടനിലെ ഗൈസ് ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ പരിശീലനം നേടി.

അവയവങ്ങൾ മാറ്റി വയ്ക്കുമ്പോൾ, ഉണ്ടാകാനിടയുള്ള 'റിജെക്ഷൻ' മറികടക്കാൻ ആദ്യമായി മരുന്നുകൾ ഉപയോഗിച്ചതും അദ്ദേഹമാണ്. ഇത് ലോകമെമ്പാടുമുള്ള അവയവ ഗ്രാഫ്റ്റിംഗിന്റെ വലിയ വികാസത്തിലേക്ക് നയിച്ചു. മാരകമായ 'റിജക്ഷൻ' തടയാൻ, ഇന്ന് ഉപയോഗിക്കുന്ന പ്രതിരോധശേഷി കുറയ്ക്കുന്ന പല മരുന്നുകളും സർ റോയ് അവതരിപ്പിച്ചതാണ്. 'സൈക്ലോസ്പൊരിൻ' അത്തരത്തിലുള്ള ഒരു മരുന്നായിരുന്നു.

1974-ൽ സർ റോയ്,  റോയൽ സൊസൈറ്റിയുടെ 'ഫെലൊ' ആയി തിരഞ്ഞെടുക്കപ്പെട്ടു. 'അവിശ്വസനീയമാം വിധം ധൈര്യശാലി' എന്നാണ് ബിബിസി ടെലിവിഷൻ പരമ്പരയായ 'ദാറ്റ്സ് ലൈഫ്' അവതരിപ്പിച്ച ഡാം എസ്തർ റാന്റ്‌സെൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

Advertisment