Advertisment

ഇറ്റലിയ്ക്ക് അഭയാര്‍ഥികളെ വേണ്ട , അല്‍ബേനിയയെ ഗോഡൗണാക്കും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbbhhhhhh

ടിരാന : ഇറ്റലിയിലെത്തുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെ താമസിപ്പിക്കാനുള്ള സങ്കേതമാവുകയാണ് അല്‍ബേനിയ.ഇതു സംബന്ധിച്ച് ഇറ്റലിയുമായുണ്ടാക്കിയ അഞ്ച് വര്‍ഷത്തെ കരാര്‍ അല്‍ബേനിയന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഇറ്റാലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും അല്‍ബേനിയയുടെ പ്രധാനമന്ത്രി രാമയും തമ്മില്‍ നവംബറില്‍ ഒപ്പുവെച്ച കരാര്‍ ഇറ്റലിയുടെ പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചിരുന്നു.

Advertisment

ഇരു രാജ്യങ്ങളിലെയും പ്രതിപക്ഷ പാര്‍ട്ടികളും ആംനസ്റ്റി ഇന്റര്‍നാഷണലടക്കമുള്ള മനുഷ്യാവകാശ സംഘടനകളും റസ്‌ക്യൂ ഗ്രൂപ്പുകളും കരാറിനെ എതിര്‍ക്കുന്നതിനിടയിലാണ് കരാറിനെ അല്‍ബേനിയന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. അല്‍ബേനിയയിലെ ടിറാനയിലെ പരമോന്നത കോടതിയിലും ഈ കരാറിന്റെ സാംഗത്യം ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ മാസം അവസാനം, ഭരണഘടനാ കോടതി കരാറിന് അംഗീകാരം നല്‍കി. അതോടെയാണ് വ്യാഴാഴ്ച വോട്ടെടുപ്പിന് വഴിയൊരുങ്ങിയത്.140അംഗ പാര്‍ലമെന്റില്‍ 74 സീറ്റുകളാണ് ഭരണകക്ഷിക്കുള്ളത്.

ഏത് സമയത്തും 3,000 കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ഇറ്റലിയുമായുള്ള കരാര്‍.ഇതിന്റെ ഭാഗമായി 600 മില്യണ്‍ യൂറോ ചെലവില്‍ രണ്ട് പ്രോസസ്സിംഗ് സെന്ററുകള്‍ അല്‍ബേനിയയില്‍ ഇറ്റലി സ്ഥാപിക്കും. ഇവ പൂര്‍ണ്ണമായും ഇറ്റലിയുടെ നിയന്ത്രണത്തിലായിരിക്കും.

അഭയാര്‍ഥി അപേക്ഷകള്‍ ഇറ്റലി അതിവേഗം ട്രാക്ക് ചെയ്യും. വസന്തകാലത്തോടെ കരാര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രധാനമന്ത്രി ജോര്‍ജിയോ മെലോണി പറഞ്ഞു.കുടിയേറ്റക്കാരുടെ നിയമപരമായ ഉത്തരവാദിത്തവും ഇറ്റലിക്കായിരിക്കും.

അഭയാര്‍ത്ഥികളോട് കടുത്ത നിലപാട് സ്വീകരിക്കുന്ന ഭരണാധികാരിയായാണ് വലതുപക്ഷ വാദിയായ ഇറ്റലിയുടെ പ്രധാനമന്ത്രി അറിയപ്പെടുന്നത്. ബോട്ടപകടത്തില്‍പ്പെടുന്ന അഭയാര്‍ഥികളെ രക്ഷിക്കുന്ന എന്‍ ജി ഒ റെസ്‌ക്യൂ കപ്പലുകളുടെ എണ്ണം കുറയ്ക്കുന്ന നടപടികള്‍ പോലും ഇവര്‍ സ്വീകരിച്ചിരുന്നു.

കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് 1990കളില്‍ ഇറ്റലിയില്‍ അഭയം തേടിയവരെ സംരക്ഷിച്ചതിന്റെ നന്ദിയാണ് ഈ കരാറെന്ന് അല്‍ബേനിയന്‍ പ്രധാനമന്ത്രി രാമ പറഞ്ഞു.

അതേ സമയം ഇറ്റലിയുമായുണ്ടാക്കിയ കരാറിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും പൊതുജന താല്‍പ്പര്യത്തെയും തകര്‍ക്കുന്നതാണ് കരരാറെന്ന് വലതുപക്ഷ പ്രതിപക്ഷ നേതാവ് ഗാസ്മെന്‍ഡ് ബര്‍ദി ആരോപിച്ചു.

മനുഷ്യത്വത്തിനെതിരായ കരാറാണിതെന്ന് ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി എന്‍ ജി ഒയും നിയമവിരുദ്ധവും നടപ്പിലാക്കാനാവാത്തതുമാണ് കരാറെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും വിമര്‍ശിച്ചു.യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും കരാറിനെ അംഗീകരിച്ചിരുന്നു.

italy-albeniya
Advertisment