Advertisment

ജര്‍മനിക്ക് ആശങ്കയായി പാരറ്റ് ഫീവര്‍

New Update
gvhvjbg
ബര്‍ലിന്‍: ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയായി പാരറ്റ് ഫീവര്‍ പടരുന്നു. ജര്‍മനിയെ കൂടാതെ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



സിറ്റാക്കോസിസ് എന്നുകൂടി അറിയപ്പെടുന്ന ഈ രോഗം തത്തകളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. അതിനാലാണ് പാരറ്റ് ഫീവര്‍ എന്നറിയപ്പെടുന്നത്. ഈ രോഗം ബാധിച്ച് ഈ വര്‍ഷം യൂറോപ്പില്‍ അഞ്ച് പേര്‍ മരിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പാരറ്റ് ഫീവര്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.



ക്ളമിഡോഫില സിറ്റക്കി എന്ന ബാക്ടീരിയയാണ് ഈ രോഗത്തിനു കാരണമാകുന്നത്. ശ്വാസകോശ അണുബാധയാണ് പ്രകടമായ ലക്ഷണം. തത്ത പോലുള്ള പക്ഷികളെ ബാധിക്കുന്ന ഈ ബാക്ടീരിയ ഇവയുടെ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. മറ്റു ചില കാട്ടുമൃഗങ്ങളിലൂടെയും വളര്‍ത്തുമൃഗങ്ങളിലൂടെയും പക്ഷികളിലൂടെയും ഇത് പകരാം.



രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠവും സ്രവങ്ങളും പൊടിപടലങ്ങളിലൂടെ ശ്വാസനാളത്തിലെത്തുന്നത് രോഗകാരണമാകും. പക്ഷികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍, ഡോക്ടര്‍മാര്‍, പക്ഷികളുടെ ഉടമകള്‍, വൈറസ് വ്യാപനമുള്ള ഇടങ്ങളിലെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍.



പനി, വിറയല്‍, പേശി വേദന, ഛര്‍ദ്ദി, ക്ഷീണം, ബലക്ഷയം, വരണ്ട ചുമ, തലവേദന എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. ബാക്ടീരിയ ഉള്ളിലെത്തി അഞ്ച് മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ഇതു ചികിത്സിക്കുന്നത്. ചികിത്സ വൈകിയാല്‍ ന്യുമോണിയ, ഹൃദയ വാല്‍വുകളുടെ വീക്കം, മഞ്ഞപ്പിത്തം, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ അവസ്ഥകള്‍ക്കു കാരണമാകും.
Parrot fever
Advertisment