Advertisment

കാനഡയിൽ വധിക്കപ്പെട്ട സിഖ് ദമ്പതിമാരെ കൊലയ്ക്കു മുൻപു പോലീസ് കണ്ടിരുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
dbvjcxbcjx

ഒട്ടാവ: കാനഡയിലെ ഒന്റേരിയോ പ്രവിശ്യയിൽ നവംബർ 20നു വെടിയേറ്റു മരിച്ച സിഖ് ദമ്പതിമാരെ അതിനു നാലു ദിവസം മുൻപ് പോലീസ് സന്ദർശിച്ചിരുന്നുവെന്നു അവരുടെ മകൻ ഗുർദിത് സിംഗ് സിദ്ധു പറയുന്നു. അപ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. എന്നാൽ പോലീസ് അതേക്കുറിച്ചു ഒന്നും പറയാൻ തയാറാവുന്നില്ല.

Advertisment

"അവർ എന്താണ് മറച്ചു വയ്ക്കാൻ ശ്രമിക്കുന്നത്?" സിദ്ധു ചോദിക്കുന്നു. 

പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നുണ്ട്, പക്ഷെ അഞ്ചാഴ്ച കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

കാനഡയിൽ പഠിക്കുന്ന മകനെയും മകളെയും കാണാൻ ഇന്ത്യയിൽ നിന്നു വന്നതായിരുന്നു ജഗ്താർ സിംഗ് സിദ്ധുവും (57) ഭാര്യ ഹർഭജൻ കൗറും (57). കാലിഡോൺ-ബ്രാംപ്ടൻ അതിർത്തിയിലെ വാടകവീട്ടിൽ അക്രമികൾ 20 തവണയെങ്കിലും നിറയൊഴിച്ചു. ജഗ്താർ തൽക്ഷണം മരിച്ചു. കൗർ പിന്നീട് ആശുപത്രിയിലും. മകൾ ആശുപത്രിയിൽ ജീവനു വേണ്ടി പൊരുതുകയാണ്. 

എന്തു കൊണ്ടാണ് പീൽ റീജനൽ പോലീസിന്റെ ഒരു ഉദ്യോഗസ്ഥൻ തന്റെ മാതാപിതാക്കളെ കണ്ടതെന്നു വ്യക്തമാക്കണമെന്നു സി ബി എസ് ന്യൂസുമായി സംസാരിച്ച സിദ്ധു ആവശ്യപ്പെട്ടു. അവരെ ഞാൻ വിളിച്ചതല്ല. മാതാപിതാക്കൾ രണ്ടു പേരും ഇംഗ്ലീഷ് അറിയാത്തവരാണ്. അതുകൊണ്ടു അവർ സുഹൃത്തായ ദാമൻ പ്രീത് സിംഗിനെ വിളിച്ചു. 

ഓഫിസറുടെ ബാഡ്‌ജ്‌ നമ്പർ ചോദിച്ച ശേഷം അയാളുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞെന്നു ദാമൻ സി ബി എസിനോടു പറഞ്ഞു. ആരാണ് സന്ധുവിന്റെ വീട്ടിൽ താമസിക്കുന്നത് എന്നായിരുന്നു ഓഫിസർ ചോദിച്ചത്. പോലീസ് ഒരാളെ തേടുന്നതു കൊണ്ടുള്ള അന്വേഷണമാണിതെന്നും അയാൾ പറഞ്ഞു. 

ഒന്റേരിയോ പ്രവിശ്യാ പോലീസിന്റെ അന്വേഷണപരിധിയിൽ പീൽ പോലീസ് എത്തി ആളുകളെ വീടുകയറി ചോദ്യം ചെയ്യുന്നത് എന്തിനെന്നു സിദ്ധു ചോദിച്ചു. ഒരു മണിക്കൂറോളം പോലീസ് കാർ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്നു. ഓഫിസറുടെ കാർഡ് കിട്ടിയിരുന്നു, പക്ഷെ എന്തെങ്കിലും ചോദിച്ചാൽ 'ഞങ്ങൾക്കു മിണ്ടാൻ അനുവാദമില്ല' എന്നായിരുന്നു മറുപടി. 

ജനുവരിയിൽ ഇന്ത്യയിലേക്കു മടങ്ങാൻ ഉദ്ദേശിച്ചാണ് മാതാപിതാക്കൾ വന്നത്. അവരോടു ഈ ഭീകരത കാട്ടിയത് ആരാണെന്നു അറിയണം. "എന്തോ സംഭവിക്കാൻ പോകുന്നുവെന്നു പോലിസിന് അറിയാമായിരുന്നു. എന്തു കൊണ്ടാണ് അവർ ഞങ്ങളുടെ കുടുംബത്തെ ലക്ഷ്യമിട്ടത്? ഇതൊക്കെ കാനഡയിൽ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇതൊരു സുരക്ഷിത രാജ്യമാണെന്ന ധാരണയിലാണ് ഞാൻ പൗരത്വം എടുത്തത്." 

മാതാപിതാക്കളുടെ മരണം സഹോദരിയെ അറിയിച്ചിട്ടില്ല. അവളെ പരിചരിക്കാൻ വേണ്ടി തന്റെ ജോലി തത്കാലം ഉപേക്ഷിച്ചതായും സിദ്ധു അറിയിച്ചു. 

കൊലയാളികൾക്ക് ആളുമാറിപ്പോയി എന്നാണ് ഒന്റേരിയോ പോലീസിന്റെ സംശയം. ഒന്നിലേറെ കൊലയാളികൾ ഉണ്ടായിരുന്നു എന്നാണ് സൂചന. 

canada Sikh couple
Advertisment