Advertisment

ആറ്റ്‌നോറ്റ് നീറ്റ്; സൗദിയിലെ ഏക കേന്ദ്രമായ റിയാദ് സ്‌കൂളിലേക്കും ആവേശത്തോടെ പരീക്ഷാർത്ഥികൾ

ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കും  പരീക്ഷ. News | Pravasi | saudi arabia | Middle East

New Update
sauUntitled33453.jpg

ജിദ്ദ:    ദേശീയ പരീക്ഷ ഏജൻസിയായ എൻ ടി എ (നാഷണൽ ടെസ്റ്റിംഗ്  ഏജൻസി) നടത്തുന്ന 2024 ലെ പൊതുപ്രവേശന പരീക്ഷയായ  നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് (നീറ്റ്) ടെസ്റ്റിന് നാളെ (ഞായർ, മെയ് 5) ലക്ഷക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഹാജരാക്കുമ്പോൾ സൗദിയിലുള്ള യോഗ്യരായവരും അതിൽ ഭാഗഭാക്കാകും.   ഇന്റെര്നെഷണൽ ഇന്ത്യൻ സ്‌കൂൾ, റിയാദ് ആണ്  നീറ്റ് പരീക്ഷാ കേന്ദ്രം.

Advertisment

കാലത്ത്  11:30 മുതൽ  ഉച്ചതിരിഞ്ഞു 2:50 വരെയാണ് സൗദിയിലെ നീറ്റ് പരീക്ഷാ സമയക്രമം.   പരീക്ഷയെഴുതുന്നവർ എട്ടരയ്ക്ക്  മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ  റിപ്പോർട്ട് ചെയ്യണം.   പതിനൊന്നിന് ശേഷം എത്തുന്നവർക്ക് പ്രവേശനം അനുവദിക്കില്ല.  

അഡ്‌മിറ്റ്‌  കാർഡ് (ഹാൾ ടിക്കറ്റ്),  ഫോട്ടോഗ്രാഫ്,  തിരിച്ചറിയൽ കാർഡ് (ഐ ഡി പ്രൂഫ്)  എന്നിവ  പരീക്ഷാർത്ഥികളുടെ  പക്കലുണ്ടായിരിക്കണം.   അവർ നിർദിഷ്ട  ഡ്രസ്കോഡ്  പാലിച്ചിരിക്കുകയും വേണമെന്ന്  ബന്ധപ്പെട്ടവർ  പരീക്ഷയ്ക്കെത്തുന്നവരെ ഓർമപ്പെടുത്തി. 

ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കും  പരീക്ഷ. 

ഇന്ത്യയിലെ സർക്കാർ, സ്വകാര്യ കോളേജുകളിൽ മെഡിക്കൽ, ഡെൻറ്റൽ കോഴ്സുകളായ എം ബി ബി എസ്, ബി ഡി എസ് എന്നിവയിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള  പൊതുപ്രവേശന പരീക്ഷയാണ്  നാളെ അരങ്ങേറുന്നത്.

ഇത്തവണ വിദേശ രാജ്യങ്ങളിൽ നീറ്റ്  പരീക്ഷയ്ക്ക്  കേന്ദ്രം അനുവദിക്കില്ലെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും  പതിനാല് വിദേശ രാജ്യങ്ങളിൽ  കേന്ദ്രം  അനുവദിച്ചത്  കുട്ടികൾക്കും രക്ഷിതാക്കൾക്കും അനുഗ്രഹമായി.  

റിയാദിൽ  മാത്രമാണ്  കേന്ദ്രം  എന്നതിനാൽ   വിസ്തൃത രാജ്യമായ  സൗദിയുടെ വിദൂര ദിക്കുകളിൽ  നിന്നുള്ളവർ  രക്ഷിതാക്കൾ സഹിതം  ദിവസങ്ങൾക്ക് മുമ്പേ നഗരത്തിലെത്തി കൊണ്ടിരുന്നു.

ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കുവേണ്ടി എം ഇ എസ് റിയാദ് ചാപ്റ്റർ, ടാർജറ്റ് ഗ്ലോബൽ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗൈഡൻസ് ക്ലാസ്  നടന്നു.   അലിഫ് ഇന്റർനാഷനൽ സ്കൂളിൽ  സംഘടിപ്പിച്ച  ക്ലാസ് വിദ്യാർത്ഥികൾക്കെന്ന പോലെ  അവരുടെ  രക്ഷിതാക്കൾക്കും കൗതുകവും ആവേശവും പകർന്നു.  

റിയാദിന് പുറത്തുള്ള സൗദിയിലെ  വിവിധ പ്രദേശങ്ങളിൽ നിന്ന് നേരിട്ടും  ഓൺലൈനായും നിരവധി  വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിച്ചു.

ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ കൂടുതൽ മാർക്ക് നേടാനുള്ള മാർഗം,  നീറ്റ് പരീക്ഷ ഹാളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,  നീറ്റ് വഴി അഡ്മിഷൻ ലഭിക്കുന്ന പ്രധാന മെഡിക്കൽ കോളേജുകൾ മുതലായ വിഷയങ്ങളിൽ ചർച്ചകളും ക്ലാസ്സുകളും നടന്നു.    

നീറ്റ് പരീക്ഷ പരിശീലന രംഗത്ത് ഒരു വ്യാഴവട്ട കാലത്തെ  അനുഭവ സമ്പത്തുള്ള ടാർജറ്റ് ഗ്ലോബൽ അക്കാദമി ജനറൽ മാനേജർ എം സി മുനീർ, ടാർജറ്റ് ഗ്ലോബൽ അക്കാദമിയിലെ അധ്യാപകരായ സച്ചിൻ അഹമ്മദ്, ഇ എസ് ഷമീർ എന്നിവർ  ക്ലാസ്സിനും ചർച്ചകൾക്കും നേതൃത്വം നൽകി.

പരിപാടിയിൽ എം ഇ എസ് ട്രഷറർ ഫൈസൽ പൂനൂർ, സെക്രട്ടറി സലീം പള്ളിയിൽ  എന്നിവർ യഥാക്രമം സ്വാഗതവും നന്ദിയും പ്രകാശിപ്പിച്ചു.

Advertisment