Advertisment

ഒത്തുചേരലിന്റെ ഊഷ്മളതയിൽ മനം നിറഞ്ഞ് കേളി കുടുംബസംഗമം

New Update
keli kudumba sangamam nilamboor

പ്രഥമ സംസ്ഥാനതല കേളി കുടുംബ സംഗമം നിലമ്പൂരില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: പ്രവാസ സ്മരണകളില്‍ നിറഞ്ഞ് പ്രഥമ സംസ്ഥാനതല കേളി കുടുംബ സംഗമം നിലമ്പൂരില്‍ സമാപിച്ചു. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളി കലാ സാംസ്കാരിക വേദിയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പ്രവര്‍ത്തിച്ച് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് നിലമ്പൂരില്‍ ഒത്തുചേര്‍ന്നത്.

Advertisment

അകമ്പാടം ഏദന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രവാസികളെ ഇത്രയധികം ഹൃദയത്തോട് ചേര്‍ത്ത മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും പ്രവാസികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന നിരവധി ആനുകൂല്യങ്ങള്‍ അതിനു തെളിവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നാടിന്‍റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് എംഎൽഎ പറഞ്ഞു.

കേളി അംഗമായിരിക്കെ മരണപ്പെട്ടവര്‍ക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി മരണപ്പെട്ട അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഗോപിനാഥൻ വേങ്ങര അധ്യക്ഷത വഹിച്ചു. കേളി മുൻ സെക്രട്ടറിയും കുടുംബ സംഗമ സംഘാടക സമിതി കൺവീനറുമായ ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു.

സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഇ പത്മാക്ഷന്‍, കേളി മുന്‍ രക്ഷാധികാരി സമിതി അംഗവും സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി  അംഗവുമായ ബിഎം റസാഖ്,  റിയാദ് കേളി രക്ഷാധികാരി സമിതി കണ്‍വീനറും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ്, നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, പ്രവാസി സംഘം മലപ്പുറം ജില്ലാ സെക്രട്ടറിയും ജിദ്ദ നവോദയ മുന്‍ രക്ഷാധികാരിയുമായ വികെ റൗഫ്, പ്രശസ്ത കലാകാരി നിലമ്പൂര്‍ ആയിഷ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

കേളി മുൻ രക്ഷാധികാരി സമിതി അംഗങ്ങളും ഭാരവാഹികളുമായിരുന്ന പി വൽസൻ, എം നസീർ, ദസ്തക്കീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളി രൂപീകൃതമായ കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലം ബി എം റസാഖ് സദസ്സിനെ ഓർമ്മപ്പെടുത്തി.

കേളി കുടുംബാഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാസാംസ്കാരിക പരിപാടികൾ കുടുംബ സംഗമത്തിന്റെ ഭാഗമായി അരങ്ങേറി. ‘നിലമ്പൂർ നടനം നൃത്താലയം' അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, നിസ്സാർ മമ്പാടും സംഘവും അവതരിപ്പിച്ച ഗാനമേള എന്നീ പരിപാടികളും വേദിയിൽ അവതരിപ്പിച്ചു. കേളി മുൻ സെക്രട്ടറി റഷീദ് മേലേതിൽ ചടങ്ങിന് നന്ദി പറഞ്ഞു.

Advertisment