Advertisment

വൻ വികസനക്കുതിപ്പുമായി ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി; ധാരണാപത്രം ഒപ്പിട്ടുവെന്ന് സൗദി കിരീടാവകാശി

New Update
saudi king-2

ജിദ്ദ / ന്യൂഡൽഹി: ഇന്ത്യയും മിഡിൽ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക പദ്ധതിക്കുള്ള ധാരണാപത്രത്തിൽ ബന്ധപ്പെട്ട രാജ്യങ്ങൾ ഒപ്പുവെച്ചു. ഇന്ത്യൻ തലസ്ഥാന നഗരത്തിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കവേ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ദീർഘകാല തൊഴിലവസരങ്ങൾ  ഉണ്ടാക്കുന്നതിനും ബഹുരാജ്യങ്ങൾ പങ്കാളികളായ സാമ്പത്തിക ഇടനാഴി വഴിവെക്കുമെന്ന് സൗദി നേതാവ്  വിവരിച്ചു.

ജി20 ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വൻ കുതിപ്പിന് ബന്ധപ്പെട്ട രാജ്യങ്ങൾക്ക് അവസരം സൃഷ്ടിക്കുന്ന സാമ്പത്തിക ഇടനാഴി സംബന്ധിച്ച് സൗദി കിരീടാവകാശി വിവരിച്ചത്. "വൈദ്യുതിയും ഹൈഡ്രജനും കയറ്റുമതി ചെയ്യുന്നതിനുള്ള പൈപ്പ് ലൈനുകൾ നീട്ടുന്നതിന് സാമ്പത്തിക ഇടനാഴി  വഴിയൊരുക്കും. കൂടാതെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള വ്യാപാര വിനിമയം വർദ്ധിപ്പിക്കുകയും ചെയ്യും": എംബിഎസ് എന്ന പേരിൽ വിഖ്യാതനായ സൗദി രാജകുമാരൻ തുടർന്നു.

റെയിൽവേ ഉൾപ്പെടുടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഒപ്പിട്ട ധാരണാപത്രം ഇടയാക്കുമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.

Advertisment