Advertisment

പ്രവാസ മണ്ണില്‍ ആറായിരം പേര്‍ക്ക് ഓണസദ്യ, പത്മശ്രീ മട്ടന്നൂര്‍ ഒരുക്കുന്ന 'തൃക്കായ ബാന്‍ഡ് ', അനൂപ് ശങ്കറും മൃദുല വാര്യരും ഒരുക്കുന്ന മ്യൂസിക്കല്‍ ഷോ, കലാഭവന്‍ മണികണ്ഠന്‍ ഉള്‍പ്പെടെ ഒരുക്കുന്ന ചിരിവിരുന്ന് - യുഎഇയില്‍ അക്കാഫ് ഗ്ലോബല്‍ ഓണം 'ആവണി പൊന്നോണം - 23' ഒക്ടോബര്‍ 8 -ന് ഷാര്‍ജയില്‍. ഒരുക്കങ്ങള്‍ തകൃതി !

New Update
akcaf global onam

ഷാർജ: നാട്ടിൽ ഒരു പോന്നോണം കൂടി കടന്നുപോയെങ്കിലും ഷാർജയിൽ തിരുവോണം അടിച്ചു പൊളിച്ച് ആഘോഷിക്കാൻ ഒരുങ്ങുകയാണ് യുഎഇ മലയാളി സമൂഹം. യുഎഇ ഇതുവരെയും ദർശിക്കാത്ത പ്രവാസലോകത്തെ ഏറ്റവും ബൃഹത്തായ ഓണഘോഷങ്ങൾക്ക്  'ആവണി പൊന്നോണം' ഒക്‌ടോബർ 8 ന് ഷാർജ എക്സ്പോയിൽ വേദിയൊരുങ്ങുന്നു. 28  വർഷത്തെ പ്രവർത്തന മികവോടെ കേരളത്തിലെ കോളേജുകളിലെ പൂർവ വിദ്യാർഥികളുടെ യുഎഇയിലെ ഏറ്റവും ശക്തമായ കൂട്ടായ്മയാണ് അക്കാഫ്.

Advertisment

ഒക്‌ടോബർ 1 നു ദുബായ് മില്ലേനിയം സ്കൂളിൽ തിരി തെളിയുന്ന ഓണാഘോഷങ്ങൾക്ക് വമ്പിച്ച വരവേൽപ്പാണ് പ്രവാസലോകം നൽകുന്നത്. വിവിധ കോളേജ് അലുംമ്നികൾ പങ്കെടുക്കുന്ന അത്തപ്പൂക്കള മത്സരം, തിരുവാതിര മത്സരം, പായസ മത്സരം, ഗ്ലോബൽ സ്റ്റാർ മത്സരം, ഗ്രൂപ്പ് സോങ് മത്സരം, ഗ്രൂപ്പ് ഡാൻസ് മത്സരം തുടങ്ങി നിരവധി മത്സരങ്ങളുടെ വേദിയാകും ഒക്ടോബര് 1 ന് ദുബായ് മില്ലേനിയം സ്കൂൾ.

akcaf global onam-2

ഒക്‌ടോബർ 8 ന് ഷാർജ എക്സ്പോ സെന്റര് പ്രവാസ ലോകത്തെ ഏറ്റവും ജനസാന്നിധ്യമുള്ള ഓണാഘോഷങ്ങൾക്ക് വേദിയാകും. വിഭവ സമൃദ്ധമായ ഓണ സദ്യ ആറായിരത്തിലധികം പേർക്കായി വിളമ്പും.

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, കേരളത്തിന്റെ തനതു കലകളും കോളേജ് കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്തതകൾ നിറയുന്ന വർണ്ണാഭമായ  ഘോഷയാത്ര എന്നിവ ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടും.

ഒപ്പം സദസ്യരെയാകമാനം ആഹ്ളാദഭരിതരാക്കാൻ പ്രശസ്ത സിനിമാതാരം ഹണീറോസും എത്തിച്ചേരുന്നു. അക്കാഫ് ഗ്ലോബൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കാനായി നൂറിലധികം രാജ്യങ്ങളിൽ നിന്നും ലോക മലയാളികളുടെ പരിച്ഛേദമായി പ്രത്യേക ക്ഷണിതാക്കൾ എത്തിച്ചേരുന്നു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 'തൃക്കായ' ബാൻഡ് ആദ്യമായി സദസ്യരുടെ മുൻപാകെ രംഗപ്രവേശം ചെയ്യുന്നു.

akcaf global onam-3

അനൂപ് ശങ്കറും മൃദുല വാരിയറും ചേർന്നവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ ഓണാഘോഷങ്ങൾക്ക്  വർണ്ണങ്ങൾ വാരിവിതറും. നിത്യഹരിത നായകൻ കമൽ ഹാസന് മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ തവണ ശബ്ദം നൽകിയ അനുഗ്രഹീത കലാകാരൻ കലാഭവൻ മണികണ്ഠൻ അവതരിപ്പിക്കുന്ന നാടൻ പാട്ടും ഹാസ്യ വിരുന്നും വേറിട്ട അനുഭവമാകും.

അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ് ബിജു കുമാർ, ട്രഷറർ ജുഡിന്‍ ഫെർണാണ്ടസ്, ചീഫ് കോ ഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ.വി, വനിതാ വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, വനിതാ വിഭാഗം പ്രസിഡന്റ് അന്നു പ്രമോദ്,  ഓണം ജനറൽ കൺവീനർ മനോജ് ജോൺ, ആവണി പൊന്നോണം എക്‌സ്‌കോം കോഓർഡിനേറ്റർ ഷെഫി അഹമ്മദ്, ജോയിന്റ് കൺവീനർമാരായ വിദ്യ പുതുശ്ശേരി, സജി പിള്ള സൂരജ് പി.കെ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment