Advertisment

അക്കാഫ് ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച ഗ്ലോബൽ ഓണാഘോഷം 'ആവണി പൊന്നോണം 2023' - ജനസഹസ്രം പങ്കെടുത്തു

New Update
ackaf onam sharjah

ഷാര്‍ജ: കേരളത്തിലെ കലാലയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അക്കാഫ് ഇവെന്റ്സ് ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച ഗ്ലോബൽ ഓണാഘോഷമായ ടെൻ എക്സ് പ്രോപ്പർട്ടിസ് 'ആവണി പൊന്നോണം 2023' പരിപാടികളുടെ വ്യത്യസ്തത കൊണ്ടും വിവിധ രാജ്യക്കാരെ ഉൾപ്പെടുത്തിയും പതിനായിരക്കണക്കിന് ആൾക്കാരുടെ സാന്നിധ്യം കൊണ്ടും വിജയകരമായി പര്യവസാനിച്ചു. 

Advertisment

പത്മശ്രീ ഡോ. എം.എ യൂസഫലി ഉത്‌ഘാടനം ചെയ്‌ത പൊതുപരിപാടിയിൽ മലയാളികളുടെ നന്മയും ബഹുസ്വരതയും ആവേശം സൃഷ്ടിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണ് അക്കാഫ് ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്നും അതിന്റെ ഏറ്റവും മനോഹരമായ ഓണാഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറ്റവും സന്തോഷിക്കുന്നുവെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറയുകയുണ്ടായി. 

ackaf onam sharjah-2

കേരളാ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈൻ വഴി ആശംസാ സന്ദേശം കൈമാറി. വേലിക്കെട്ടുകളില്ലാതെ മനുഷ്യസ്നേഹം പങ്കുവെക്കാൻ കഴിയുന്ന നിമിഷങ്ങളുടെ സാക്ഷാത്കാരമാണ് അക്കാഫ് ഗ്ലോബൽ ഓണാഘോഷത്തിലൂടെ മുന്നോട്ട് വെക്കുന്ന സന്ദേശമെന്നു അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു. 

കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ഗ്ലോബൽ ഓണമാണ് അക്കാഫ് സംഘടിപ്പിച്ചതെന്ന് ജനറൽ സെക്രട്ടറി വി.എസ്‌. ബിജുകുമാർ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. ഓണത്തിന് സാർവദേശീയമായൊരു മുഖം നൽകുന്നതിൽ അക്കാഫ് പ്രവർത്തകരുടെ കരുത്തും ഊർജ്‌ജവും ഇത്തവണ ആവണി പൊന്നോണത്തിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണെന്ന് അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് സൂചിപ്പിച്ചു. 

ackaf onam sharjah-4

അക്കാഫ് പുതിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിലാണെന്നും കഴിഞ്ഞ ഇരുപത്തെട്ടു വർഷത്തെ പ്രവർത്തന പരിചയം അക്കാഫിനെ കൂടുതൽ മേഖലകളിൽ പ്രവാസ സമൂഹത്തിനും മലയാളത്തിനും നന്മകളെത്തിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള പ്രചോദനമാണ് ആവണിപൊന്നോണത്തിൽ കാണുന്ന ഗ്ലോബൽ സാന്നിധ്യമെന്ന് അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ പറഞ്ഞു,

അക്കാഫ് സോവനീർ പദ്മശ്രീ ഡോ. എം.എ യൂസഫലി  വേൾഡ് എഡ്യൂക്കേഷൻ ഹോൾഡിങ് ഗ്രൂപ്പ് സിഇഒ ഡോ. വിദ്യ വിനോദിന് നൽകി നിർവഹിച്ചു.

സാംസ്കാരിക സമ്മേളനത്തിൽ ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ വി, വൈസ് ചെയർമാൻ ബക്കറലി, വൈസ് പ്രെസിഡന്റുമാരായ അഡ്വ ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് അന്നു പ്രമോദ്, ഓണപരിപാടികൾക്ക് നേതൃത്വം കൊടുത്ത ജനറൽ കൺവീനർ മനോജ് ജോൺ, എക്‌സ്‌കോം കോഓർഡിനേറ്റർ ഷെഫി അഹമ്മദ്, ജോയിന്റ് ജനറൽ കൺവീനർമാരായ സൂരജ്, സജി പിള്ളൈ, വിദ്യ പുതുശ്ശേരി, അക്കാഫ് ജോയിന്റ് ട്രെഷറർ ഫിറോസ് അബ്ദുല്ല, അമീർ കല്ലത്ര അക്കാഫ് കൾച്ചറൽ കോഓർഡിനേറ്റർ വി സി മനോജ്, രഞ്ജിത്ത് കോടോത്ത്, സനീഷ് കുമാർ, ജോൺസൻ മാത്യു, അബ്ദുൽ സത്താർ തുടങ്ങിയവരും മുഖ്യ പ്രായോജകരായ ടെൻ എക്സ് പ്രോപ്പർട്ടി സിഇഒ സുകേഷ് ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. 

ackaf onam sharjah-3

സമൂഹത്തിൽ വിജയ പതാക നാട്ടിയ പ്രശസ്ത ബിസിനസ് വ്യക്തിത്വങ്ങളുടെ വിജയത്തിന് എന്നും കരുത്തും പ്രചോദനവും നൽകുന്ന സ്ത്രീ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും അവരെ അനുമോദിക്കുകയും ചെയ്തു. ശോഭ ലിമിറ്റഡിന്റെ സ്ഥാപകൻ പി.എൻ.സി മേനോന്റെ ഭാര്യ ശോഭ മേനോൻ, കെഇഎഫ് ഹോൾഡിങ്‌സ് സ്ഥാപകൻ ഫൈസൽ കൊട്ടികൊള്ളോന്റെ ഭാര്യ ഷബാന ഫൈസൽ എന്നിവരെ അക്കാഫ് ആദരിച്ചു. 

അക്കാഫ് ഗ്ലോബൽ സ്റ്റാർസ് മത്സരത്തിന്റെ ഫൈനൽ റൗണ്ടുകൾ പൂർത്തിയാക്കി വിജയികൾക്ക് ക്യാഷ് പ്രൈസും മെമന്റോയും നൽകി. പ്രശസ്ത മലയാള സിനിമ താരം ഹണി റോസിന്റെ സാന്നിധ്യം

സദസ്സിന് ഹരം പകർന്നു. 

ഹിറ്റ് എഫ്എം ആർജെ മിഥുൻ രമേശ് പരിപാടികൾ നിയന്ത്രിച്ചു. ഹിറ്റ് എഫ്എം ആർജെമാരായ പ്രമുഖ മലയാള സിനിമ താരം നൈല ഉഷ, അർഫാസ്, നിമ്മി തുടങ്ങിയവരും പരിപാടികളിൽ സംബന്ധിച്ചു. എന്നാ താൻ കേസ് കൊട് എന്ന ഒറ്റ സിനിമയോടെ പ്രശസ്തനായ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്ററെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു. 

ackaf onam sharjah-5

ആറായിരത്തിലധികം പേർക്ക് ഓണ സദ്യ വിളമ്പി. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും കീ ബോർഡ് മാന്ത്രികൻ പ്രകാശ് ഉള്ളിയേരിയും  ചേർന്ന് കേരളത്തിന് പുറത്തുള്ള ആദ്യാവതരണം നടത്തിയ ത്രികായ ബാൻഡ് കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. അനൂപ് ശങ്കറും മൃദുല വാരിയറും ചേർന്നവതരിപ്പിച്ച ഗാന സന്ധ്യ ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു.  

കലാഭവൻ മണികണ്ഠന്റെ നാടൻ പാട്ടും ഹാസ്യ വിരുന്നും കാണികൾ ഏറ്റെടുത്തു. വിവിധ കോളേജ് അലുംനികൾ വാശിയോടെ പങ്കെടുത്ത വർണ്ണ ശബളമായ ഘോഷയാത്ര വേദിയെ ഹരം കൊള്ളിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുടെ ചിത്രങ്ങൾ പൂവിൽ തീർത്താണ് അക്കാഫ് യുഎഇയോടുള്ള ആദരവ് പ്രകടമാക്കിയത്. 

രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരിപാടികൾ രാത്രി പത്തു മണിവരെ നിറഞ്ഞ വൈവിധ്യമാർന്ന  സദസ്സിന്റെ സാന്നിധ്യം അഭൂതപൂർവമായിരുന്നു എന്ന് മീഡിയ കോർഡിനേറ്റർ സിന്ധു ജയറാം, കൺവീനർ ഉമർ ഫറൂക്ക് എന്നിവർ അറിയിച്ചു.

Advertisment