Advertisment

സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് 6 വര്‍ഷം ജയില്‍ ശിക്ഷ; അപകടമുണ്ടായത് ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം; പ്രതി ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക്

ഇരയ്ക്ക് ഭയങ്കരമായ പരിക്കുകള്‍ ഉണ്ടായിട്ടുണ്ടാകണം എന്ന് മനസ്സിലായിട്ടും പ്രതിയുടെ ചിന്തകള്‍ അയാളെയും അയാളുടെ കാറിനെയും കുറിച്ച് മാത്രമായിരുന്നുവെന്നും ജഡ്ജി വിലയിരുത്തി

author-image
റോമി കുര്യാക്കോസ്
Updated On
New Update
sharon abraham

യു കെ: അമിതാവേഗവും അപകടകരമായ ഡ്രൈവിംഗും മൂലം വയോധികനായ കാൽനടയാത്രക്കാരന്റെ മരണത്തിനിടയാക്കിയ യു കെയിലെ മലയാളി വിദ്യാര്‍ത്ഥിക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച മലയാളി വിദ്യാർത്ഥി ഷാരോണ്‍ എബ്രഹാം ( 27) - നെയാണ് ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കും ഏർപ്പെടുത്തിക്കൊണ്ട് ലൂയിസ് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. 

Advertisment

കഴിഞ്ഞ വർഷം ജൂലൈ 26 - ന്, ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഷാരോണ്‍ ഓടിച്ചിരുന്ന ലെക്‌സസ് കാര്‍ 75 - കാരനായ ആന്‍ഡ്രൂ ഫോറസ്റ്റിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.  നിയന്ത്രിത വേഗത പരിധി പാലിക്കാതെ ഓടിച്ച വാഹനം അപ്പോൾ 52 മൈല്‍ (83.6 കിലോമീറ്റര്‍) വേഗതയിലായിരുന്നു. 

അപകടം സംഭവിച്ച ഉടനെ സംഭവസ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ ഷാരോണ്‍, പിന്നീട് തന്റെ വാഹനത്തിന്റെ കേടുപാടുകള്‍ മറയ്ക്കാന്‍ കാറിന് ഒരു കവര്‍ വാങ്ങി ഇട്ടു. കേസ് വിചാരണയ്ക്ക് പോയിരുന്നെങ്കില്‍ ഒമ്പത് വര്‍ഷം തടവ് അനുഭവിക്കണമായിരുന്ന, ഷാരോണ്‍ കേസില്‍ ആദ്യം തന്നെ  കുറ്റസമ്മതം നടത്തിയതിനാല്‍ ശിക്ഷാ കാലവധി 6 വര്‍ഷമായി കുറയുകയായിരുന്നു. എട്ടു വര്‍ഷത്തെ വിലക്കിന് ശേഷം ഷാരോണ്‍ എബ്രഹാമിന് വീണ്ടും ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഒരു വിപുലമായ റീ - ടെസ്റ്റിനു വിധേയനാക്കേണ്ടി വരും.

ടെസ്റ്റ് പാസായ ദിവസം വൈകിട്ട്  ഏകദേശം 7.45 ന് വോക്കിംഗ് കോളേജിലെ മുന്‍ ചരിത്ര മേധാവിയായ ഫോറസ്റ്റിനെയാണ് ഷാരോണിന്റെ കാര്‍ ഇടിച്ചിട്ടത്. കൂട്ടിയിടി നടന്ന് 16 മണിക്കൂറിന് ശേഷമാണ് ഷാരോണ്‍ എബ്രഹാമിനെ പിടികൂടിയത്. 

അപകടത്തിന് ശേഷം ഷാരോണ്‍ എബ്രഹാം തന്റെ മൊബൈല്‍ ഫോണില്‍ 'ഹിറ്റ് ആന്‍ഡ് റണ്‍ കൊളിഷന്‍ യുകെ നിയമം' തിരഞ്ഞതായി പോലീസ് കണ്ടെത്തിയത് കേസിൽ വഴിതിരിവായി. 30 MPH സോണില്‍ 45 MPH - നും 52 MPH -നും ഇടയില്‍ പ്രതി ഡ്രൈവ് ചെയ്തതായാണ് കണക്കാക്കുന്നത്.

കേസ് അന്വേഷിച്ച സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെയും റോഡ്സ് പോലീസിംഗ് യൂണിറ്റിലെയും ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ സിസിടിവി ഫുട്ടേജുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ അമിത വേഗതയില്‍ വാഹനമോടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട പ്രതി, അപകടം തന്റെ തെറ്റല്ലെന്ന് ഉറപ്പുണ്ടെന്നും അവകാശപ്പെട്ടു. എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന മറ്റൊരു വാഹനം സീബ്രാ ക്രോസിംഗില്‍ കൊല്ലപ്പെട്ട ഫോറസ്റ്റിനെ കടത്തിവിടാന്‍ കൃത്യമായി നിര്‍ത്തിയിരുന്നു.

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് കാണിക്കുന്നത് ഷാരോണ്‍ അമിത വേഗതയിലായിരുന്നു എന്നാണ്. ഷാരോണ്‍ എബ്രഹാം നിര്‍ദ്ദിഷ്ട വേഗപരിധിയിലായിരുന്നെങ്കില്‍ കൂട്ടിയിടി ഉണ്ടാകുമായിരുന്നില്ല എന്ന വാദമാണ് കോടതി അംഗീകരിച്ചത്. ഇരയ്ക്ക് ഭയങ്കരമായ പരിക്കുകള്‍ ഉണ്ടായിട്ടുണ്ടാകണം എന്ന് മനസ്സിലായിട്ടും പ്രതിയുടെ ചിന്തകള്‍ അയാളെയും അയാളുടെ കാറിനെയും കുറിച്ച് മാത്രമായിരുന്നുവെന്നും ജഡ്ജി വിലയിരുത്തി.

Advertisment