Advertisment

വിൽഷെയർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വിൻഡൻ ഡിനറി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഈ വര്‍ഷത്തെ ഓണാഘോഷം 'ശ്രാവണം 2023' സംഘടിപ്പിച്ചു

New Update
Wiltshire Malayali Association Onam celebration

യുകെ: വിൽഷെയർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വിൻഡൻ ഡിനറി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഈ വര്‍ഷത്തെ ഓണാഘോഷം 'ശ്രാവണം 2023' സംഘടിപ്പിച്ചു. വിൽഷെയർ മലയാളികളായിട്ടുള്ള തദ്ദേശീയരും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായ നിരവധി മലയാളികൾ ആഘോഷപരിപാടിയിൽ സന്നിഹിതരായി. 

Advertisment

ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ കലാകാരന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീത നൃത്ത, നാട്യ കലാമേളകളും ഓണാഘോഷത്തോടനുബന്ധിച്ചു കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത നിരവധി ഓണക്കളികളും, അത്യന്തം വാശിയേറിയ വടംവലി മത്സരവും വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന് മിഴിവേകി.

Wiltshire Malayali Association Onam celebration-2

ശനിയാഴ്ച , സെപ്റ്റംബർ 9 -ാം തിയതി രാവിലെ 9 മണിക് പൂക്കള മത്സരതൊടെ ആരംഭിച്ച ഓണാഘോഷ പരിപാടികളിൽ അസോസിയേഷന്റെ വിവിധ ഏരിയകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുകയുണ്ടായി. ഉച്ചക്ക് കൃത്യം 12 മണിക് മമ്മൂസ് കാറ്ററിംഗ് ഒരുക്കിയ ഓണസദ്യയും പിന്നീട് 2:30 മണിയോടുകൂടി പൊതുസമ്മേളനവും ഉത്‌ഘാടനവും തുടർന്ന് സാംസ്‌കാരിക കലാമേളയും അരങ്ങേറി. 

അസോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിച്ചു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും സ്ഫുരിക്കുന്ന ദീപ്തമയ ചിന്തകൾ എന്നും മനസിലും പ്രവർത്തിയിലും ഉണ്ടാകട്ടെയെന്നും എല്ലാവര്ക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ടും പ്രദീഷ് ഫിലിപ്പ് ഏവരെയും ഓണാഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ഡബ്ല്യുഎംഎ കമ്മറ്റി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഓണാഘോഷപരിപാടിയുടെ നടത്തിപ്പിന് പിന്നിലെന്നും സെക്രട്ടറി സംസാരിച്ചു.

Wiltshire Malayali Association Onam celebration-3

തുടർന്ന് മഹാബലി തമ്പുരാനെ സ്വിൻഡൻ സ്റ്റാർ ചെണ്ടമേളത്തിന്റെയും പുലികളുയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.

വിൽഷെയർ മലയാളീ അസോസിയയേഷൻ യുകെയിലെ തന്നെ ഏറ്റവും വലിയ സംഘടനയിൽ ഒന്നാണെന്നും, മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സമൂഹ്യമായ ഏകീകരണത്തിന് ജാതി - മത - വർണ്ണ - വർഗ്ഗ - രാഷ്ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ജന പിന്തുണയും സ്വീകാര്യതയും വിളിച്ചരിക്കുന്നതാണ് ഈ ഈ ഓണാഘോഷ പരിപാടി ആസ്വദിക്കാൻ ഇവിടെ എത്തിയ വലിയ ജനസഞ്ചയം എന്ന് ഉൽഘാടനം ചെയ്തുകൊണ്ട് വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡണ്ട് പ്രിൻസ്‌മോൻ മാത്യു സംസാരിച്ചു. 

Wiltshire Malayali Association Onam celebration-4

അസോസിയേഷന്റെ ഇരുപത് വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ഒരു സുവനീർ പുറത്തിറക്കാനുള്ള അണിയറപ്രവർത്തനത്തിന്റെ ഭാഗമായി സുവനീർ കമ്മിറ്റി രൂപീകരിച്ചെന്നും അതിന്റെ ചീഫ് എഡിറ്റർ ആയി ജെയ്‌മോൻ ചാക്കോയെ ഡബ്ല്യുഎംഎ കമ്മറ്റി നിയമിച്ചതായും ട്രെഷറർ സജി മാത്യു ഓണാഘോഷ ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു.

തുടർന്ന് സുവനീറിന്റെ പ്രവർത്തനത്തെക്കുറിച്ചും സുവനീർ കമ്മറ്റിയിലെ ആളുകളെ പരിചയപ്പെടുത്തിയും 2024 ഓണാഘോഷത്തോടൊപ്പം സുവനീർ പ്രകാശനം ചെയ്യപ്പെടുമെന്നും ചീഫ് എഡിറ്റർ ജെയ്‌മോൻ ചാക്കോ സംസാരിച്ചു. അതിനുശേഷം ഈവർഷത്തെ സ്പോർട്സ് എവറോളിങ് ട്രോഫികൾ വിതരണം ചെയ്തു. തുടർന്ന് വിധയിനം കലാപരിപാടികൾ അരങ്ങേറി.

Wiltshire Malayali Association Onam celebration-5

ഓണപ്പാട്ട് പാടിക്കൊണ്ടും രംഗപൂജ ചെയ്തുകൊണ്ടും ഓണാഘോഷ കലാമേളയ്ക്ക് തുടക്കം കുറിച്ചു. മഹത്തായ ഒരു പാരമ്പര്യവും, സാംസ്‌കാരിക പൈതൃകവും ഇഴകലർത്തി നൂറോളം കലാകാരന്മാരും കലാകാരികളും ചേർന്നവതരിപ്പിച്ച "കേരളീയം" എന്ന പരിപാടി വേദിയിൽ നിറകൈയ്യടികളോടെയാണ് ജനം വരവേറ്റത്.

അതിനെ തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത 20 ഓളം സംഘനൃത്തങ്ങളും തിരുവതിര, കൈകൊട്ടിക്കളി തുടങ്ങിയ സാംസ്കാരികതയെ വിളിച്ചോതുന്ന തനത് നൃത്ത ശില്പങ്ങളും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിച്ച നിരവധി ഗായകരും ബാൻഡുകാരും കവിതകളും പരിപാടികളെ ഉന്നത നിലവാരം പുലർത്തുന്നതാക്കിമാറ്റി.

Wiltshire Malayali Association Onam celebration-6

ശ്രാവണം, 2023നെ ഏറ്റവും മികവുറ്റതാക്കാൻ പ്രവർത്തിച്ച പ്രോഗ്രാം കോർഡിനേറ്റർസ്, മെൽവിൻ മാത്യു, ഷൈൻ അരുൺ, ജെസ്‌ലിൻ മാത്യു & അഞ്ജന സുജിത് എന്നിവർ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകർ ജയേഷ് കുമാറും ഡോൽജി പോളും മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. സോണി കാച്ചപ്പിള്ളിയുടെ ശബ്ദവും വെളിച്ചവും കൃത്യതയും സമയനിഷ്ഠയും ഇത്തവണത്തെ ഓണാഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീർത്തു.

ഡബ്ല്യുഎംഎയുടെ മുഖ്യ സ്പോൺസർ ആയ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡ് നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകുകയുണ്ടായി. ഡബ്ല്യുഎംഎ ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി.

Wiltshire Malayali Association Onam celebration-7`

ഡബ്ല്യുഎംഎ ഓണാഘോഷത്തോടനുബന്ധിച്ചു ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫി പരിപാടിയിൽ പങ്കെടുത്ത ആളുകളുടെ സുന്ദര നിമിഷങ്ങൾ ഒപ്പിയെടുത്തു ഫ്രെയിം ചെയ്ത് മിതമായനിരക്കിൽ നല്‍കി. പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ജോയിന്റ് ട്രഷറർ ജെയ്‌മോൻ ചാക്കോ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.

Advertisment