Advertisment

ഗൃഹാതുരതയുണർത്തിയ തനി നാടൻ ഓണസദ്യ; വാശിയേറിയ വടംവലി മത്സരം; വർണ്ണ ശബളിമയാർന്ന കലാപരിപാടികൾ; സാലിസ്ബറി മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രൗഢോജ്ജ്വലമായി

New Update
sma uk

സാലിസ്ബറി: കേരളത്തിലെ പരമ്പരാഗതമായ ഓണസദ്യകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഗൃഹാതുരതയുണർത്തിയ തനി നാടൻ രുചികൂട്ടുകളിൽ എസ്എംഎ അംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും പുരുഷന്മാരുടെയും സ്ത്രീകളുടെയും വാശിയേറിയ വടംവലി മത്സരവും കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികളും ഒത്തുചേർന്നപ്പോൾ സാലിസ്ബറി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം പ്രൗഢോജ്വലമായി.

Advertisment

sma uk-2

എസ്എംഎയുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി കൂടുതൽ ആളുകൾ താല്പര്യമറിയിച്ചതുകൊണ്ട് ഇക്കുറിയും സാലിസ്ബറി ടിന്റൻ വില്ലേജ് ഹാളിലാണ് ഇത്തവണത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചത്. പൂക്കളമി ട്ടതിന് ശേഷം രാവിലെ 11 മണിയോടെ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന വിനോദ-കായിക മത്സരങ്ങളും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരവും ഏവർക്കും ആവേശം പകർന്നു.

sma uk-3

തുടർന്നു നടന്ന പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ തനി നാടൻ ഓണസദ്യ എല്ലാവരിലും ഗ്രഹാതുരതയുണർത്തി. എസ്എംഎ രക്ഷാധികാരി ജോസ് കെ ആന്റണിയുടെയും സജീഷ് കുഞ്ചറിയയുടെയും മറ്റ് അസോസിയേഷൻ അംഗങ്ങളുടെയും നേതൃത്വത്തിലാണ് നാടൻ രുചിക്കൂട്ടുകളുടെ കലവറ തീർത്ത ഓണസദ്യ ഒരുക്കിയത്.

sma uk-6

സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് ശേഷം കുട്ടികൾ രണ്ടു വശങ്ങളിലായി അണിനിരന്ന് അസോസിയേഷൻ ഭാരവാഹികളുടെയും വിശിഷ്ടാതിഥികളുടെയും പുലിക്കളി കലാകാരന്മാരുടെയും അകമ്പടിയോടെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന്  ആർപ്പുവിളികളോടെയാണ് മാവേലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചത്.

sma uk-7

എസ്എംഎ പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലോകകേരള സഭാംഗവും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കേരള സർക്കാരിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി.എ ജോസഫ് എസ്എംഎയുടെ ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.

sma uk-

എസ്എംഎ രക്ഷാധികാരി ജോസ് കെ ആന്റണി, യുക്മ സൗത്ത് വെസ്റ്റ് റീജണൽ പ്രസിഡണ്ടും എസ്എംഎ സെക്രട്ടറിയുമായ സുജു ജോസഫ്, എന്നിവർ ആശംസകൾ നേർന്നു. എസ്എംഎ രക്ഷാധികാരി ജോസ് കെ ആൻറണി, പ്രസിഡന്റ് ജോബിൻ ജോൺ, സെക്രട്ടറി സുജു ജോസഫ്, ട്രഷറർ ജെയ്‌വിൻ ജോർജ് എന്നിവർ ചേർന്ന് മുഖ്യാതിഥിയായി എത്തിയ സി.എ ജോസഫിനെ പൊന്നാട അണിയിച്ച് എസ്എംഎയുടെ സ്നേഹാദരവും നൽകി.

sma uk-9

യൂണിവേഴ്‌സിറ്റി, എ ലെവൽ, ജിസിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ വിജയികളായവരെയും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ മേഴ്‌സി സജീഷ്  സ്വാഗതവും ട്രഷറർ ജെയ്‌വിൻ ജോർജ് കൃതജ്ഞതയും അർപ്പിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി എസ്എംഎയുടെ കലാപ്രതിഭകളായ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവുപുലർത്തി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച പുതുമയാർന്ന നൃത്തങ്ങളും ഗാനാലാപനങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും കാണികളുടെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങി.

sma uk-10

മുഴുവൻ പരിപാടികളുടെയും അവതാരകരായി എത്തിയ മേഴ്സി സജീഷ്, നിധി ജയ്‌വിൻ, സിൽവി ജോസ്, ആൻ മേരി സന്ദീപ് എന്നിവർ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. രാത്രി എട്ടുമണിയോടെ പരിപാടികൾക്ക് പരിസമാപ്തിയായി. എസ്എംഎയുടെ  ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

-സുജു ജോസഫ് (പിആർഒ)

Advertisment