Advertisment

ഒപ്പം താമസിക്കുന്ന സ്ത്രീയെ പരിക്കേല്‍പിച്ചു; സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനം കൊണ്ട് ഇടിപ്പിക്കാനും ശ്രമം ! പിന്നാലെ വെടിയുതിര്‍ത്ത് പൊലീസ്; യുഎസില്‍ ഇന്ത്യക്കാരന്‍ മരിച്ചു

സച്ചിൻ സാഹൂ എന്നയാളാണ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ രണ്ട് ഉദ്യോഗസ്ഥരെ സാഹു വാഹനം കൊണ്ട് ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് വെടിവച്ചത്

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
us police

ന്യൂയോർക്ക്: സാൻ അൻ്റോണിയോയിൽ 42 കാരനായ ഇന്ത്യൻ വംശജനെ പൊലീസ് വെടിവച്ചു കൊന്നു. സച്ചിൻ സാഹൂ എന്നയാളാണ് മരിച്ചത്. ഒരു ആക്രമണ കേസില്‍ സച്ചിന്‍ സാഹൂവിനെ പിടികൂടാനാണ് പൊലീസ് എത്തിയത്. എന്നാല്‍ രണ്ട് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിക്കാന്‍ സച്ചിന്‍ ശ്രമിച്ചെന്നും, പിന്നാലെയാണ് വെടിവച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഏപ്രിൽ 21 നാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളാണ് സാഹു. 

Advertisment

മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ സാൻ അൻ്റോണിയോയിലെ ഷെവിയോറ്റ് ഹൈറ്റ്‌സിലെ ഒരു വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്ന്‌ സാൻ അൻ്റോണിയോ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

51 വയസ്സുള്ള ഒരു സ്ത്രീയെ മനഃപൂർവം വാഹനം കൊണ്ട് ഇടിച്ചതായി അവിടെയെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പൊലീസ് എത്തിയപ്പോഴേക്കും സാഹു സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് പരിക്കേറ്റയാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ സാഹുവിനെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സാഹു സ്ഥലത്തേക്ക് മടങ്ങിയതായി സമീപവാസികള്‍ പൊലീസിനെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ രണ്ട് ഉദ്യോഗസ്ഥരെ സാഹു വാഹനം കൊണ്ട് ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് വെടിവച്ചത്.

ഒപ്പം താമസിക്കുന്ന ആയിരുന്ന സ്ത്രീയെ സാഹു തൻ്റെ വാഹനം കൊണ്ട് ഇടിച്ചെന്ന്‌ പൊലീസ് മേധാവി ബിൽ മക്മാനസ് പറഞ്ഞു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. സാഹുവിന് ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തിയതായി സാഹുവിൻ്റെ മുൻ ഭാര്യ ലിയ ഗോൾഡ്‌സ്റ്റീനെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment