Advertisment

ഹ്യൂസ്റ്റണില്‍ നവംബര്‍ 23, 24, 25 തീയതികളില്‍ നടക്കുന്ന കെഎച്ച്എൻഎ കൺവെൻഷൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി വിവേക് രാമസ്വാമി ഉത്ഘാടനം ചെയ്യും

New Update
khna convension huston

ഹ്യൂസ്റ്റൺ: വരുന്ന നവംബർ 23, 24, 25 തീയതികളിൽ ഹ്യൂസ്റ്റണിൽ ഹിൽട്ടൺ അമേരിക്കാസിൽ നടക്കുന്ന കെഎച്ച്എൻഎ കൺവെൻഷൻ താരനിബിഡമായിരിക്കും. കേരളത്തിൽ വേരുകളുള്ള അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി വിവേക് രാമസ്വാമി കൺവെൻഷൻ ഉത്ഘാടനം ചെയ്യും. 

Advertisment

മിസോറി സിറ്റിയിലെ അപ്‌നാബസാർ ഓഡിറ്റോറിയത്തിൽ കെഎച്ച്എൻഎ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജി.കെ പിള്ളയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ജി.കെയോടൊപ്പം കൺവെൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള, കൺവീനർ അശോകൻ കേശവൻ, മീഡിയ ചെയർ അനിൽ ആറന്മുള, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ സോമരാജൻ നായർ, ഡയറക്ടർ ബോർഡ് അംഗം ഡോ. ബിജു പിള്ള എന്നിവരും സന്നിഹിതരായിരുന്നു.

സനാതന ധർമത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു ഹിന്ദുവാണ് താൻ എന്നാൽ മറ്റു മതങ്ങളോട് ബഹുമാനം മാത്രമേയുള്ളു എന്ന് സധൈര്യം പ്രഖ്യാപിച്ച വിവേക് രാമസ്വാമി തന്നെയാണ് എന്തുകൊണ്ടും അമേരിക്കയിൽ നടക്കുന്ന ഈ കൺവെൻഷൻ ഉത്ഘാടനം ചെയ്യാൻ യോഗ്യൻ എന്ന് ഒരു ചോദ്യത്തിനുത്തരമായി ജികെ പിള്ള പറഞ്ഞു. തന്നെയുമല്ല "സത്യം വദ ധർമ്മം ചര" (സത്യം പറയുക ധർമ്മം പ്രവർത്തിക്കുക) എന്നതായിരിക്കും തൻറെ രാഷ്ട്രീയ വാക്യം എന്നും വിവേക് പ്രഖ്യാപിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെഎച്ച്എൻഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയതും പൊലിമയാർന്നതുമായ കൺവെൻഷൻ ആയിരിക്കും നവംബറിൽ നടക്കുന്നത് എന്ന് കൺവെൻഷൻ ചെയർ ഡോ. രഞ്ജിത് പിള്ള പറഞ്ഞു. ആദ്ധ്യാത്‌മിക ഗുരുക്കന്മാരായ സ്വാമി ചിദാനന്ദപുരി, ശിവഗിരി മഠം പ്രസിഡണ്ട് സച്ചിദാന്ദ സ്വാമികൾ, ചേങ്കോട്ടുകോണം മഠതിപതി ശ്രീശക്തി ശാന്താനന്ദ മഹർഷി എന്നിവർ സമ്മേളത്തിന് നേതൃത്വംനല്കും. 

ചന്ദ്രയാനിലൂടെ ഭാരതത്തിൻറെ അഭിമാനം സൗരയൂഥങ്ങൾക്കുമപ്പുറം എത്തിച്ച ഡോ. സോമനാഥ് പ്രത്യേക അതിഥിയായിരിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, ചലച്ചിത്ര തരാം സുരേഷ് ഗോപി, മലയാള ഗാന  സാമ്രാട്ട് ശ്രീകുമാരൻ തമ്പി, തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി പാർവതിഭായി, ചലച്ചിത്ര താരം ആർ മാധവൻ, പ്രജ്ഞ പ്രവാഹ്‌ ദേശീയ കൺവീനർ ജെ നന്ദകുമാർ, സൂര്യ കൃഷ്ണമൂർത്തി സിനിമ താരങ്ങളായ നരേൻ, ആശാ ശരത്, പദ്‌മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, രചന നാരായണൻകുട്ടി, പ്രിയങ്ക നായർ, ദേവനന്ദ (മാളികപ്പുറം),  മുതിർന്ന പത്രപ്രവർത്തകൻ പി ശ്രീകുമാർ (ജന്മഭൂമി), മേളവിദഗ്ദ്ധൻ കലാമണ്ഡലം ശിവദാസ്, തിരക്കഥാകൃത്ത് സുനീഷ് വരനാട് എന്നിവരായിരിക്കും അതിഥികളായി എത്തുക. 

കെഎച്ച്എൻഎയുടെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഭരണ സമിതി ചെയ്ത വിപ്ലവകരമായ കാര്യങ്ങളിലെക്കും രഞ്ജിത്ത് പത്രപ്രവർത്തകരുടെ ശ്രദ്ധ ക്ഷണിച്ചു. ഇരുന്നൂറ്റി തൊണ്ണൂറ്റി രണ്ട്‌ നിർധനരായ അമ്മമാർക്ക് മാസം ആയിരം രൂപവീതം കേരളത്തിൽ നൽകിക്കൊണ്ടിരിക്കുന്ന അമ്മക്കൈനീട്ടം പദ്ധതി. അതുപോലെ കേരളത്തിലെ നൂറിലധികം കുട്ടികൾക്ക് ഈവർഷം വിദ്യാഭ്യാസ സഹായ സ്കോളർഷിപ്പുകൾ വിതരണം  ചെയ്തു. ഇത് കെഎച്ച്എൻഎ വര്‍ഷങ്ങളായി ചെയ്തുവരുന്നതാണ്. 

പുതുതായി രൂപീകരിച്ച എച്ച് കോർ (ഹിന്ദു കോർ) പദ്ധതിപ്രകാരം അമേരിക്കയിലുള്ള യുവാക്കൾക്ക് വിദ്യാഭ്യാസത്തിനും തുടർവിദ്യാഭ്യാസത്തിനും നല്ല ജോലികൾ ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കും വിധം പരിശീലനം നൽകാനും ജോലികൾ കണ്ടെത്തിക്കൊടുക്കാനും സ്വന്തം സംരംഭങ്ങൾ തുടങ്ങുന്നതിനും സഹായിക്കുന്നുണ്ട് എന്ന് എച്ച് കോർ ചെയർപേഴ്സൺ ഡോ. ബിജു പിള്ള വിശദീകരിച്ചു. 

കുടുംബങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്കായി സഹായത്തിനു സ്വസ്തി സമിതി രൂപീകരിച്ചിട്ടുള്ളതായി സോമരാജൻ നായർ അറിയിച്ചു. 

ചാരിറ്റിക്കുവേണ്ടി രൂപീകരിച്ചിട്ടുള്ള സേവാ സമിതിയെക്കുറിച്ചു അശോകൻ കേശവൻ വിശദീകരിച്ചു. 

നവംബർ ഇരുപത്തിമൂന്നിനു പുലർച്ചെ മീനാക്ഷി ക്ഷേത്രത്തിൽ ആറ്റുകാൽ തന്ത്രി തെക്കേടത് കുഴിക്കാട്ടിൽ ഇല്ലത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പണ്ടാര അടുപ്പിൽ തീ പകർന്ന് ആരംഭിക്കുന്ന മുന്നൂറോളം സ്ത്രീകൾ പങ്കെടുക്കുന്ന  പൊങ്കാല ഉത്സവത്തോടെയായിരിക്കും കൺവെൻഷൻ തുടക്കം. ഒപ്പം രണ്ടുവർഷമായി നടന്നുവരുന്ന "മൈഥിലി മാ" എന്ന തൊണ്ണൂറോളം അമ്മമാരുടെ സഹശ്ര നാമജപ യജ്ഞം ഒരുകോടി തികക്കുന്ന ചടങ്ങും മീനാക്ഷി ക്ഷേത്രത്തിൽ നടക്കും. 

വൈകുന്നേരം ഡൌൺ ടൗണിൽ നടക്കുന്ന വർണശബളമായ ക്ഷേത്ര വിളംബര ഘോഷയാത്രയോടെ ഉത്ഘാടന ചടങ്ങുകൾ ആരംഭിക്കും. ശോഭായാത്രയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ഘോഷയാത്രയിലുണ്ടാവും. 

കൺവെൻഷനിൽ അരങ്ങേറുന്ന പരിപാടികളിൽ പ്രമുഖമായത് ബാങ്കെറ്റ് നൈറ്റിൽ നടക്കുന്ന സൂര്യാ ഫെസ്റ്റിവൽ, ആർ മാധവൻ നയിക്കുന്ന നൂറ്റി ഇരുപതോളം വനിതകൾ പങ്കെടുക്കുന്ന ജാനകി എന്ന പരിപാടിയും ആയിരിക്കും. ഭാരത ചരിത്രത്തിലെ സ്ത്രീരത്നങ്ങളെ അവരുടെ വേഷവിധാനമായിരുന്ന സാരിയിൽ അവതരിപ്പിക്കുന്ന നൂതന പരിപാടിയായിരിക്കും ജാനകി. ഇതിനായി കൈതപ്രം എഴുതി ഈണം നൽകിയ ഒൻപതു ഗാനങ്ങളാണ് മുഖ്യ ആകർഷണം. ആർ മാധവനാണ് ഷോ സംവിധാനം ചെയ്യുന്നത്. 

തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി ഡോ. സോമനാഥ്, ഡോ. നമ്പി നാരായണൻ എന്നിവരുമായി ശാസ്ത്രലോകം ഇന്ന് എന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. യൂത്ത്, യുവ എന്നിവയിലൂടെ ചെറുപ്പക്കാർക്കായി അവർതന്നെ ബാസ്കറ്റ് ബോൾ, ഡീജെ ഉൾപ്പടെയുള്ള പരിപാടികൾ ഒരുക്കുന്നുണ്ട്. കുട്ടികൾക്കായി പരസ്പരം കാണാനും അറിയാനുമുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട്. 

യുവയിലും മംഗല്യ സൂത്ര എന്ന പരിപാടിയിലൂടെയും.  കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കുന്ന കലോത്സവം നടക്കുന്നുണ്ട്. കൂടാതെ പകൽപ്പൂരം ഉൾപ്പടെയുള്ള പരിപാടികളെക്കുറിച്ചു അനിൽ ആറന്മുള വിശദീകരിച്ചു. കൺവെൻഷനുള്ള രേജിസ്ട്രേഷൻ ധൃതഗതിയിൽ പുരോഗമിക്കുന്നതായും ഒക്ടോബർ മധ്യത്തോടെ അവസാനിക്കുമെന്നും ജി.കെ പിള്ള പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാൻ വെബ്സൈറ്റിലോ രഞ്ജിത് പിള്ളയുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. 

റിപ്പോര്‍ട്ട്: ജീമോൻ റാന്നി 

Advertisment