Advertisment

കരിയറില്‍ പരാജയങ്ങള്‍ വന്നപ്പോള്‍ ലാല്‍ നല്‍കിയ ഉപദേശം വഴിത്തിരിവായി; 'കിലുക്ക'ത്തിന് പിന്നിലെ കഥ പറഞ്ഞ് പ്രിയദര്‍ശന്‍

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇവര്‍ ഒരുമിച്ച സിനിമകളെല്ലാം ഹിറ്റുകള്‍. പ്രിയദര്‍ശന്‍ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ആരാധകരുടെ മനസില്‍ ഇന്നും നിറഞ്ഞു നില്ക്കുന്നവയാണ്. പ്രിയദര്‍ശന്റെ കുടുംബജീവിതത്തിലും കരിയറിലും താളപ്പിഴകള്‍ ഉണ്ടായപ്പോള്‍ രക്ഷയ്ക്കെത്തിയത് ലാല്‍ ആയിരുന്നു. അത്തരത്തില്‍ തന്റെ ജീവിതത്തില്‍ വഴിത്തിരിവായ സംഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് പ്രിയന്‍.

Advertisment

publive-image

മോഹന്‍ലാലുമായി തനിക്ക് വല്ലാത്തൊരു ആത്മബന്ധമാണ്. കഴിഞ്ഞ 34 വര്‍ഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറില്‍ എനിക്ക് മോശം കാലം ഉണ്ടായിട്ടുണ്ട്. ലാല്‍ ആയിരുന്നു അക്കാലത്തെല്ലാം എന്റെ ഏറ്റവും വലിയ ബലം. എണ്‍പതുകളുടെ അവസാനം എനിക്കൊരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട് 150 ദിവസം ഓടി. തുടര്‍ന്നുവന്ന ആര്യന്‍ 200 ദിവസവും ചിത്രം 366 ദിവസവും തീയേറ്ററില്‍ കളിച്ചു.

പക്ഷേ അതിനുശേഷം വന്ന അക്കരെ അക്കരെ അക്കരെയും കടത്തനാടന്‍ അമ്പാടിയും ബോക്‌സ് ഓഫീസില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ലാല്‍ അക്കാലത്ത് എന്നോട് പറഞ്ഞു, അടുത്ത ആറ് മാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ടെന്ന്. അന്നത് കേട്ടപ്പോള്‍ ഒരു വിഷമം തോന്നിയെങ്കിലും ഞാന്‍ സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തു. അതിനുശേഷം ലാലുമൊത്ത് ചെയ്യുന്ന സിനിമയാണ് കിലുക്കം.

അന്ന് ലാല്‍ നല്‍കിയ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കില്‍,കിലുക്കം എന്ന സിനിമ തന്നെ ഉണ്ടാകില്ലായിരുന്നു. പിന്നീട് ലാലിനോട് എന്തിനാണ് അന്നങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ തുടര്‍ വിജയങ്ങള്‍ അമിത ആത്മവിശ്വാസത്തിലേക്ക് നയിക്കുമെന്നായിരുന്നു ലാല്‍ പറഞ്ഞത്.

Advertisment