Advertisment

കണ്ണൂരിന്‍റെ തിരുനെഞ്ചില്‍ കുത്തി, 'ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍' - വിവാദ പരമ്പരയെഴുതിയ ഉമ്മന്‍ചാണ്ടിയുടെ മുന്‍ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. അന്നത് ഞാനും വായിച്ചിരുന്നെന്ന്‍ ചെറിയാന്‍ ഫിലിപ്പ്, എന്നിട്ടും നിങ്ങളെങ്ങനെ കമ്മ്യൂണിസ്റ്റ് ആയെന്ന് ചെറിയാനോട് സോഷ്യല്‍ മീഡിയ

New Update

publive-image

Advertisment

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി ആര്‍ ഡി റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ പി ടി ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ .

മുന്‍പ് ദീപിക പത്രാധിപസമിതി അംഗമായിരിക്കെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പി ടി ചാക്കോ എഴുതിയ പരമ്പര 2000ല്‍ കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബിന്റെ കെ.സി. മാധവക്കുറുപ്പ്‌ അവാര്‍ഡിന് അര്‍ഹമായിരുന്നു.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന അലിഖിത പാര്‍ട്ടി നിയമങ്ങള്‍ ഒന്നൊന്നായി വരച്ചു കാട്ടി എഴുതിയ ലേഖനത്തിലെ പ്രധാന ചോദ്യം ' ഈ പ്രദേശം ജനാധിപത്യ കേരളത്തിന്റെ ഭാഗമാണോ ? ' എന്നായിരുന്നു.

വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച ഈ പരമ്പരയ്ക്ക് ശേഷം കണ്ണൂര്‍ കുറെ നാളുകളിലെങ്കിലും ശാന്തമായിരുന്നു. ഈ സാഹചര്യങ്ങള്‍ ഒരിക്കല്‍ കൂടി വരച്ചു കാട്ടുന്നതാണ് ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ .

ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീമൂലനഗരം മോഹന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറിപ്പിനോട് പ്രതികരിച്ചിട്ടുണ്ട് . ഞാന്‍ അന്നത് മുഴുവനായും വായിച്ചിരുന്നു എന്ന് മാത്രമാണ് ചെറിയാന്‍ ഫിലിപ്പിന്‍റെ കമന്റ് . അന്നദ്ദേഹം കോണ്‍ഗ്രസും ഇപ്പോള്‍ സിപിഎമ്മുമാണ്.

publive-image

പി ടി ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍

യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ടി. ജയകൃഷ്‌ണന്‍ മാഷ്‌ ക്ലാസ്‌ മുറിയില്‍ കുട്ടികളെുടെ മുമ്പാകെ കൊത്തിനുറുക്കപ്പെട്ടത്‌ 1999 ഡിസം. 1ന്‌. തുടര്‍ന്ന്‌ 6 പേര്‍കൂടി ആ ദിവസങ്ങളില്‍ കൊല്ലപ്പെട്ടു.

അന്നു ഞാന്‍ ദീപികയില്‍ പത്രാധിപസമിതിയംഗം. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തെക്കുറിച്ച്‌ പഠനപരമ്പര എഴുതാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. സംഘര്‍ഷഭരിതമായ കണ്ണീരില്‍ക്കൂടി ഒരാഴ്‌ചയോളം പര്യടനം നടത്തിയശേഷം 'ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍' എന്ന ലേഖന പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. അതില്‍ കടന്നുവന്ന ചില വ്യക്തികളും സംഭവങ്ങളും.

1) കിഴക്കേ കതിരൂരില്‍ അനില്‍. ബിജെപി പ്രവര്‍ത്തകനായ അനിലും കുടുംബവും രണ്ടു വര്‍ഷമായി ഒളിവിലാണ്‌. അനിലിന്റെ വീട്‌ ഇടിച്ചുനിരപ്പാക്കി അതില്‍ നട്ട ഒരു പട്ടടത്തെങ്ങ്‌ ഓലവിടര്‍ത്തി നില്‌ക്കുന്നു. ബിജെപിക്കാരുടെ സഹായത്തോടെ അനിലിന്റെ രഹസ്യസങ്കേതത്തിലേക്കു യാത്ര.

രാത്രി എട്ടുമണിക്ക്‌ എന്റെയും ഫോട്ടോഗ്രാഫര്‍ എംഎം തോമസിന്റെയും കണ്ണുകള്‍ മൂടിക്കെട്ടി വാഹനങ്ങള്‍ മാറി മൂന്നു മണിക്കൂര്‍ നീണ്ട യാത്ര. കാര്‍ യാത്ര കഴിഞ്ഞപ്പോഴാണ്‌ കണ്ണിലെ കെട്ടുമാറ്റിയത്‌. പിന്നീട്‌ ദുര്‍ഘടമായ വഴിയിലൂടെ ഇരുട്ടത്ത്‌ കുത്തനേ കയറ്റം. ഞങ്ങള്‍ ഒറ്റപ്പെട്ട വീടിന്റെ മുന്നില്‍ എത്തി.

publive-image

കൂടെയുള്ളവര്‍ ചില കോഡുകള്‍ ഉപയോഗിച്ച്‌ വിളിച്ചപ്പോള്‍, കതകിന്റെ പല പൂട്ടുകള്‍ എടുത്തുമാറ്റി അനില്‍ കയ്യിലൊരു മണ്ണെണ്ണ വിളക്കുമായി ഇറങ്ങിവന്നു. പിറകെ നിഴല്‍പോലെ അമ്മയും ഭാര്യയും കുഞ്ഞും. ഭയംകൊണ്ട്‌ പച്ചക്കൂമ്പാളപോലെ വെളുത്തുവിളറിയ അവരുടെ മുഖങ്ങള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്‌.

2) പുല്യോട്ട്‌ രയരോത്ത്‌ അനില്‍കുമാര്‍. തലശേരി സഹകരണ ആശുപത്രിയില്‍ വച്ചാണ്‌ അനിലിനെ കാണുന്നത്‌. സിപിഎം നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയില്‍ പാര്‍ട്ടിക്കാരുടെ കാവലില്‍ കഴിയുന്ന അനിലിന്റെ അടുത്തെത്തുക എളുപ്പമായിരുന്നില്ല. ബോംബു നിര്‍മാണത്തിടിയില്‍ കൈപ്പത്തി രണ്ടും തെറിച്ചുപോകുകയായിരുന്നു.

തെങ്ങിനു വട്ടംപിടിച്ചോ ഡസ്‌കില്‍ കിടന്നിട്ട്‌ അതിനു താഴെവച്ചോ ആണ്‌ ബോംബിന്റെ ഫ്യൂസ്‌ കണക്ട്‌ ചെയ്യുന്നത്‌. പൊട്ടിത്തെറിച്ചാലും കൈകളേ പോകൂ. അങ്ങനെ കണ്‌ക്ട്‌ ചെയ്‌തപ്പോള്‍ പൊട്ടിയാണ്‌ അനിലിന്റെ കൈകള്‍ തെറിച്ചുപോയത്‌. ആദ്യം കോഴിക്കോട്‌ മെഡിക്കല്‍ കോളജിലായിരുന്നു.

അവിടെ അര്‍ധ അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ ഒരു കൊതുക്‌ അനിലിന്റെ മൂക്കത്തിരുന്നു. അതിനെ ഓടിക്കാന്‍പോലുമാകാതെ തനിക്കു നിശ്ചലനായി കിടക്കേണ്ടി വന്നു എന്നു പറഞ്ഞപ്പോള്‍ അനിലിന്റെ കണ്ണില്‍ നിന്നു രണ്ടു തുള്ളി കണ്ണീര്‍ അടര്‍ന്നുവീണു.

3) എംവി രാഘവനെന്ന വര്‍ഗശത്രുവിനെ തോലിപ്‌ക്കാന്‍ കുരുതി കൊടുക്കപ്പെട്ട അഞ്ചു യുവാക്കളുടെ പാവനസ്‌മരണ ഉറങ്ങുന്ന കൂത്തുപറമ്പ്‌ രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന്‌ അധികം അകലെയല്ലാതെ ചൊക്ലി നോര്‍ത്ത്‌ പുതുക്കുടിയില്‍ ജീവിക്കുന്ന രക്തസാക്ഷിയാണ്‌ പുഷ്‌പന്‍.

കൂത്തുപറമ്പ്‌ വെടിവയ്‌പിനിടയില്‍ കഴുത്തിനു വെടിയേറ്റ്‌ ശരീരമാകെ തളര്‍ന്നുപോയ പുഷ്‌പന്‍. കിടന്നുകിടന്നു പുഷ്‌പന്‍ ചെറുതായി ചെറുതായി വരുന്നു. പുഷ്‌പന്‌ പിണറായി സര്‍ക്കാര്‍ പ്രതിമാസ അലവന്‍സ്‌ അനുവദിച്ചിട്ടുണ്ട്‌.

4) കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ പാറാല്‍ ദാസനെ വീട്ടുമുറ്റത്താണ്‌ ദഹിപ്പിച്ചത്‌. അവിടെ എല്ലാ ദിവസവും ഒരു ചെമ്പരത്തിപ്പൂ വയ്‌ക്കാന്‍ മകള്‍ ഏഴുവയസുകാരി നിഷയുണ്ട്‌. ഷോക്കേറ്റ ഭാര്യ പുഷ്‌്‌പവല്ലി ഏറെ നാള്‍ ചികിത്സയിലായിരുന്നു. അമ്മ മാധവി അന്നു വീണതാണ്‌. എന്നും ഒരേ കിടപ്പാണ്‌.

5) കുഞ്ഞിപ്പറമ്പ്‌ കെ. സഹദേവന്‍. ശരീരമാസകലം വെട്ടേറ്റ ഇദ്ദേഹം നാടും വീടും ഉപേക്ഷിച്ച്‌ ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിച്ചുതാമസിച്ച്‌ ചികിത്സ നടത്തുന്നു.

6) ഡയമണ്ട്‌ മുക്കില്‍ രോഹിണിയും മക്കള്‍ സൗദാമിനിയും രമയും. രോഹിണിയുടെ രണ്ട്‌ ആണ്‍മക്കളും രണ്ടു വര്‍ഷമായി ഒളിവിലാണ്‌. അവര്‍ എവിടെയെന്നോ എന്നു മടങ്ങിവരുമെന്നോ ഇവര്‍ക്കറിയില്ല. പെണ്‍മക്കളുടെ വിവാഹപ്രായം കഴിഞ്ഞിട്ട്‌ നാളേറെയായി.

ഇത്തരം ദുരന്തകഥകളുമായി ജീവിക്കുന്ന ഒരുപാട്‌ പേരേ അന്ന്‌ അവിടെ കണ്ടുമുട്ടി. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ചെന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു കാഴചയുണ്ടായിരുന്നു. അവിടെ കൊല്ലപ്പെട്ടവരുടെ നെടുങ്കന്‍ ലിസ്റ്റ്‌ ബോര്‍ഡുകളില്‍ എഴുതിവച്ചിരിക്കുന്നു!

കണ്ണൂരില്‍ കൊല്ലപ്പെട്ട 99 ശതമാനം പേരും വെറും സാധാരണക്കാരാണ്‌. പാവപ്പെട്ടവരാണ്‌. അവരുടെ കുടുംബങ്ങളാണ്‌ അനാഥമായത്‌.

ഭര്‍ത്താവ്‌ മരിച്ചതതിനെ തുടര്‍ന്ന്‌ ഭര്‍തൃവീട്ടില്‍ നിന്ന്‌ ആട്ടിയറക്കപ്പെട്ട്‌ തെരുവില്‍ ശരീരം വില്‌ക്കുന്ന അമ്മ, ക്രിമിനലുകള്‍ക്ക്‌ വച്ചുംവിളമ്പിയും നല്‌കിയശേഷം അന്തിക്കൂട്ടു കിടക്കുന്ന സ്‌ത്രീകള്‍.

publive-image

എവിടെ തിരിഞ്ഞാലും കഠോരമായ കാഴ്‌ചകള്‍. നേതാക്കന്മാര്‍ ഇവിടെ കൊല്ലപ്പെടാറില്ല. അവരുടെ മക്കള്‍ കേരളത്തിനു വെളിയിലും വിദേശത്തുമൊക്കെ പഠിക്കുന്നു. ജോലി ചെയ്യുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി അറിയാതെ ഇല അനങ്ങില്ല.

അവിടെ കാലുകുത്തിയാല്‍ പെട്ടെന്ന്‌ ആളുകള്‍ ചോദ്യശരങ്ങളുമായി എത്തിയിരിക്കും. ജനാധിപത്യത്തിന്റെ തരിമ്പുപോലും അവിടില്ല. ഈ പ്രദേശം ജനാധിപത്യ കേരളത്തിന്റെ ഭാഗമാണോ?

ഈ ലേഖന പരമ്പര പ്രസിദ്ധീകരിച്ചശേഷം കണ്ണൂരില്‍ വലിയ തോതിലുള്ള സമാധാനശ്രമങ്ങള്‍ നടന്നിരുന്നു. കുറെ നാളത്തേക്ക്‌ അവിടെ സമാധാനം പുലരുകയും ചെയ്‌തു. പക്ഷേ, കണ്ണൂരില്‍ സമാധാനം ശാശ്വതമല്ല. 2000ല്‍ കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബിന്റെ കെ.സി. മാധവക്കുറുപ്പ്‌ അവാര്‍ഡ്‌ ഈ ലേഖനപരമ്പരയ്‌ക്കു ലഭിക്കുകയുണ്ടായി.

oomman chandy kpcc pt chacko
Advertisment