Advertisment

ഊര്‍ജമേഖലയില്‍ ഖത്തറുമായുള്ള പങ്കാളിത്തം വിലമതിക്കുന്നത് -ഇന്ത്യന്‍ സ്ഥാനപതി

New Update

ദോഹ: ഊര്‍ജമേഖലയില്‍ ഖത്തറുമായുള്ള പങ്കാളിത്തം വലിയ വിലമതിക്കുന്നതാണെന്ന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍. ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന രാജ്യമാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 69-ാമത് റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് സ്ഥാനപതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതിവാതകവും എല്‍.പി.ജിയും കയറ്റുമതിചെയ്യുന്ന ഏറ്റവുംവലിയ കയറ്റുമതിരാജ്യവും ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുന്ന പന്ത്രണ്ടാമത്തെ വിപണിയുമാണ് ഖത്തര്‍.

Advertisment

publive-image

പ്രതിവര്‍ഷം ആയിരംകോടി ഡോളറിന്റെ ഖത്തറി ഉത്പന്നങ്ങളാണ് ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുന്നത്. ഊര്‍ജമേഖലയില്‍ മാത്രമല്ല പ്രതിരോധം, കായികം തുടങ്ങി വിഭിന്നമേഖലകളില്‍ ഖത്തര്‍-ഇന്ത്യ സഹകരണം ശക്തമായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങളെ മറ്റ് ലോകശക്തികള്‍ക്കൊപ്പം ഇന്ത്യയും പിന്തുണയ്ക്കുന്നുണ്ട്. പരസ്​പര ബഹുമാനത്തിന്റെ അന്താരാഷ്ട്ര തത്വങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത സമാധാനപരമായ സംവാദത്തിലൂടെ പരിഹരിക്കപ്പെടണം. രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടും ആഭ്യന്തരകാര്യങ്ങളില്‍ ഇടപ്പെടാതെയും വേണം ഭിന്നതകള്‍ പരിഹരിക്കാനെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി. മേഖലയില്‍ സമാധാനം നിലനിര്‍ത്താനുള്ള കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങളെ ഇന്ത്യ സ്വാഗതംചെയ്യുന്നുവെന്നും സ്ഥാനപതി പറഞ്ഞു.

ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കുന്ന കരുതലിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും ഖത്തര്‍ സര്‍ക്കാരിനും നന്ദി അറിയിച്ചുകൊണ്ടാണ് സ്ഥാനപതി ഖത്തര്‍-ഇന്ത്യ ബന്ധത്തെക്കുറിച്ച് സന്ദേശത്തില്‍ വിശദീകരിച്ചത്. ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ദോഹയിലെ ഇന്ത്യന്‍ എംബസി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം, ഉത്തരവാദിത്വം, കഠിനാധ്വാനം എന്നിവയിലൂടെ ഇന്ത്യന്‍ സമൂഹം ഖത്തറില്‍ മികച്ചസ്ഥാനം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ വികസനക്കുതിപ്പില്‍ നിര്‍ണായകസ്ഥാനമാണ് വിദേശ ഇന്ത്യക്കാര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ വിജയങ്ങള്‍ ആഘോഷിക്കുന്നതിനൊപ്പം ഉയരങ്ങള്‍ കീഴടക്കാന്‍ രാജ്യത്തിന് സ്വയം സമര്‍പ്പിക്കാനുള്ള അവസരംകൂടിയാണ് പൗരന്മാര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സമൂഹത്തിന് ഖത്തറി സമൂഹം നല്‍കുന്ന ആതിഥേയത്വത്തിന് നന്ദി അറിയിച്ചതിനൊപ്പം ഖത്തറിന്റെ വികസനപദ്ധതികളില്‍ ഇന്ത്യന്‍ പ്രവാസികളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസനം, വ്യവസായം, സാമ്പത്തികം, നിക്ഷേപം, ഊര്‍ജം, കായികം, യാത്ര, ടൂറിസം, പ്രതിരോധം, തുടങ്ങി സമസ്തമേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് വര്‍ഷങ്ങളുടെ ദൃഢതയുണ്ട്. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികളില്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ പങ്കാളികളാണ്. ഖത്തറും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകാന്‍ പുതിയ രണ്ട് സമുദ്രപാതകള്‍ തുറന്നത് സഹായകമായി. ഖത്തറില്‍ ഇന്ത്യന്‍ നിക്ഷേപകരുടെ പൂര്‍ണ ഉടമസ്ഥതയില്‍ 24 കമ്പനികളും ഇന്ത്യ-ഖത്തര്‍ സംയുക്ത സംരഭത്തിന് കീഴില്‍ ആറായിരം കമ്പനികളുമാണ് പ്രവര്‍ത്തിക്കുന്നത്. വിസ നടപടികള്‍ ലഘൂകരിച്ചതും കമ്പനി നിയമ ഭേദഗതികളും തൊഴില്‍ പരിഷ്‌കരണങ്ങളുമെല്ലാം കൂടുതല്‍ അവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി.

2019-ലെ ഖത്തര്‍-ഇന്ത്യ സാംസ്‌കാരിക വര്‍ഷാഘോഷത്തിലൂടെ ഇരു രാജ്യങ്ങളും തമ്മില്‍ സാംസ്‌കാരിക സഹകരണം കൂടുതല്‍ ശക്തമാകാന്‍ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഖത്തറി അധികൃതരുമായി മികച്ച സഹകരണത്തിലാണ് എംബസിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍-ഇന്ത്യ ബന്ധത്തെ സുദൃഢമാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിലും ആതിഥേയ രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിനന്ദിച്ചുകൊണ്ടാണ് സ്ഥാനപതി റിപ്പബ്ലിക് ദിന സന്ദേശം അവസാനിപ്പിച്ചത്.

qatar
Advertisment