Advertisment

ജോസ് കെ മാണിയെ യുഡിഎഫ് വീണ്ടും പുറത്താക്കാതിരുന്നത് ബെന്നി ബഹനാന്‍റെ 'നാവുപിഴ' കാരണം ! പുറത്താക്കല്‍ ട്രോളാക്കി മാറ്റരുതെന്ന് നേതാക്കള്‍ ഉപദേശിച്ചു ! ഒടുവില്‍ ചെന്നിത്തല പുറത്താക്കാതെ തള്ളിപറഞ്ഞത് തന്ത്രപരവും കരുതലോടെയുമുള്ള വാക്കുകളിലൂടെ ! തള്ളിപ്പറഞ്ഞപ്പോഴും ഒരു സാധ്യതയും തള്ളാതെയുള്ള ചെന്നിത്തലയുടെ പ്രതികരണവും കരുതലോടെ ! 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: യുഡിഎഫ് ചര്‍ച്ചകളോട് മുഖം തിരിച്ചു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്-എമ്മിനെ 'കൊള്ളാതെതന്നെ തള്ളി'പ്പറയുമ്പോഴും 'പുറത്താക്കല്‍' എന്ന പ്രഖ്യാപനം ഒഴിവാക്കിയത് തന്ത്രപൂര്‍വ്വം.

ആദ്യ തവണ ജോസ് പക്ഷത്തെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് പറ്റിയ നാവ് പിഴയാണ് വീണ്ടും പുറത്താക്കല്‍ ഒഴിവാക്കി ജോസ് കെ മാണിയെ തള്ളിപ്പറയാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്.

ആദ്യ തവണ യുഡിഫ് യോഗത്തില്‍നിന്നും തല്‍ക്കാലത്തേയ്ക്ക് വിലക്കിയെന്ന തീരുമാനം യുഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിച്ചപ്പോള്‍ 'പുറത്താക്കലായി' മാറുകയായിരുന്നു. അത് മനപൂര്‍വ്വമായിരുന്നെന്നും അബദ്ധമായിരുന്നെന്നും രണ്ടഭിപ്രായം യുഡിഎഫില്‍ ഉയര്‍ന്നിരുന്നു.

ബെന്നി ബഹനാന്‍റെ കാര്യമായതിനാല്‍ രണ്ടിനും സാധ്യതയുണ്ടെന്നതാണ് ബെന്നിയുടെ ഇമേജ് വിലയിരുത്തല്‍. അതോടെ ഔദ്യോഗിക പുറത്താക്കല്‍ ഇനി വേണ്ടെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

വീണ്ടും പുറത്താക്കിയാല്‍ അത് ട്രോളായും പരിഹാസമായും മാറുമോ എന്ന ആശങ്കയാണ് ഈ തീരുമാനത്തിന് കാരണമായി മാറിയത്. ആ തീരുമാനം മാധ്യമങ്ങളെ അറിയിക്കുന്നതില്‍നിന്നും ഇത്തവണ ബെന്നി ബഹനാനെ ഒഴിവാക്കുകയും ചെയ്തു.

എന്നാല്‍ ഇന്ന് ജോസ് കെ മാണിയേയും പാര്‍ട്ടിയേയും പുറത്താക്കിയെന്ന് പറയാതെ പറഞ്ഞുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ വളരെ തന്ത്രപരവും കരുതലോടെയുള്ളതുമായിരുന്നു.

ജോസ് പക്ഷത്തെ പുറത്താക്കിയെന്ന വാക്ക് ഉപയോഗിക്കാതെതന്നെ അവരെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ളതായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.

വിശ്വാസ വോട്ടെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും ജോസ് പക്ഷം വിശ്വാസവഞ്ചന കാട്ടി, ചതിച്ചു എന്നിങ്ങനെയുള്ള വാക്കുകള്‍ പ്രയോഗിച്ച ചെന്നിത്തല, കോണ്‍ഗ്രസില്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയ രാജ്യസഭാ സീറ്റ്, കോട്ടയം പാര്‍ലമെന്‍റംഗത്വം, എംഎല്‍എ പദവികള്‍ എന്നിങ്ങനെ യുഡിഎഫില്‍ നിന്നുകൊണ്ട് കരസ്ഥമാക്കിയ പദവികള്‍ അവര്‍ രാജിവയ്ക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ചു.

അതോടെ ജോസ് കെ മാണി പക്ഷത്തെ യുഡിഎഫ് ഇനി കാത്തിരിക്കുന്നില്ല. കൈയ്യോഴിഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് സ്ഥാപിച്ചുകഴിഞ്ഞു. അതേസമയം യുഡിഎഫില്‍ തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ ചര്‍ച്ചയ്ക്കു വന്നാല്‍ അതിനും തയ്യാര്‍ എന്നുകൂടി ഇതിനിടയില്‍ ചെന്നിത്തല പറഞ്ഞുവച്ചു.

അതല്ലെങ്കില്‍ ജോസ് കെ മാണി പക്ഷത്തുനിന്നും മടങ്ങിവരുന്നുര്‍ക്ക് യുഡിഎഫ് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്‍ ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞപ്പോഴും ഒരു സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

 

ramesh chennithala
Advertisment