Advertisment

ശബരിമല വിമാനത്താവളം: ഭൂമി കിട്ടും വരെ കാത്തിരുന്നാല്‍ നടക്കാതെ പോവുന്നത് വിമാനത്താവളമല്ല, കണ്‍സള്‍ട്ടന്‍സി കമ്മീഷന്‍; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മറ്റെല്ലാ കണ്‍സള്‍ട്ടന്‍സി കൊള്ളകളെയും ന്യായീകരിച്ച പോലെ വിചിത്രവും ബാലിശവുമായ വാദങ്ങളുന്നയിച്ചാണ് ശബരിമല വിമാനത്താവളത്തിന്റെ പേരിലെ കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനെയും മുഖ്യമന്ത്രി വെള്ളപൂശുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാകുന്നതിന് മുന്‍പ് എന്തിന് കണ്‍സള്‍ട്ടന്‍സിയെ വച്ച് കോടികള്‍ തുലച്ചു എന്ന കാതലായ ചോദ്യമാണ് താന്‍ ഉന്നയിച്ചത്. ഭൂമി കയ്യില്‍കിട്ടുന്നതു വരെ കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്യാണം പോലെയാകുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന മറുപടി.

നല്ല മറുപടി. വിമാനത്താവളം പണിയണമെങ്കില്‍ ഭൂമി കയ്യില്‍ കിട്ടുക തന്നെ വേണം. പക്ഷേ അതിന് വേണ്ടി കാത്തിരുന്നാല്‍ കണ്‍സള്‍ട്ടന്‍സിയെ വച്ച് പണം തട്ടാനാവില്ല. വിമാനത്താവളമല്ല, കമ്മീഷന്റെ കാര്യമാണ് ഗണപതി കല്ല്യാണം പോലെ ആവുക. അത് നഷ്ടപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ആദ്യം തന്നെ 4.6 കോടി രൂപയ്ക്ക് കണ്‍സള്‍ട്ടന്‍സിയെ വച്ചത്.

ഭൂമി കയ്യില്‍ കിട്ടുന്നതിന് മുന്‍പ് കണ്‍സള്‍ട്ടന്‍സിയെ വച്ചത് പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനാണെന്ന് ന്യായീകരിക്കുന്ന മുഖ്യമന്ത്രി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കണ്‍സട്ടള്‍ട്ടന്റായ ലൂയീ  ബര്‍ഗര്‍ എന്തു ജോലിയാണ് വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്ന വിശദീകരിക്കണം.

പദ്ധതിയുടെ ടെക്‌നോ എക്കണോമിക് പഠനവും  പരിസ്ഥതി ആഘാത പഠനവും നടത്തുക, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നേടിയെടുക്കുക, പരസ്ഥിതി അനുമതി വാങ്ങുക തുടങ്ങിയവയാണ് ലൂയി ബര്‍ഗറെ ഏല്പിച്ചിരുന്നത്. ഇതിലൊന്നു പോലും ചെയ്യാനവര്‍ക്ക് കഴിഞ്ഞില്ല.

അതും ഗണപതി കല്യാണം പോലെ നീണ്ടു പോവുകയല്ലേ ചെയ്തത്? നിര്‍ദ്ദിഷ്ട ഭൂമിയില്‍ കടക്കാന്‍ പോലും അവര്‍ക്ക് കഴിയാത്തിനാല്‍ അവരെ ഏല്പിച്ച ജോലികള്‍ ചെയ്യാനായിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തില്‍ വിമാനത്താവള സ്‌പെഷ്യല്‍ ഓഫീസര്‍ വെളിപ്പെടുത്തിയത്. 4.6 കോടി രൂപയ്ക്ക് കരാര്‍ എടുത്തവര്‍ എന്തു ചെയ്തു എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. അത്രയും തുക  ആവിയായി പോയില്ലേ? അതിന് എന്തു കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്?

ശബരിമല വിമാനത്താവളം ഒരിക്കലും വരരുതെന്നാഗ്രഹിക്കുന്നവര്‍ക്കേ ഇങ്ങനെയൊക്കെ  ചോദിക്കാന്‍ കഴിയൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമല വിമാനത്താവളമെന്നത് യു.ഡി.എഫിന്റെ ആശയമായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. വിമാനത്താവളം പണിയണമെന്നതിനോട് യു.ഡി.എഫിന് പൂര്‍ണ്ണ യോജിപ്പാണുള്ളത്. അതിന്റെ മറവില്‍ കണ്‍സള്‍ട്ടന്‍സിയെ വച്ച്  പണം തട്ടുന്നതിനോടാണ് എതിര്‍പ്പ്.

നേരത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെയും കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ സ്ഥലമെടുപ്പിനേയും സര്‍വ്വ ശക്തിയുമുപയോഗിച്ച് എതിര്‍ത്തത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. വിഴിഞ്ഞം തുറമുഖത്തേയും കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയെയും കള്ളക്കഥകള്‍ പറഞ്ഞ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് ആരാണെന്നും ജനങ്ങള്‍ മറന്നിട്ടില്ല.

ശബരിമല വിമാനത്താവളമല്ല, അതിന്റെ പേരിലെ കണ്‍സള്‍ട്ടന്‍സി കമ്മീഷനിലാണ് സര്‍ക്കാരിന് നോട്ടം എന്നാണ് പുറത്തു വന്ന വസ്തുതകള്‍ തെളിയിക്കുന്നത്. ഇതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

remesh chennithala cm pinarayi
Advertisment