Advertisment

കുട്ടികളെ ജീവനോടെ കത്തിച്ചു; പ്രായം പോലും പരിഗണിക്കാതെ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തു; പലരെയും ജീവനോടെ കുഴിച്ചു മൂടി ;റോഹിങ്ക്യകൾക്കെതിരെ മ്യാന്മർ സൈന്യത്തിൻ്റെ അതിക്രമം പുറത്ത്

New Update

റോഹിങ്ക്യൻ അഭയാർത്ഥികൾക്കെതിരെ മ്യാന്മർ സൈന്യം നടത്തിയ ഭീകരമായ അതിക്രമങ്ങളുടെ റിപ്പോർട്ട് പുറത്ത്. പ്രായം പോലും പരിഗണിക്കാതെ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും പലരെയും ജീവനോടെ കുഴിച്ചു മൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ കാലിൽ പിടിച്ച് നിലത്തടിച്ച് കൊന്നുവെന്നും ഇതൊക്കെ ആസ്വദിച്ച് അവർ ആഹ്ലാദ നൃത്തം ചെയ്തുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കൻ വിദേശകാര്യ വകുപ്പ് നടത്തിയ ഞെട്ടിക്കുന്ന ഈ അന്വേഷണ റിപ്പോർട്ട് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് പുറത്തു വിട്ടത്.

Advertisment

publive-image

സ്ത്രീകളെ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്ന് പരീക്ഷിക്കുകയായിരുന്നു സൈനികര്‍. മ്യാന്‍മര്‍ സൈന്യം ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളായിരുന്നു എല്ലാം. കൂട്ടക്കൊലകളും കൂട്ട ബലാല്‍സംഗങ്ങളും റോഹിങ്ക്യന്‍ മുസ്ലിം ന്യൂനപക്ഷത്തിന് നേരെ അവര്‍ പരീക്ഷിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ആയിരത്തോളം പേരുമായി നടത്തിയ അഭിമുഖത്തിലാണ് സൈന്യത്തിന്റെ ക്രൂരത അമേരിക്കന്‍ അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടത്.

ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. മേഖലയില്‍ നിന്ന് റോഹിങ്ക്യകളെ ഓടിച്ച ശേഷം അവിടെ സൈനിക ക്യാംപുകള്‍ സ്ഥാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നവജാത ശിശുക്കളെ പോലും സൈന്യം വെറുതെവിട്ടില്ല. കുട്ടികളെ കാലുകള്‍ പിടിച്ച് തല നിലത്തടിച്ചാണ് കൊലപ്പെടുത്തിയത്. എല്ലാം മാതാപിതാക്കള്‍ക്ക് മുമ്പില്‍ വച്ച്. നിരായുധരായ പുരുഷന്‍മാരെ പോലും വെടിവച്ചു കൊന്നു. എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം ഒരുമിച്ച് കുഴിച്ചിട്ടു. ജീവനോടെ കുഴിയിലേക്ക് തള്ളിയവരും നിരവധിയാണ്.

സ്ത്രീകളെ പരസ്യമായിട്ടാണ് ബലാല്‍സംഗം ചെയ്തത്. റോഹിങ്ക്യന്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ അവർ പിടിച്ചുകൊണ്ടുപോയി. കൈകള്‍ കെട്ടിയ ശേഷം മൂന്ന് ദിവസം ക്രൂരമായി ബലാല്‍സംഗം ചെയ്തു. ചോരയൊലിച്ചാണ് എല്ലാ പെണ്‍കുട്ടികളും തിരിച്ചെത്തിയത്. പലരും പാതി മരിച്ച നിലയിലായിരുന്നുവെന്ന് ക്യാംപിലുള്ളവര്‍ പറയുന്നു.

മ്യാന്‍മറിലെ റാക്കൈന്‍ സംസ്ഥാനത്തായിരുന്നു റോഹിങ്ക്യകള്‍ കൂടുതല്‍. ഇവിടെ നിന്ന് ഇവരെ ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം ആക്രമണം നടത്തിയത്. ഒരു കാരണം കിട്ടാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു. ഈ വേളയിലാണ് റാക്കൈനില്‍ സൈന്യത്തിനെതിരെ ആക്രമണമുണ്ടായത്. ഈ ആക്രമണത്തിന് തിരിച്ചടി നല്‍കാനെന്ന പേരിലാണ് സൈന്യം റാക്കൈനിലെ ഓരോ വീടുകളിലും കയറിയിറങ്ങിയത്. പിന്നീട് വീട് വിട്ട് ഓടേണ്ടി വന്ന റോഹിങ്ക്യകള്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളാണ്.

Advertisment