Advertisment

രോഹിതിനും ധവാനും തകര്‍പ്പന്‍ സെഞ്ച്വറി ;പാക്കിസ്ഥാനെ തകര്‍ത്തത് 9 വിക്കറ്റിന്; ജയത്തോടെ ഇന്ത്യ ഏഷ്യാകപ്പ് ഫൈനലില്‍

New Update

Image result for ഇന്ത്യ ഏഷ്യാകപ്പ് rohit and dhawan

Advertisment

ദുബായ്: 50 ഓവറില്‍ 237 റണ്‍സ് എന്ന സ്‌കോറിലേക്കെത്താന്‍ പാക്കിസ്ഥാന്‍ നന്നായി വിയര്‍ത്തപ്പോള്‍ ആ വിജയലക്ഷം മറികടക്കാന്‍ ഇന്ത്യക്ക് വേണ്ടി വന്നത് 39.3 ഓവറുകള്‍ മാത്രം. അതും വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍. ഓപ്പണര്‍മാര്‍ ഇരുവരും സെഞ്ചുറികളുമായി തകര്‍ത്തടിച്ച ഏഷ്യാകപ്പ് മല്‍സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. പതിനഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച ശിഖര്‍ ധവാന്റെയും 19ാം സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും മികവില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഒന്‍പതു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

Image result for ഇന്ത്യ ഏഷ്യാകപ്പ് rohit and dhawan

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തപ്പോള്‍, 10 ഓവറും മൂന്നു പന്തും ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് 111 റണ്‍സോടെയും അമ്ബാട്ടി റായുഡു 12 റണ്‍സോടെയും പുറത്താകാതെ നിന്നു. ധവാന്‍ 114 റണ്‍സെടുത്ത് റണ്ണൗട്ടായി. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

Image result for ഇന്ത്യ ഏഷ്യാകപ്പ് rohit and dhawan

ഓപ്പണിങ് വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത രോഹിത്ധവാന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 210 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന്‍ പുറത്തായശേഷം അമ്ബാട്ടി റായുഡുവിനെ കൂട്ടുപിടിച്ച്‌ രോഹിത് ശര്‍മ ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചു. ഇതിനിടെ ഏകദിനത്തില്‍ 7,000 റണ്‍സ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ഒന്‍പതാമത്തെ മാത്രം ഇന്ത്യക്കാരനാണ് രോഹിത്. പിന്നാലെ 19ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്, ഇക്കാര്യത്തില്‍ ബ്രയാന്‍ ലാറ, മഹേള ജയവര്‍ധനെ, റോസ് ടെയ്‌ലര്‍ എന്നീ ഇതിഹാസ താരങ്ങള്‍ക്ക് ഒപ്പമെത്തി. രാജ്യാന്തര ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ എന്ന നേട്ടവും ഇതിനിടെ രോഹിത് സ്വന്തമാക്കി.

Image result for ഇന്ത്യ ഏഷ്യാകപ്പ് rohit and dhawan

ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടി. ഷോയബ് മാലിക്കിന്റെ അര്‍ധസെഞ്ചുറിയാണ് പാക്കിസ്ഥാനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മാലിക്ക് 78 റണ്‍സ് നേടി പുറത്തായി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മത്സരത്തിന്റെ എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. 10 റണ്‍സ് മാത്രമെടുത്ത ഇമാം ഉല്‍ ഹഖ് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ സഹഓപ്പണര്‍ ഫഖര്‍ സമാനും കൂടാരം കയറി. 31 റണ്‍സായിരുന്നു സമാന്റെ സമ്ബാദ്യം. കുല്‍ദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ താരം വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ബാബര്‍ അസം റണ്ണൗട്ടായി.

Image result for ഇന്ത്യ ഏഷ്യാകപ്പ് rohit and dhawan

മാലിക്-സര്‍ഫ്രാസ് അഹമ്മദ് കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു. ഇന്ത്യന്‍ ബൗളിംഗിനെ കരുതലോടെ നേരിട്ട ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 165-ല്‍ സര്‍ഫ്രാസിനെ(44) പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പാക് സ്‌കോര്‍ 200 കടന്നതിനു പിന്നാലെ മാലിക്കും മടങ്ങി. 90 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്സറും ഉള്‍പ്പെടെയായിരുന്നു മാലിക്കിന്റെ ഇന്നിങ്സ്.ഇതിനുശേഷം ഇന്ത്യന്‍ ബൗളിങ് പാക്കിസ്ഥാനെ നിലയുറപ്പിക്കാന്‍ സമ്മതിച്ചില്ല. ആസിഫ് അലി (21 പന്തില്‍ 30) ചില മിന്നലാട്ടങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ഡെത്ത് ഓവര്‍ ബൗളിംഗില്‍ ബുംറ-ചാഹല്‍-ഭുവനേശ്വര്‍ കൂട്ടുകെട്ടിനെ മറികടക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞില്ല.

Advertisment