യുവേഫയുടെ 2017-18 സീസണിലെ ഏറ്റവും മികച്ച ഗോളായി റൊണാൾഡോയുടെ ബൈസിക്കിൾ ഗോളിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ യുവന്റസിനെതിരെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിലാണ് ഫുട്ബോൾ ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി റൊണാൾഡോയുടെ ഗോൾ പിറന്നത്. ഡാനി കർവാഹാളിന്റെ ക്രോസിൽ നിന്നാണ് റൊണാൾഡോ ലോകോത്തര ഗോൾകീപ്പർ ബുഫണെ നിഷ്പ്രഭമാക്കിയ ഗോൾ നേടിയത്. മൂന്നര ലക്ഷത്തിലധികം പേർ വോട്ട് ചെയ്തതിൽ രണ്ടു ലക്ഷം പേരും റൊണാൾഡോക്ക് വോട്ട് രേഖപ്പെടുത്തി. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ യുവൻറസിനെ മൂന്നു ഗോളുകൾക്ക് തകർത്ത മത്സരത്തിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. സമാനമായ ഒരു ഗോൾ ഫൈനലിൽ ബെയ്ലും നേടിയിരുന്നെങ്കിലും മത്സരത്തിനു പരിഗണിക്കപ്പെട്ടിരുന്നില്ല.