Advertisment

താപസഭാവമുള്ള അയ്യപ്പസ്വാമിക്ക് എന്ത് ലാഭ നഷ്ടകണക്കുകള്‍?

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ആഗസ്റ്റ് 11-ാം തീയതിയിലെ പത്രങ്ങളിലെ മുന്‍പേജില്‍ വെണ്ടക്ക മുഴുപ്പുള്ള തലവാചകം ഇങ്ങനെ. 'ശബരിമല മണ്ഡലകാല ദര്‍ശ്ശനം അനുവദിക്കും'. കേരളകൗമുദി പത്രത്തിലെ വാര്‍ത്തയോടൊപ്പം ബോക്സില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പടത്തോടു കൂടി മറ്റൊരു വാര്‍ത്തയും ഉണ്ട്. 'വരുമാന നഷ്ടം 120 കോടി'. വിശദമായ കണക്കും പട്ടികയായി കൊടുത്തിട്ടുണ്ട്.

1. പത്തു ദിവസത്തെ ഉത്സവം 15 കോടി, 2. വിഷു ഉത്സവം 20 കോടി, 3. 5 മാസത്തെ മാസ പൂജ 35 കോടി, 4. നിറപുത്തിരി 1 കോടി, 5. പലവിധ ലേലങ്ങള്‍ 40-50 കോടി. ആകെ നഷ്ടം 120 കോടി.

ദര്‍ശനത്തിനെത്തുന്ന ഭക്തന്‍മാര്‍ സമര്‍പ്പിക്കുന്ന കാണിക്ക വരുമാനമായി കണക്കാക്കുന്നതു കൊണ്ടാണ് ലാഭ നഷ്ടക്കണക്കുകളെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് വേവലാതിയുണ്ടാകുന്നത്.

ഭക്തര്‍ ദര്‍ശ്ശനത്തിന് ചെന്നില്ലെങ്കിലും എല്ലാ പൂജാകര്‍മ്മങ്ങളും പുറപ്പെടാ മേല്‍ ശാന്തിയുടെ നേതൃത്വത്തില്‍ ഭംഗിയായിത്തന്നെ നടക്കുന്നുണ്ട്. ഭക്തന്‍മാര്‍ വീടുകളിലിരുന്ന് പ്രാര്‍ത്ഥിക്കുന്നതും അയ്യപ്പസ്വാമി അറിയുന്നുണ്ട്.

ആളു കൂടുന്ന ഒരിടത്തും കോവിഡ് പ്രോട്ടോക്കോള്‍ ആരും പാലിക്കുന്നില്ല. സമ്പര്‍ക്കം ഒഴിവാക്കി രോഗവ്യാപനം തടയുന്നതിലൊന്നും സര്‍ക്കാരിനോ ജനങ്ങള്‍ക്കോ ഒരു താത്പര്യവുമില്ല.

എന്നിട്ടാണ് കോവിഡ് മാനദണ്ഡം പാലിച്ച് ശബരിമലയില്‍ ദര്‍ശ്ശനം അനുവദിക്കാന്‍ പോകുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ശബരിമലയില്‍ പതിവാകും. ശബരിമല കോവിഡ് വ്യാപനത്തിന്‍റെ പ്രഭവ കേന്ദ്രമാകും.

ദര്‍ശ്ശനം അനുവദിക്കുന്നത് ഭക്തിയുടെ പേരിലാണെങ്കില്‍ അതിലൊരു പുണ്യമെങ്കിലുമുണ്ട്. ഇവിടെ ഭക്തി ഒരു പ്രശ്നമേയല്ല. വരുമാന നഷ്ടം നികത്താനാണ് ദര്‍ശ്ശനം അനുവദിക്കാന്‍ പോകുന്നത്. നിരീശ്വരവാദികള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭരിക്കുമ്പോള്‍ എന്തു ഭക്തി?

ചുരുങ്ങിയപക്ഷം ശബരിമലയിലെ വരുമാന നഷ്ടക്കണക്കൊക്കെ വിളിച്ചു കൂവുന്നത് ഒഴിവാക്കാമായിരുന്നു. താപസഭാവമുള്ള അയ്യപ്പസ്വാമിക്ക് എന്ത് ലാഭ നഷ്ടകണക്കുകള്‍?

ഈശ്വര വിശ്വാസമില്ലാത്തവര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ആകുന്നത് തടയുന്നതിന് നിയമഭേദഗതി കൊണ്ടു വരണം. നിരീശ്വരവാദികള്‍ക്ക് മേയാനുള്ള മേച്ചില്‍പ്പുറമാകരുത് ദേവസ്വം ബോര്‍ഡ്.

ഏതാനും കോവിഡ് രോഗികള്‍ മാത്രം ഉണ്ടായിരുന്നപ്പോഴാണ് എല്ലാ ദേവാലയങ്ങളും അടച്ചിട്ടത്. കോവിഡ് രോഗികളുടെ എണ്ണം അനുദിനം ആശങ്കാജനകമാം വിധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോഴാണ് എല്ലാം തുറക്കാന്‍ പോകുന്നത്.

അടച്ചിടേണ്ട കാര്യമില്ലാതിരുന്നപ്പോള്‍ എല്ലാം അടച്ചിട്ടു. അടച്ചിടേണ്ട സാഹചര്യമുണ്ടായപ്പോള്‍ എല്ലാം തുറക്കാന്‍ പോകുന്നു. എല്ലാം നാലു കാശിനു വേണ്ടി!.

നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ദര്‍ശ്ശനത്തിന് അനുവദിക്കുകയുള്ളു എന്നാണ് പ്രഖ്യാപനം. എങ്കില്‍ പിന്നെ ഈ കഴിഞ്ഞ 5 മാസക്കാലത്ത് നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ ദര്‍ശ്ശനം നടത്താന്‍ അനുവദിക്കാതിരുന്നത് എന്തു കൊണ്ടാണ്?

വാല്‍കഷ്ണം

ശബരിമലയില്‍ ആചാരങ്ങൾ ലംഘിച്ച് ദര്‍ശ്ശനം നടത്തിപ്പിക്കാന്‍ വേണ്ടി മുടക്കിയ കോടികളുടെ ഒരു ചെറിയ അംശം മതി പെട്ടിമുടിയില്‍ മരണമടഞ്ഞ പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കും അവരുടെ പിഞ്ചോമനകള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍. ദൈവത്തിനു നിരക്കാത്തതുമാത്രം ചെയ്യുന്നവര്‍ക്ക് എന്ത് ശിക്ഷയാണ് ലഭിക്കേണ്ടത് ? കാത്തിരുന്നു കാണാം !

- അഡ്വ. എസ് അശോകൻ

 

sabarimala
Advertisment