Advertisment

ഷിരൂര്‍ മഠാധിപതിയുടെ മരണം: അന്വേഷണം മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് സംഘങ്ങളിലേക്ക് ; പരിചാരിക കസ്റ്റഡിയില്‍

New Update

ഉഡുപ്പി: ഷിരൂര്‍ മഠാധിപതി സ്വാമി ലക്ഷ്മീവരതീര്‍ഥ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബന്ധപ്പെട്ട അന്വേഷണം മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് സംഘങ്ങളിലേക്ക് കടക്കുകയാണ്. മുംബൈയിലെ രണ്ടു കെട്ടിട നിര്‍മാതാക്കളുമായി സ്വാമി കോടിക്കണക്കിന് രൂപയുടെ വസ്തു കച്ചവടം നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ 12 കോടി രൂപയും മറ്റൊരാള്‍ 14 കോടി രൂപയും സ്വാമിക്കു നല്‍കാനുണ്ട്. ഇവര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഒരു കളിയാട്ടവേളയില്‍ സ്വാമി തെയ്യക്കോലത്തോടു പരാതി പറഞ്ഞിരുന്നു.

Advertisment

publive-image

സ്വാമി മരിച്ചതിനു പിന്നാലെ ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്നാണ് വസ്തു ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം സ്വാമിയുടെ മരണത്തിനു കാരണമായിട്ടുണ്ടോ എന്ന അന്വേഷണം പൊലീസ് ആരംഭിച്ചത്.

മഠത്തില്‍ സ്വാമിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പരിചാരികയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളില്‍ ചെന്ന മാരകകീടനാശിനിയാണു മരണകാരണമായതെന്നു സൂചനയുണ്ട്.

കഴിഞ്ഞ 16ന് ഉച്ചയ്ക്കു കഴിച്ച ഭക്ഷണത്തിലൂടെ വിഷം അകത്തു ചെന്നതാണു മരണകാരണമെന്നു സ്വാമിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലുള്ള പരിചാരികയുടെ കാര്‍ സംഭവദിവസം മഠത്തില്‍ എത്തിയതായി ഇവിടത്തെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാനായി ഹിരിയട്ക്ക പൊലീസ് ഇന്നലെ രാവിലെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

ലക്ഷ്മീവരതീര്‍ഥയ്ക്കു രണ്ടു സ്ത്രീകളുമായി അടുപ്പമുണ്ടായിരുന്നെന്നു പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു മഠത്തില്‍ ലക്ഷ്മീവരതീര്‍ഥയെ പരിചരിച്ചിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലക്ഷ്മീവരതീര്‍ഥ യുവതിക്ക് ഉഡുപ്പി കിന്നിമുല്‍ക്കിയില്‍ വീടു പണിതു നല്‍കിയതായും കാര്‍ വാങ്ങിക്കൊടുത്തതായും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഈ കാറിലാണ് ഇവര്‍ മഠത്തിലെത്തിയതും.

ഐജി അരുണ്‍ ചക്രവര്‍ത്തി, ജില്ലാ പൊലീസ് മേധാവി ലക്ഷ്മണ്‍ നിമ്പര്‍ഗി എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

Advertisment