Advertisment

സമൂഹമാധ്യമങ്ങളിലെ മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതി പൊലീസ് അവഗണിച്ചെന്ന് സിസ്റ്റര്‍ ലൂസി; അപകീര്‍ത്തിപ്പെടുത്തുന്നത് സഭയിലുള്ളവരെന്ന് സംശയം

New Update

കൊച്ചി: പൊലീസ് പരാതി അവഗണിച്ചെന്ന് സിസ്റ്റര്‍ ലൂസി. സമൂഹമാധ്യമങ്ങളിലെ മോശം പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി. പരാതി പറഞ്ഞപ്പോള്‍ ക്ഷമിക്കാന്‍ ആയിരുന്നു പൊലീസിന്റെ നിര്‍ദേശം. മാനന്തവാടി പൊലീസ് സ്റ്റേഷനിലാണ് സിസ്റ്റര്‍ പരാതി നല്‍കിയത്. അപകീര്‍ത്തിപ്പെടുത്തുന്നത് സഭയിലുള്ളവരാണെന്ന് സംശയിക്കുന്നതായി സിസ്റ്റര്‍ ലൂസി പറഞ്ഞു.നീതി നടപ്പാക്കാന്‍ പൊലീസ് തയ്യാറാകണമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

Advertisment

publive-image

അതേസമയം കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ സഭാ നടപടി വിശ്വാസികളുടെ പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു. കഴിഞ്ഞ ദിവസം ഇടവക പാരിഷ് കൗൺസിലിന്റെ അടിയന്തര യോഗം ചേരുന്നതിനിടെ സിസ്റ്ററിനെ പിന്തുണയ്ക്കുന്നവർ യോഗവേദിയിലേക്ക് തള്ളിക്കയറി സംഘർഷമുണ്ടാക്കിയിരുന്നു. തുടർന്നാണ് നടപടി പിൻവലിച്ചത്.

ഞായറാഴ്ച രാവിലെയാണ് മാനന്തവാടി രൂപതയിൽപ്പെട്ട കാരക്കമല സെന്റ് മേരീസ് ഇടവകയിൽ സിസ്റ്റർ ലൂസിക്ക് ശുശ്രൂഷാ വിലക്ക് ഏർപ്പെടുത്തിയത്. കുർബാന നൽകൽ, സൺഡേ സ്കൂൾ അധ്യാപനം, ഭക്തസംഘടനാ പ്രവർത്തനം, ഇടവക യൂണിറ്റ് പ്രവർത്തനം, പ്രാർഥനാ കൂട്ടായ്മ എന്നിവയിൽ നിന്ന് സിസ്റ്റർ ലൂസിയെ മാറ്റി നിർത്തണമെന്ന് വികാരി മദർ സുപ്പീരിയർ വഴി അറിയിക്കുകയായിരുന്നു.

ഇതിനെതിരെ വ്യാപകമായി വിമർശനമുണ്ടായ സാഹചര്യത്തിലാണ് ഇടവക പാരിഷ് കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചത്. യോഗത്തിനിടെ ചെറുപ്പക്കാരടക്കമുള്ള ഒട്ടേറെ വിശ്വാസികൾ തീരുമാനത്തിനെതിരെ രംഗത്തു വന്നു.

യോഗസ്ഥലത്തു സംഘർഷാവസ്ഥയും കൈയേറ്റ ശ്രമവുമുണ്ടായി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ നടപടി പിൻവലിച്ചതായി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കൽ അറിയിച്ചപ്പോൾ വിശ്വാസികൾ ആർപ്പുവിളികളോടെ സ്വാഗതം ചെയ്തു.

Advertisment