Advertisment

സ്‌കൈലാർക്ക് എന്ന വർക്കി സാർ ഓർമ്മയാകുമ്പോൾ...

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ: 1944 മെയ് ആദ്യവാരത്തിലെ ഒരു മദ്ധ്യാഹ്നം. യുദ്ധത്തിന്റെ ഭീതിതമായ കെടുതികള്‍ അനുഭവിച്ച് വലഞ്ഞ കോട്ടയം ജില്ലയിലെ കുടക്കച്ചിറ എന്ന ഗ്രാമത്തില്‍ ഒരു കൊച്ചുവീട്ടില്‍ സന്തോഷത്തിന്റെ ചെറിയൊരു സന്ദേശവുമായ ആ നാലാം ക്ലാസ്സുകാരനെത്തി.

നാലാം ക്ലാസ്സില്‍ ജയിച്ച് പ്രൈമറി വിദ്യാഭ്യാസത്തിന്റെ കടമ്പ അനായാസം കടന്നു എന്ന ആശ്വാസം പക്ഷെ ആശങ്കയ്ക്കും കാരണമായി. ദാരിദ്ര്യദുഃഖം ഏറെ പേറി വലഞ്ഞ ആ ചെറുകുടുംബത്തിന് മകന്റെ തുടര്‍വിദ്യാഭ്യാസം എന്ന ബാലികേറാമല ചോദ്യചിഹ്നമായി.

അന്നത്തെ രാമപുരം ഹെഡ്മാസ്റ്റര്‍ റവ. ഫാ. എബ്രഹാം മൂങ്ങാമാക്കല്‍ പള്ളിയില്‍ ഏതോ അത്യാവശ്യകാര്യത്തിന് പോയി മടങ്ങുകയായിരുന്നു. വഴിവക്കിലെ കൊച്ചുവീടിന്റെ കോലായില്‍ നിരത്തി വച്ചിരിക്കുന്ന സിമന്റു പ്രതിമകള്‍ താല്‍പ്പര്യപൂര്‍വ്വം അദ്ദേഹം നോക്കി നിന്നു.

ആരാണ് ആ പ്രതിമകള്‍ പണിതത് ? ഫാദര്‍ തിരക്കി. എന്റെ മോനാണച്ചോ അവ പണിതത്. ഇതാ ഇവന്‍. നാലാം ക്ലാസ്സുകാരനെ അടുത്തു നിര്‍ത്തി കാരണവര്‍ പ്രതിവചിച്ചു.

ശില്പിയെക്കാള്‍ വലിപ്പത്തില്‍ പണിത് നിരത്തി വച്ചിരിക്കുന്ന പ്രതിമകളെ കുറേക്കൂടി അടുത്തു നിന്ന് അദ്ദേഹം നിരീക്ഷിച്ചു. നന്നായിരിക്കുന്നു. ഇവന്‍ പഠിക്കുന്നുണ്ടോ ?

ഇല്ലച്ചൊ. അവന്‍ നാലില്‍ നിന്ന് ജയിച്ചെന്നറിഞ്ഞത് ഇന്നാണ്. ഇതാ ഇപ്പോള്‍ വീട്ടില്‍ വന്ന് കയറിയതേയുള്ളൂ ഇവന്‍. കാരണവരുടെ വിനീതമായ വിശദീകരണം.

ഇനി തുടര്‍ന്ന് പഠിപ്പിക്കണമെന്നുണ്ട്. പക്ഷെ അതിനുള്ള കഴിവ് എനിക്കില്ലച്ചൊ. ഫീസു കൊടുത്ത് പഠിപ്പിക്കാനും പുസ്തകം വാങ്ങാനും ഞങ്ങള്‍ക്ക് കഴിവില്ല.

ശരി. സ്‌കൂള്‍ തുറക്കുമ്പോള്‍ രാമപുരം ഇംഗ്ലീഷ് സ്‌കൂളിലേയ്ക്ക് വരൂ. ഇവന് സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാന്‍ ഞാന്‍ വേണ്ടതു ചെയ്യാം. ഫാദര്‍ ഇത്രയും പറഞ്ഞ് നടന്നകന്നു.

അടുത്ത വീട്ടിലെ കിണര്‍ കുഴിച്ചപ്പോള്‍ കിട്ടിയ ചുണ്ണാമ്പു പോലത്തെ മണ്ണു കൊണ്ടും സിമന്റുകൊണ്ടും നിര്‍മ്മിച്ച തന്നെക്കാള്‍ വലിയ പ്രതിമകള്‍ തനിക്കു ഭാഗ്യം കൊണ്ടു വന്നു എന്നറിഞ്ഞ നാലാംക്ലാസ്സുകാരന്‍ ആഹ്ലാദിരേകത്താല്‍ തുള്ളിച്ചാടി.

publive-image

പ്രതിമ നിര്‍മ്മാണം ഒരു ഭ്രാന്തമെന്നു കരുതി ശകാരിച്ചിരുന്ന മാതാപിതാക്കള്‍ക്കും മകന്റെ കരവിരുതില്‍ അന്നാണ് ആദ്യമായി അഭിമാനം തോന്നിയത്. പ്രൈമറി വിദ്യാര്‍ത്ഥിയായിരിക്കെ തടിയില്‍ ചെറിയ ശില്പങ്ങള്‍ പണിത് സതീര്‍ത്ഥ്യര്‍ക്കും നാട്ടുകാര്‍ക്കും നല്‍കി പണം സമ്പാദിച്ചിരുന്നു ഈ പത്തു വയസ്സുകാരന്‍ .

അന്നത്തെ നാലാംക്ലാസ്സുകാരനാണ് പിന്നീട് അറിയപ്പെടുന്ന ശില്പിയും ചിത്രകാരനും എഴുത്തുകാരനുമായ സ്‌കൈലാര്‍ക്ക് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെഒ വര്‍ക്കി മാസ്റ്റര്‍. പ്രൈമറി ഹെഡ്മാസ്റ്ററായി ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍സമയ ശില്പിയായിരുന്നു.

രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ വര്‍ക്കിയ്ക്ക് തുടര്‍ന്ന് പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും മൂങ്ങാമാക്കലച്ചന്‍ അതിനോടകം സ്ഥലം മാറി പോയതിനാല്‍ നിരാശനാകേണ്ടി വന്നു.

എങ്കിലും 1952-ല്‍ ഡ്രോയിംഗിന്റെയും പെയിന്റിംഗിന്റെയും ലോവറും 53-ല്‍ ഹയറും പാസ്സായി. ഏതാനും മാസം അന്നത്തെ കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ആര്‍ട്ടിസ്റ്റ് രാമന്റെ പക്കല്‍ നിന്ന് ശാസ്ത്രീയമായി ശില്പനിര്‍മ്മാണം അഭ്യസിച്ചു.

കൊച്ചിയില്‍ ഡ്രോയിംഗ് എംജിറ്റി പരീക്ഷയ്ക്ക് സൂപ്പര്‍വൈസറായിരുന്ന മട്ടാഞ്ചേരിക്കാരന്‍ പിറ്റേവര്‍ഷം ഹയര്‍ പരീക്ഷയ്ക്ക് വര്‍ക്കിയോടൊപ്പം പരീക്ഷയ്ക്ക് ചേര്‍ന്നപ്പോള്‍ വര്‍ക്കിയുടെ സ്‌കെച്ച് കോപ്പിയടിച്ചാണ് പാസ്സായത്. അന്ന് വരച്ച ചിത്രങ്ങള്‍ കണ്ട് ജസ്റ്റിസ് എംഎസ് മേനോന്‍ വര്‍ക്കിയെ പ്രശംസിക്കുകയുണ്ടായി.

1954-ല്‍ കലയന്താനി സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. അദ്ധ്യാപനത്തോടൊപ്പം ശില്പനിര്‍മ്മാണത്തിനും ചിത്രരചനയ്ക്കും നാടക പ്രവര്‍ത്തനത്തിലും വ്യാപൃതനായി.

കേരളത്തിന്റെ വടക്കേയറ്റത്ത് ചെമ്പേരിമുതല്‍ ആലപ്പുഴ വരെ തന്റെ കരവിരുതില്‍ തീര്‍ത്ത ശില്പങ്ങള്‍ സ്ഥാപിക്കപ്പെട്ടു. വിദേശത്ത് ജര്‍മ്മിനിയിലും ഇറ്റലിയിലും വരെ നൂറുകണക്കിന് പോര്‍ട്രെയിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. തൊടുപുഴ ഉപാസന ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി ചിത്രമാണ് ഏറ്റവും വലുതും ശ്രദ്ധിക്കപ്പെട്ടതും.

കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ഓരോ ക്ലാസ്സ് മുറികളിലുമായി ഡസന്‍ കണക്കിന് മഹാരഥന്‍മാരുടെ പോര്‍ട്രെയിറ്റുകള്‍ ആകര്‍ഷണീയമായി പൂര്‍ത്തിയാക്കി സ്ഥാപിച്ചിരിക്കുന്നു. ഒപ്പം തേക്കു പലകയില്‍ അവരുടെ ഉദ്ധരണികളും.

നാടകരചനയും അവതരണവും അഭിനയവും അദ്ധ്യാപകജീവിതത്തിനിടയില്‍ അനസ്യൂതം തുടര്‍ന്നു. 1954-ല്‍ തകര്‍ന്ന ബന്ധങ്ങള്‍ എന്ന നാടകം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു കൊണ്ടാണ് തുടക്കം. 58-ല്‍ തൊടുപുഴ വച്ചു നടന്ന സംസ്ഥാന നാടകമത്സരത്തില്‍ ഇടയനും തൊഴുത്തും എന്ന നാടകത്തിന് അവതരണത്തിന് ഒന്നാം സ്ഥാനവും ഇലവുങ്കന്‍ എന്ന കഥാപാത്രത്തെ തന്മയത്വമായി രംഗത്തവതരിപ്പിച്ച സ്‌കൈലാര്‍ക്കിന് നല്ല നടനുള്ള സമ്മാനവും ലഭിച്ചു.

ഇളംദേശം ബ്ലോക്ക് ഉദ്ഘാടനത്തിന് അരങ്ങേറിയ സ്‌കൈലാര്‍ക്കിന്റെ നടവരമ്പ് എന്ന നാടകത്തിന് അന്നത്തെ ഗവര്‍ണ്ണറായിരുന്ന വിവി ഗിരിയില്‍ നിന്നും അവാര്‍ഡ് ലഭിച്ചു. ഒട്ടേറെ ഏകാങ്കങ്ങള്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലുകള്‍ക്കായി എഴുതി സംവിധാനം ചെയ്തു. വര്‍ണ്ണ സര്‍പ്പം, നദിയുടെ സ്വപ്നം, ഒയാസിസ്, യുഗസംക്രമം തുടങ്ങിയ ഏകാങ്കങ്ങള്‍ക്കെല്ലാം ജില്ലാ തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

ശാന്തിദൂതന്‍ എന്ന പേരില്‍ സിക്ക് ഭീകരതയ്‌ക്കെതിരെ റേഡിയോ നാടകമെഴുതിയത് തിരുവനന്തപുരം നിലയം സംപ്രേഷണം ചെയ്തിട്ടുണ്ട്. മുളപ്പുറത്ത് വച്ച് തൂവലും തൂമ്പയും എന്ന നാടകം അരങ്ങേറവെ ഒരു പ്രധാന നടന് പെട്ടെന്ന് രോഗബാധിതനായ ഘട്ടത്തില്‍ നിമിഷനേരം കൊണ്ട് സ്റ്റേജില്‍ പകരക്കാരനായി വന്ന് കാണികളുടെ പ്രശംസ നേടി.

തൊടുപുഴയില്‍ വച്ച് വയലും വീടും പരിപാടിയില്‍ ശാന്തിദൂതന്‍ എന്ന ആകര്‍ഷണീയമായ പ്ലോട്ട് അവതരിപ്പിച്ച് മന്ത്രി സുന്ദരത്തില്‍ നിന്നും അവാര്‍ഡ് നേടി.

അദ്ധ്യാപനത്തില്‍ നിന്നും വിരമിച്ചശേഷം ശില്പനിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സ്‌കൈലാര്‍ക്ക് ഒട്ടേറെ മനോഹരശില്പങ്ങള്‍ക്ക് രൂപം നല്‍കി. ഒട്ടേറെ ശില്പങ്ങളുള്ള എറണാകുളത്ത് കലാഭവനു മുമ്പില്‍ സ്ഥാപിക്കാന്‍ സ്‌കൈലാര്‍ക്ക് നിര്‍മ്മിച്ച ആബേലച്ചന്റെ പ്രതിമയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

publive-image

കോതമംഗലത്തിനടുത്ത് നെല്ലിമറ്റത്ത് സ്ഥാപിച്ച ആബേലച്ചന്റെ പൂര്‍ണ്ണകായ പ്രതിമ അനുപമവും നിസ്തുലവുമാണ്. പൂര്‍ണ്ണകായ പ്രതിമയ്ക്കു വേണ്ട ശരിയായ ഭാവവും കാലന്‍കുട നിലത്തു കുത്തിയുള്ള നടപ്പും യാതൊരു ഫോട്ടോയും ഇല്ലാതെ സ്വന്തം ഭാവനയില്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചതാണ്.

സ്‌കൈലാര്‍ക്കിന്റെ പ്രതിമാനിര്‍മ്മാണം വേറിട്ടൊരു ശൈലിയിലും ഘടനയിലുമാണ്. ആദ്യം പ്രതിമയ്ക്ക് വേണ്ട ആകൃതിയില്‍ കമ്പി വെല്‍ഡ് ചെയ്ത് ഫ്രെയിം ഉണ്ടാക്കുന്നു. തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത് ബെയ്‌സ് ഉണ്ടാക്കുന്നു. പിന്നീട് വെള്ളാരംകല്ല് പൊടിച്ചതും വൈറ്റ് സിമന്റും മാര്‍ബിള്‍ പൊടിയും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് മുട്ടവെള്ളയില്‍ കുഴച്ച് അവസാനരൂപം വരുത്തുന്നു.

ഇങ്ങനെ നിര്‍മ്മിച്ച ക്രിസ്തുവിന്റെ കുരിശിന്റെ വഴിയിലെ 14 രംഗങ്ങള്‍ ഭാവതീവ്രതയോടെ ചാതുര്യമാര്‍ന്ന ശില്പസമുച്ചയം ഈരാറ്റുപേട്ടയ്ക്കടുത്ത് അയ്യമ്പാറയില്‍ സ്ഥാപിച്ചിരിക്കുന്നു. ഈ ശില്പസമുച്ചയത്തിന് പാലാ മെത്രാനില്‍ നിന്നും ട്രോഫിയും അവാര്‍ഡും ലഭ്യമായി.

ആബേലച്ചന്റെ പ്രതിമയ്ക്ക് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിന്നും അവാര്‍ഡും പ്രശംസാപത്രവും സ്വീകരിച്ചിട്ടുണ്ട്. അയ്യമ്പാറയിലെ ശില്പസമുച്ചയത്തിലെ 14 ക്രിസ്തു രൂപങ്ങള്‍ക്കും മറ്റ് രൂപങ്ങള്‍ക്കും വ്യത്യസ്ഥമായ രൂപഭാവങ്ങള്‍ നല്‍കിയിരിക്കുന്നു. ഇതുപോലൊന്ന് കേരളത്തില്‍ ആദ്യമാണ്.

കലയന്താനി പള്ളിക്കു മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തു പ്രതിമ പണിതു കൊണ്ടിരിക്കെ ശില്പി വീണ് കയ്യൊടിഞ്ഞെങ്കിലും വശമില്ലാത്ത ഇടതുകൈ കൊണ്ട് നിശ്ചതദിവസം തന്നെ പണി പൂര്‍ത്തിയാക്കിയ സംഭവവുമുണ്ട്.

ചെറുപ്പകാലം മുതല്‍ മനസ്സില്‍ താലോലിച്ചു വന്നതും നാട്ടിലുള്ള ഗാന്ധിപ്രതിമകള്‍ മിക്കതും ഗാന്ധിജിയുടെ ശരീരപ്രകൃതിയോട് നീതി പുലര്‍ത്താത്തതിന്റെ അമര്‍ഷവും കാരണം ഒരു വര്‍ഷത്തോളം സമയമെടുത്ത് പണിത് പൂര്‍ത്തിയാക്കിയ ഗാന്ധി പ്രതിമ തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ തെറ്റായ ധാരണകളുടെയോ നിഗൂഢ താല്‍പ്പര്യങ്ങള്‍ കാരണമോ തിരസ്‌കരിച്ചതിന്റെ മനോവ്യഥയിലും നിരാശയിലുമായിരുന്നു ഈ ശില്പി.

പ്രതിമ തിരസ്‌കരിച്ചതിനെ പറ്റിയുള്ള പ്രതികരണം ഇങ്ങനെ...

ഞാന്‍ 2005 ജനുവരി ആദ്യം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാനെ കണ്ട് തൊടുപുഴയില്‍ ഒരു ഗാന്ധിപ്രതിമ സ്ഥാപിക്കുന്നതിനെ പറ്റി സംസാരിച്ചു. തൊടുപുഴയില്‍ ഒരുദേശീയ നേതാവിന്റെയും പ്രതിമ ഇല്ലാത്തതിനാലും സംസ്ഥാനത്ത് നിലവിലുള്ള ഗാന്ധിപ്രതിമകള്‍ മിക്കതും ഗാന്ധിജിയുമായി സാമ്യമില്ലാത്തതിനാലും ചെറുപ്പം മുതലുള്ള ആഗ്രഹവും നിമിത്തമാണ് അഞ്ചാറു വര്‍ഷമായി ഇതിനുവേണ്ടി ശ്രമിച്ചത്.

അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ പ്രതിമ പണി പൂര്‍ത്തിയാക്കി വിവരമറിയിച്ചു. അദ്ദേഹവും രണ്ട് കൗണ്‍സിലര്‍മാരും പ്രതിമ വന്ന കണ്ട് തൃപ്തിപ്പെട്ട് തിരികെ പോയി. പിന്നീട് കൗണ്‍സില്‍ യോഗത്തിനു ശേഷം തിരക്കിയപ്പോള്‍ പ്രതിമ നിര്‍മ്മാണം മറ്റൊരു ശില്‍പ്പിയെ ഏല്‍പ്പിച്ചു എന്നറിയിച്ചു.

publive-image

അതിന് ഉപോല്‍ബലകമായി പറഞ്ഞ ന്യായങ്ങള്‍-

എന്നേക്കാള്‍ കൂടുതല്‍ പ്രതിമകള്‍ നിര്‍മ്മിച്ചത് രണ്ടാമത്തെ ശില്പിയാണ്. അദ്ദേഹം മീന്‍കുന്നത്ത് നിര്‍മ്മിച്ച പ്രതിമ മനോഹരമാണ്. കൂടാതെ ഗാന്ധിപ്രതിമകളെല്ലാം നില്‍ക്കുന്നതാകയാല്‍ ഇരിക്കുന്ന പ്രതിമയാണ് തൊടുപുഴയ്ക്ക് വേണ്ടത്.

മേല്‍പ്പറഞ്ഞ മൂന്നു ന്യായങ്ങളും അബദ്ധജഡിലവും അസത്യവുമാണ്.

അദ്ദേഹം (ശില്പി) ജനിക്കുന്നതിനു വളരെ മുമ്പേ ഞാന്‍ 1944 മുതല്‍ പ്രതിമകള്‍ നിര്‍മ്മിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം 17 പ്രതിമകള്‍ പണിത് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തികത്തും പുറത്തും ഇരിക്കുന്ന ഗാന്ധിപ്രതിമകള്‍ ധാരാളമുണ്ട്. ലണ്ടനിലും ന്യൂഡല്‍ഹിയിലും കൊച്ചിയില്‍ രണ്ടിടത്തും ഇരിക്കുന്ന ഗാന്ധിപ്രതിമകളാണുള്ളത്.

മീന്‍കുന്നത്തെ പിയാത്ത മനോഹരമാണ്. പക്ഷെ ആ പ്രതിമ വത്തിക്കാനിലെയും മറ്റു പല സ്ഥലത്തെയും പ്രതിമകളുടെ തനി അനുകരണമാണ്. അങ്ങനെ അനുകരിച്ച് പ്രതിമ നിര്‍മ്മിക്കാന്‍ വലിയ ഭാവനയോ വൈദഗ്ദ്ധ്യമോ ഒന്നും ആവശ്യമില്ല. എന്നാല്‍ നെല്ലിമറ്റത്ത് ശരിയായ ഫോട്ടോ പോലുമില്ലാതെ പറഞ്ഞുകേട്ടും മുമ്പ് കണ്ടും അറിഞ്ഞ കാര്യങ്ങള്‍ ഭാവനയില്‍ കണ്ട് കാലന്‍കുട കുത്തിപ്പിടിച്ചു നില്‍ക്കുന്ന ആബേലച്ചന്റെ പൂര്‍ണ്ണകായ പ്രതിമ ആരെയും അതിശയിപ്പിക്കുന്നതാണ്.

ഞാന്‍ ഒരുവര്‍ഷത്തോളമെടുത്ത് നിര്‍മ്മിച്ച ഗാന്ധി ശില്പത്തെ പത്രങ്ങളും ശില്പികളും നിരവധി കലാകാരന്മാരും പ്രശംസിച്ചിട്ടുള്ളതാണ്.

ഇപ്പോള്‍ തൊടുപുഴയില്‍ സ്ഥാപിതമായ പ്രതിമ തീര്‍ത്തും ഫിനിഷിംഗ് ഇല്ലാത്തതും മൂന്നിരട്ടിയോളം നീണ്ട കഴുത്തും ശോഷിച്ച കൈകാലുകളും സാമ്യമില്ലാത്ത മുഖത്തോടു കൂടി വികൃതമായതുമാണ്.

നിലവാരമില്ലാത്ത ഗാന്ധിശില്പങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് നിരോധിക്കണമെന്നും മോശമായവ എടുത്തു മാറ്റണമെന്നും ഈ ശില്പി രോഷത്തോടെ ആവശ്യപ്പെടുന്നു.

തന്റെ മനോഹരമായ ഗാന്ധിശില്പം ഗൂഢലക്ഷ്യങ്ങളോടെ തിരസ്‌കരിച്ചതില്‍ ഏറെ ഖിന്നനാണ് സ്‌കൈലാര്‍ക്ക്. മറ്റു ജില്ലകളില്‍ തന്റെ ശില്പങ്ങള്‍ ധാരാളമായി സ്ഥാപിക്കുപ്പെടുമ്പോള്‍ സ്വന്തനാടായ തൊടുപുഴ ഇദ്ദേഹത്തെ തഴയുകയും അപമാനിക്കുകയുമായിരുന്നു.

കാലം തളര്‍ത്താതെ ശില്പലോകത്ത്

യേശുക്രിസ്തുവിന്റെയും മഹാത്മാഗാന്ധിയുടെയും പൂര്‍ണ്ണകായ പ്രതിമകള്‍ ഉള്‍പ്പെടെ ശില്‍പ്പങ്ങള്‍ തീര്‍ത്ത് ശ്രദ്ധേയനാവുകയായിരുന്നു സ്‌കൈലാര്‍ക്ക് എന്നറിയപ്പെടുന്ന റിട്ട. ഹെഡ്മാസ്റ്റര്‍ കെഒ വര്‍ക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തുടങ്ങിയ ശില്‍പ്പനിര്‍മ്മാണത്തോടുള്ള കമ്പം ഏതാനും വര്ഷം മുൻപ് വരെ തുടർന്നിരുന്നു.

കലയന്താനി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന കെഒ വര്‍ക്കി അധ്യാപന ജീവിതത്തിനിടയിലും ഒട്ടേറെ ശില്‍പ്പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. മനോഹരങ്ങളായ ഓയില്‍ പെയിന്റിംഗുകളും നാടകവും നോവലും ഉള്‍പ്പെടെ നാല് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ചെറുപ്പത്തില്‍ തടി കൊണ്ടുള്ള പ്രതിമകളായിരുന്നു നിര്‍മ്മിച്ചിരുന്നത്. കുമ്പിള്‍ തടി കിട്ടാന്‍ ബുദ്ധിമുട്ടായതോടെ കോണ്‍ക്രീറ്റ് ശില്പങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കലയന്താനി പള്ളിയിലെ യൗസേഫ് പിതാവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ തടിയില്‍ കൊത്തി നല്‍കിയതാണ്.

സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷമാണ് കോണ്‍ക്രീറ്റ് ശില്പങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. കലയന്താനി പള്ളിയുടെ നടയില്‍ കൈ ഉയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുവിന്റെ ശില്പം വര്‍ഷങ്ങള്‍ക്കു മുമ്പ് തീര്‍ത്തതാണ്. കലയന്താനി സ്‌കൂളിന് മദര്‍ തെരേസയുടെ അര്‍ദ്ധകായ പ്രതിമ നിര്‍മ്മിച്ചു നല്‍കി.

2002-ല്‍ എറണാകുളം കലാഭവന്റെ മുമ്പില്‍ സ്ഥാപിക്കാന്‍ ഫാ. ആബേലിന്റെ മനോഹരമായ അര്‍ദ്ധകായ പ്രതിമ നിര്‍മ്മിച്ചു. കോതമംഗലത്തുള്ള കലാഭവന്റെ മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന ആബേലച്ചന്റെ പൂര്‍ണകായ പ്രതിമയും വര്‍ക്കിയുടെ സൃഷ്ടിയാണ്.

ഈരാറ്റുപേട്ടയ്ക്കടുത്ത് അയ്യമ്പാറ പള്ളിയുടെ സമീപത്തെ മലയില്‍ സ്ഥാപിക്കാന്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച കുരിശിന്റെ വഴിയുടെ മനോഹരങ്ങളായ 14 ശില്പങ്ങള്‍ ഒരു വര്‍ഷം കൊണ്ടാണ് തീര്‍ത്തത്.

സ്‌കൈലാര്‍ക്കിന്റെ കരവിരുതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമ. ഒന്‍പത് അടി ഉയരവും ഒന്നര ടണ്‍ ഭാരവുമുള്ള ശില്പം ഏവരെയും ആകര്‍ഷിക്കും.

മാര്‍ബിള്‍, വെള്ളാരംകല്ല്, വെള്ള സിമന്റ് എന്നിവ മിശ്രിതമാക്കി മുട്ടവെള്ളയില്‍ ചാലിച്ച് പ്രത്യേക അനുപാതത്തില്‍ കൂട്ടിയാണ് പ്രതിമകള്‍ നിര്‍മ്മിക്കുന്നത്.

തുമ്പച്ചിമലയില്‍ സ്ഥാപിക്കാന്‍ അബ്രാഹത്തിന്റെ ബലിയുടെ ശില്പം നിര്‍മ്മിച്ചു. പള്ളികളില്‍ സ്ഥാപിക്കാനുള്ള ഹന്നാന്‍വെള്ള പാത്രങ്ങള്‍, മനോഹരങ്ങളായ ഓയില്‍ പെയിന്റിംഗുകള്‍ എല്ലാം ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. തൊടുപുഴ ഉപാസനയില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പെയിന്റിംഗ് ഇദ്ദേഹത്തിന്റേതാണ്.

കലയന്താനി യുഗശില്പി ക്ലബ്ബിന്റെ പ്രവര്‍ത്കന്‍ കൂടിയായ ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തനരംഗത്തും മുന്‍പന്തിയില്‍ നിന്നിരുന്നു. കലാ രംഗത്ത് ഒട്ടേറെ ഓർമ്മകൾ നില നിർത്തിക്കൊണ്ടാണ് വർക്കി സാർ വിടപറയുന്നത്...

idukki news
Advertisment