Advertisment

തല്ലിക്കൊഴിച്ച പൂമൊട്ട് …

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

"ഗോപേട്ടാ "

മാലതി ഗോപന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുവെച്ചു മെല്ലെ വിളിച്ചു..

പാതി മയക്കത്തിലായ ഗോപൻ കണ്ണ് തുറന്നു..

"എന്താടോ പത്നി താൻ ഉറങ്ങിയില്ലേ "

"എനിക്ക് ഉറക്കം വരുന്നില്ല ഗോപേട്ടാ"

"ഇപ്പോൾ ഉറക്കം വരാതിരിക്കാൻ എന്താ കാരണം, ഉറങ്ങാനുള്ള ഡോസ് ഞാൻ തന്നതാണല്ലോ, എന്താ ഒന്നൂടെ വേണോ എന്റെ പ്രിയതമക്ക് " ഗോപൻ അവളെ കൈകൾ കൊണ്ടു ചേർത്തു പിടിച്ചു..

"ഒന്ന് പോയെ ഗോപേട്ടാ, എപ്പോളും ഒരു തമാശ, ഒരുമാതിരി കൊച്ച് പിള്ളേരെ പോലെ " അവൾ അവന്റെ കൈകൾ തട്ടിമാറ്റി..

"എന്താടോ ഇപ്പോൾ തന്റെ പ്രശ്നം, അപ്പച്ചിയുടെ വീട്ടിൽ പോയി വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു നിന്നെ.. നിനക്കെന്തു പറ്റി.. എന്തെങ്കിലും വയ്യായ്ക ഉണ്ടോ മാലു"

ഗോപൻ അവളുടെ നേരെ തിരിഞ്ഞു കിടന്നു ചോദിച്ചു..

"അയ്യോ നീ കരയുകയാണോ, എന്താടി നിനക്ക്. ഈ പാതിരക്കു ഉറങ്ങാതെ നീ എന്തിനാ കരയുന്നത് "

"ഒന്നുല്ല ഗോപേട്ടാ ഓരോന്ന് ഓർത്തുകിടന്നു ഉറക്കം വന്നില്ല. അപ്പോൾ വെറുതെ സങ്കടം വന്നു "

"എന്താ ഇത്രയും ഓർക്കാനുള്ളത് എന്റെ പ്രിയതമക്ക്.. മക്കളെ കെട്ടിക്കുന്ന കാര്യമാണോ.. അതോ കൊച്ചുമക്കൾ ഉണ്ടാകുന്നതു ഓർത്തിട്ടാണോ " ഗോപൻ പൊട്ടിച്ചിരിച്ചു..

"ഗോപേട്ടാ എങ്ങനെ കഴിയുന്നു ഇങ്ങനെ ചിരിക്കാൻ "

"പിന്നെന്താ ഞാൻ വേണ്ടത് നീ എന്തിനോ വേണ്ടി കരയുമ്പോൾ ഞാനും കരയണോ കൂടെ.. അല്ലെങ്കിൽ കാര്യം പറയുക.. ഇത് മനുഷ്യനെ ഉറക്കാതിരിക്കാൻ പാതിരക്കു " ഗോപൻ ചെറിയൊരു ദേഷ്യത്തോടെ കൈ അവളിൽ നിന്നും മാറ്റി..

"നമ്മളാരെയും ദ്രോഹിച്ചിട്ടില്ലല്ലോ ഗോപേട്ടാ പിന്നെന്താ നമുക്കൊരു കുഞ്ഞിനെ ദൈവം തരാത്തത് "

പെട്ടെന്നുള്ള അവളുടെ ചോദ്യം അയാളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി.. ഇല്ലേ താൻ ദ്രോഹിച്ചിട്ടില്ലേ ആരെയും.. അയാളെ ആ ചോദ്യം വീണ്ടും വീണ്ടും ഞെട്ടിച്ചു...

"ഇന്ന് അപ്പച്ചിയുടെ മോൾടെ നൂലുകെട്ടിനു ചെന്നപ്പോൾ പലരും എന്നെ പരിഹാസത്തോടെ ആണ് ഗോപേട്ടാ നോക്കിയത് "

"അതെന്തിന്, നീയെന്താ വിവസ്ത്ര ആയിരുന്നോ ഇത്രയും പരിഹസിക്കാൻ "

"അമ്മയാകാൻ കഴിയാത്തവൾ അല്ലെ ഞാൻ, ഞാൻ ഗോപേട്ടന്റെ ജീവിതം കൂടി കളയുന്നു എന്നാണ് എല്ലാവർക്കും തോന്നുന്നത് "

"അങ്ങനെ ആരെങ്കിലും പറഞ്ഞോ "

"സുമതിയപ്പച്ചി പറയുവാ, "എന്റെ വാസൂന്റെ പ്രായമാണ് ഗോപന് അവന്റെ മോളെ കെട്ടിക്കാറായി, അന്ന് തെക്കേലെ ഗോവിന്ദ മാമന്റെ മോൾ വനജക്ക് ഗോപനെ ഒരുപാട് ഇഷ്ടം ആയിരുന്നു, അവളെയെങ്ങാനും കെട്ടിയിരുന്നെങ്കിൽ ഇന്ന് ഗോപന്റ മക്കളും വിവാഹപ്രായം ആയേനെ, എന്ന് "..

അവളുടെ സംസാരം കേട്ട ഗോപന്റെ മനസ്സിലേക്ക് വനജയുടെ മുഖം കടന്നുവന്നു.. വനജ തന്നെക്കാൾ രണ്ടുവയസ്സിനു ഇളയവൾ ആയിരുന്നു..

ഓർമ്മവെച്ച കാലം മുതൽ തന്റെ കളിക്കൂട്ടുകാരി.. പാടത്തും പറമ്പിലും മഴയത്തും വെയിലത്തും മഴയത്തുമെല്ലാം ഒരുമിച്ചായിരുന്നു കളികൾ...

പഠിക്കാൻ വളരെ പിറകോട്ട് ആയിരുന്ന അവൾ അല്പം ബുദ്ധിക്കുറവുള്ള കൂട്ടത്തിൽ ആയിരുന്നു… എപ്പോളും ചിരിയും കളിയും ഭക്ഷണം കഴിക്കലും മാത്രം..

വനജ ആഹാരം കഴിക്കുന്നത് കണ്ടാൽ തോന്നും പട്ടിണി കിടന്ന കുട്ടിയാണെന്ന്.. എല്ലാകാര്യത്തിലും പെടപ്പ് ആയിരുന്നു അവൾക്കു..

"ദാസേട്ടാ, കഴുകാനുള്ള ഉടുപ്പൊക്കെ ഇങ്ങ് താ ഞാൻ കഴുകിയിടം "

"ദേ പെണ്ണെ നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നേ ദാസേട്ടൻ എന്ന് വിളിക്കരുത്... ആരാണ് നിന്റെ ദാസൻ ഞാനോ.. പറ ഞാൻ നിന്റെ ദാസനാണോ "

ഗോപൻ ദേഷ്യത്തോടെ അവളുടെ നേരെ തിരിഞ്ഞു... വനജ ഉറക്കെ കരഞ്ഞു... കരച്ചിൽ കേട്ടാണ് ഗോപന്റെ അമ്മ അങ്ങോടു വന്നത്..

"എന്താ, എന്താ ഇവിടെ എന്തിനാണ് കുട്ടി കരഞ്ഞത്, എന്താടാ അസത്തെ നീ കുട്ടിയെ ചെയ്തത് "

"അമ്മാ ഞാൻ ഒന്നും ചെയ്തില്ല ഈ വട്ടത്തി വെറുതെ കാറുന്നതാണ്.. പിന്നെ അമ്മേ ഇവളോട് എന്നേ ദാസേട്ടൻ എന്ന് വിളിക്കേണ്ട എന്ന് പറഞ്ഞു കൊടുത്തേക്ക്‌... എന്റെ പേര് ഗോപൻ എന്നേ അങ്ങനെ വിളിച്ചാൽ മതി "

"ദാസൻ എന്ന് വിളിച്ചാൽ എന്താ.. നിന്റെ പേര് ഗോപീദാസൻ എന്നല്ലേ "

"ഈ ദാസൻ ഞാൻ അങ്ങ് മാറ്റി, ഇനി ഞാൻ ഗോപൻ ആണ്,"

ഗോപൻ ദേഷ്യത്തോടെ വീട്ടിൽനിന്നും ഇറങ്ങിപ്പോയി...

അങ്ങനെ ഗോപനും വനജയും വഴക്കും കളിയും ചിരിയുമായി വളർന്നു..ഡിഗ്രി പഠനം പൂർത്തിയായ ഗോപൻ റ്റി റ്റി സി പഠിക്കുവാൻ ടൗണിൽ ചേർന്നു…

പത്താം ക്ലാസ്സ്‌ കഷ്ടിപാസ്സായ വനജയെ പിന്നെ വീട്ടുകാർ പഠിക്കാൻ വിട്ടില്ല... അവൾക്കൊപ്പം പഠിച്ച കുട്ടികളൊക്കെ പ്രീഡിഗ്രി ആയിരുന്നു അപ്പോൾ..

ആഴ്ചയിൽ ഒന്ന് വീട്ടിൽ വരുന്ന ഗോപൻ ഒരാഴ്ചത്തെ വസ്ത്രങ്ങൾ കഴുകാൻ കൊണ്ടുവരും… വനജ എല്ലാം കഴുകി ഉണങ്ങി ഇസ്തിരിയിട്ട് കൊടുക്കും…

വളരും തോറും വനജ കൂടുതൽ കൂടുതൽ മിടുക്കിയായി വന്നു… ഭക്ഷണം ഉണ്ടാക്കാനൊക്കെ അവൾക്കു ഒരുപാട് ഇഷ്ടമാണ്…

ഗോപന് ഇഷ്ടമുള്ള ഭക്ഷണമൊക്കെ അവൾ ഉണ്ടാക്കി കൊടുക്കും… അവൾക്കു ഗോപനോട് ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു… അവൻ പക്ഷെ അവളെ അവഗണിക്കുകയും…

ഒരു ഞായറാഴ്ച്ച ഗോപന്റെ അച്ഛനും അമ്മയും അനുജത്തിയും ഒരു ബന്ധുവിന്റെ കുഞ്ഞിനെ കാണുവാൻ ആശുപത്രിയിൽ പോയതായിരുന്നു.. നല്ല മഴയും…

അവൻ ഊണ് കഴിച്ചു അല്പം വിശ്രമിക്കാൻ കിടക്കാൻ തുടങ്ങുമ്പോൾ ആണ് വാതിലിൽ ഒരു മുട്ട് കേൾക്കുന്നത്… അച്ഛനും അമ്മയും പോയതേ ഉള്ളല്ലോ..

പിന്നെ ഇപ്പോൾ ആരാണ്… അവൻ ചെന്ന് വാതിൽ തുറന്നു . പുറത്ത് നനഞ്ഞു ഒട്ടിയ വസ്ത്രവുമായി വനജ…

"നീയെന്താ നനഞ്ഞു വന്നത്, കുട എടുത്തില്ലേ "

"കുട എടുത്തു ഇറങ്ങിയതാ ദാസേട്ടാ.. പാടത്തെ കൈത്തോട്ടിലേക്ക് ഞാൻ കാൽ തെന്നി വീണു… നല്ല ഒഴുക്കുണ്ടാരുന്നു വെള്ളത്തിനു കുട എന്റെ കൈവിട്ടു പോയി… ഞാൻ ഒരുവിധം പിടിച്ചു കേറി "

"മം നീ ചെന്ന് ഗീതുവിന്റെ ഡ്രസ്സ് ഏതെങ്കിലും എടുത്തിടു… തലയും തോർത്ത്‌ "

അവൾ അകത്തേക്ക് കേറി... ഗോപന്റെ കണ്ണുകൾ അവളുടെ നനഞ്ഞൊട്ടിയ മേനിയിലൂടെ ഒന്ന് പാഞ്ഞുപോയി... അവൾ വേഗം ഗീതുവിന്റെ മുറിയിലേക്ക് കേറി വാതിൽ അടച്ചു…

ഗീതു ചുരിദാർ മാത്രമേ ഇടാറുള്ളു... വനജ കൂടുതൽ പാവാടയും ജാക്കറ്റും ആണ് ധരിക്കാറ്.. അലമാരയിൽ നിന്നും ഗീതുവിന്റെ ഒരു ചുരിദാർ എടുത്തു...

അവൾ ഇട്ടിരുന്ന ജാക്കറ്റ് ഊരാൻ നന്നേ പാടുപെട്ടു... നനഞ്ഞതിനാൽ ദേഹത്തേക്ക് ഒട്ടിപോയിരുന്നു ജാക്കറ്റ്... ഒരുവിധം ജാക്കറ്റ് ഊരി ചുരിദാർ ഇടാൻ തുടങ്ങിയപ്പോളാണ് വാതിൽ ഞെരിയുന്ന ശബ്‍ദം കേട്ടതു... അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി… ഗോപൻ..

"ദാസേട്ടാ ഞാൻ അങ്ങോടു വരാം ഏട്ടൻ പുറത്തേക്കു പോ "

അവൾ പേടിയോടെ പറഞ്ഞു... പക്ഷേ അവൻ അവളുടെ അടുക്കലേക്കു നടന്നടുത്തു... അവൾ ചുരിദാർ ടോപ് കൊണ്ടു മാറ് മറച്ചു പിന്നോട്ട് മാറി... പക്ഷെ ഗോപൻ അവളെ കയറിപിടിച്ചു അപ്പോളേക്കും..

"ദാസേട്ട.. വേണ്ട എന്നെയൊന്നും ചെയ്യരുത്, എനിക്ക് പേടിയാ.. ഞാൻ പൊയ്ക്കോളാം വേഗം "

അവൾ അയാളുടെ കൈകളിൽ കിടന്നു പിടഞ്ഞു... ഗോപൻ അവളെ ബെഡിലേക്കു തള്ളിയിട്ടു.... അയാളുടെ ശരീരം അവളിലേക്ക്‌ അമരും തോറും അവളിലെ സ്ത്രീയും ഉണരുകയായിരുന്നു....

എപ്പോളോ അലസ്യം വേട്ടഴുന്നേറ്റ വനജ നാണത്താൽ കൂമ്പി മിഴികൾ അടച്ചു...

പക്ഷെ ഗോപൻ വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആയിരുന്നു.. അവൻ ദേഷ്യത്തോടെ അവൾക്കുനേരെ തുണികൾ വാരിയെറിഞ്ഞു മുറിവിട്ടുപോയി...

ഗോപന്റെ പെരുമാറ്റം വനജയിൽ ഏറെ വേദന ഉളവാക്കി... ചെയ്തത് തെറ്റെന്നു അറിയാം എങ്കിലും ദാസേട്ടന് മുന്നിൽ തന്റെ മാനം സമർപ്പിച്ചതിൽ അവൾക്കു ഏറെ സന്തോഷം തോന്നി…

പിന്നീടുള്ള ആഴ്ചകളിൽ ഗോപൻ വീട്ടിലേക്കു വരാതായി... എല്ലാ ശെനിയാഴ്ചകളിലും വനജ ഏറെ പ്രതീക്ഷയോടെ ഓടിയെത്തും ദാസേട്ടനെ കാണുവാനായി... അവൻ വന്നിട്ടില്ല എന്നറിയുമ്പോൾ ഉള്ളിൽ ഒരു കടലിരമ്പം തുടങ്ങുകയാണ്...

ഗോപൻ വന്നുപോയിട്ട് ഒരുമാസം കഴിഞ്ഞ ഒരു പുലർച്ചെ കിടക്കവിട്ടെണീറ്റ വനജക്ക്‌ ആകെ അസ്വസ്ഥത.. ചെറുതായി തല പെരുത്ത് കേറും പോലെ....

എണീറ്റ അവൾ വീണ്ടും കിടന്നു... നേരം നന്നായി വെളുത്തിട്ടും അവൾ എണീക്കാതിരുന്നപ്പോൾ അമ്മ വിളിച്ചു..

"മോളെ..നീയെന്താ കുട്ടി ഇത്ര നേരം ആയിട്ടും എണീക്കാത്തത്... ഇതു പതിവില്ലാത്ത കിടത്തം ആണല്ലോ "

"എന്തെന്ന് അറിയില്ല അമ്മ തലയ്ക്കു ഒരു പെരുപ്പ് പോലെ.. എണീക്കാൻ തോന്നുന്നേ ഇല്ലാ "

"അതെന്താ ഇപ്പോൾ പെട്ടന്ന് അങ്ങനെ ഒരു വിഷമം... നീ എഴുന്നേൽക്കു... ഞാൻ ചായ കൊണ്ടുവരാം... കുടിക്കുമ്പോൾ സുഖമാകും "

അമ്മ ചായ എടുക്കാൻ പോയപ്പോൾ വനജ മെല്ലെ എണീറ്റിരുന്നു... കണ്ണുകൾ തുറക്കാൻ വയ്യ വല്ലാത്ത ഷീണം.. അവൾ ഭിത്തിയിൽ ചാരി ഇരുന്നു....

അമ്മ കൊണ്ടുവന്ന ചൂടുചായ ഒരു കവിൾ ഇറക്കും മുന്നേ അവൾ ശർദ്ദിച്ചു... അമ്മ അവളെ കയ്യിൽ പിടിച്ചെഴുന്നേല്പിച്ചു വെളിയിലേക്കു കൊണ്ടുപോയി..

അവൾ കുറേ വെള്ളം പോലെ ശർദ്ദിച്ചു... അമ്മ അവളെ മെല്ലെ ഇറയത്തു ചാരി ഇരുത്തി മുഖമൊക്കെ കഴുകിച്ചു..

"ഈശ്വരാ എന്റെ കുട്ടിക്ക് എന്താണാവോ... ഒരു കുഴപ്പവും ഇല്ലാതിരുന്ന കുട്ടിയ... ഇതിപ്പോ എന്താണോ എന്തോ "

"ആരാണ് ദേവീ ഇവിടെ ശർദ്ദിക്കണത് കേട്ടത് "

അച്ഛൻ ഇറയത്തേക്കു വന്നു..

"ഈ കുട്ടിയാണ്, ഇതിനു എന്തൊക്കെയോ വയ്യായ്ക, തല കറങ്ങുന്നു അത്ര.. ശര്ദിക്കുകയും ചെയ്തു... പ്രഷർ കൂടുകയോ കുറയുകയോ മറ്റോ ആണോ എന്തോ "

"കുറച്ചുകൂടി കാക്കാം ആശ്വാസം ആയില്ലെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകാം "

കുറേ കഴിഞ്ഞു ഭക്ഷണം കഴിക്കാൻ നോക്കിയപ്പോളും വനജ ശർദ്ദിച്ചു... അച്ഛനും അമ്മയും അവളെ ആശുപത്രിയിൽ കൊണ്ടുപോയി...

രോഗവിവരം തിരക്കിയ ഡോക്ടർ ചോദിച്ചു കുട്ടിയുടെ ഭർത്താവ് എവിടെ എന്ന്... വിവാഹം കഴിഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ ഡോക്ടറുടെ മുഖത്തു ഒരു പുച്ഛഭാവം ഉണ്ടായി... ടെസ്റ്റുകൾ കഴിഞ്ഞ ഡോക്ടർ അവളുടെ അമ്മയെ അകത്തേക്ക് വിളിപ്പിച്ചു...

"എന്താ ഡോക്ടർ മോൾക്ക്‌ എന്തെങ്കിലും കുഴപ്പം ഉണ്ടോ "

"കുഴപ്പം ഇല്ലാതില്ല... കല്യാണം കഴിഞ്ഞിട്ടില്ല മോളുടെ അല്ലെ "

"ഇല്ല ഡോക്ടർ "

"മോൾ ഗർഭിണി ആണ് " അത്രയും കേട്ടപ്പോളേക്കും അവർ തളർന്നു പോയി...

"ഈശ്വരാ "... അറിയാതൊരു നിലവിളി അവരിൽ നിന്നും വന്നു...

വീട്ടിൽ വന്ന് കുറേ തല്ലിയിട്ടോ ചോദ്യം ചെയ്തിട്ടോ ഉത്തരവാദി ആരെന്നു മാത്രം അവൾ പറഞ്ഞില്ല.... എല്ലാ ചോദ്യങ്ങൾക്കും മറുപടി മൗനം മാത്രം...

എങ്ങനെ എങ്കിലും ദാസേട്ടനെ കണ്ടേ പറ്റു.... ഗർഭിണി ആണെന്ന് അറിയുമ്പോൾ തന്നെ സ്വീകരിക്കാതിരിക്കില്ല... അവളിൽ നല്ലൊരു പ്രതീക്ഷ ആയിരുന്നു...

ശെനിയാഴ്ച്ച വീട്ടിൽ ആരും അറിയാതെ അവൾ അപ്പച്ചിയുടെ വീട്ടിലേക്കു പോയി..ദാസേട്ടൻ വന്നിട്ടുണ്ടാകും കണ്ടേ പറ്റു.. പക്ഷേ അവൾ ചെന്നപ്പോൾ അവൻ പുറത്തേക്കു പോയിരിക്കുന്നു എന്ന് അപ്പച്ചി പറഞ്ഞു...

"എന്താ മോളെ നിന്റെ മുഖം വല്ലാതിരിക്കുന്നെ... നിനക്കെന്തെങ്കിലും വയ്യായ്ക ഉണ്ടോ "

അപ്പച്ചിയുടെ ചോദ്യത്തിന് ഒരുപൊട്ടിക്കരച്ചിൽ ആയിരുന്നു അവളുടെ മറുപടി... അവരവളെ ചേർത്തുപിടിച്ചു അശ്വസിപ്പിച്ചു... അവരുടെ സ്നേഹപൂർവ്വം ഉള്ള ചോദ്യം ചെയ്യലിൽ അവൾ എല്ലാ സത്യങ്ങളും തുറന്ന് പറഞ്ഞു...

"മോളെ... നീയെന്തൊക്കയാ ഈ പറയുന്നത്... ഗോപൻ നിനക്ക് ഏട്ടനെ പോലെ അല്ലെ.... പിന്നെങ്ങനെ... എന്റെ ഈശ്വരന്മാരെ ഞാനെങ്ങനെ ഇനി ഏട്ടന്റെ മുഖത്തു നോക്കും... മോള് തത്കാലം ആരോടും ഗോപനെക്കുറിച്ച് പറയേണ്ട... അവൻ വരട്ടെ ഞാൻ സംസാരിച്ചു തീരുമാനിക്കാം "

ഗോപൻ വന്നപ്പോൾ അമ്മ കാര്യങ്ങൾ അവനോടു സംസാരിച്ചു.. അവനിൽ പക്ഷേ ഭാവമാറ്റം ഒന്നും ഉണ്ടായില്ല...

"അവൾ ഗർഭിണി ആണെങ്കിൽ ഞാൻ എന്തുവേണം.... എന്റെ ജീവിതം കളഞ്ഞ് ഞാനവളെ കെട്ടണോ.... ഉടനെ തന്നെ ഒരു ഹൈസ്കൂൾ അധ്യാപകൻ ആവേണ്ട ഞാൻ ഒരു പൊട്ടിപ്പെണ്ണിനെ കെട്ടണോ "

"മോനെ അവളുടെ വയറ്റിൽ നിന്റെ കുഞ്ഞ് വളരുന്നു.... അവളുടെ ഭാവി എന്താകും നമ്മൾ ഉപേക്ഷിച്ചാൽ "

"എവിടേലും കൊണ്ടുപോയി അബോർഷൻ ചെയ്യട്ടെ ആ വിഷവിത്തിനെ "

അവൻ ദേഷ്യത്തോടെ വീട്ടിൽനിന്നും ഇറങ്ങിപ്പോയി... ടൗണിൽ ചെന്ന് തന്റെ സുഹൃത്തിനെ കണ്ടു വിവരങ്ങൾ പറഞ്ഞു.... അവനാണ് പ്രശസ്തനായ ഗൈനക്കോളജിസ്റ് ഡോക്ടർ രാമനെ അവനു പരിചയപ്പെടുത്തിയത്..

അദ്ദേഹം കുറിച്ചുകൊടുത്ത ടാബ്‌ലറ്റ് വാങ്ങി അവൻ നേരെ വനജയുടെ വീട്ടിൽ എത്തി... അവൾ മുറിക്കുള്ളിൽ അടച്ചു കിടപ്പു തന്നെ എന്ന് അമ്മായി പറഞ്ഞു..അവൻ ഡോറിൽ മുട്ടിവിളിച്ചപ്പോൾ ഒരുപാട് പ്രതീക്ഷയോടെ ആണ് അവൾ വാതിൽ തുറന്നത്...

"ദാസേട്ടാ... ഞാൻ "

"വേണ്ട എനിക്കൊന്നും കേൾക്കേണ്ട.. ഞാൻ വന്നത് നിന്നെ അനയിച്ചു കൊണ്ടുപോകാൻ അല്ല.. ഞാനൊരു ഗുളിക തരാം അത് കഴിച്ചാൽ നിന്റെ വയറ്റിലെ ആ ചോരത്തുടിപ്പുകൾ പുറംതള്ളിപൊയ്ക്കോളും..."

"ദാസേട്ടാ കുഞ്ഞിനെ കൊല്ലാനോ.. ഞാൻ സമ്മതിക്കില്ല "

"പിന്നെന്താ നിന്റെ പ്ലാൻ... ഈ അസത്തിനെ പെറ്റു വളർത്താനോ "

"ദാസേട്ടൻ എന്റെ കഴുത്തിൽ ഒരു താലി കെട്ടിയാൽ മാത്രം മതി... ഞാൻ ദാസേട്ടന്റെ പെണ്ണായി ജീവിച്ചുകൊള്ളാം "..

"നീ ആവശ്യമില്ലാത്ത കാര്യങ്ങൾക്കു വാശി പിടിക്കേണ്ട... നിന്റെ വാശി ഇങ്ങനെ ആണെങ്കിൽ പിന്നെ ഒരിക്കൽ പോലും നീയെന്നേ കാണില്ല.... എന്റെ ശവം പോലും ആർക്കും കാണാൻ കിട്ടാത്തവിധം ഞാൻ അവസാനിച്ചോളാം...

അതല്ല ഞാൻ പറയുന്നത് അനുസരിച്ചാൽ ഇനിയും നിനക്കെന്നെ കാണാം... എന്റെ മുന്നിൽ ചില ലക്ഷ്യങ്ങൾ ഉണ്ട് അത് എനിക്ക് നേടണം.."

അത്രയും പറഞ്ഞ് അവൻ ഇറങ്ങി നടന്നു...കയ്യിൽ പിടിച്ചിരിക്കുന്ന ഗുളികയുടെ കവറിലേക്ക് അവൾ രൂക്ഷമായി നോക്കി.... തന്റെ വയറ്റിൽ കുരുത്ത കുഞ്ഞുജീവനെ കൊന്നുതള്ളാനുള്ള വിഷം.... ഒരുവശത്തു ദാസേട്ടന്റെ മുഖം....

പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പ്രകൃതം ആണ്… ആദ്യമായി സ്നേഹിച്ച പുരുഷൻ... തന്റെ ശരീരത്തിൽ സ്പർശിച്ച ആദ്യത്തെ പുരുഷൻ...

വയറ്റിൽ കുരുത്തത് അദ്ദേഹത്തിന്റെ കുഞ്ഞല്ലേ.... അദ്ദേഹം ഇല്ലാതെ തനിക്കെന്തിനു ഈ കുഞ്ഞ്... അവൾ ഗുളികയുടെ പാക്കറ്റ് പൊട്ടിച്ചു വായിലേക്ക് ഇട്ടു വിഴുങ്ങി...

ഗോപൻ വീട്ടിൽ ചെന്നതേ ഡ്രസ്സ് മാറി ബാഗ് എടുത്ത് പോകാൻ ഇറങ്ങി...

"നീയെങ്ങോട്ടാ ഇപ്പോൾ " അമ്മയാണ്

"ഞാൻ പോവുകയാണ്, തിങ്കളാഴ്ച്ച ഒരു ഇന്റർവ്യൂ ഉണ്ട്... എനിക്ക് കുറേ പഠിക്കാൻ ഉണ്ട്..."

"അതിനു ഇന്ന് പോണോ.. ഇവിടിരുന്നു പഠിച്ചുകൂടെ നിനക്ക് "

"ഇല്ലമ്മേ എനിക്ക് പോണം... അച്ഛൻ വരുമ്പോൾ ഞാൻ പോയെന്നു പറഞ്ഞേക്ക് "

പിന്നീടുള്ള ആഴ്ചകളിൽ ഗോപൻ വീട്ടിലേക്കു വരാതായി... ടൗണിൽ ഒരു സ്കൂളിൽ അധ്യാപകൻ ആയി ജോലിക്ക് കയറി... ഇടയ്ക്കു അമ്മയെ വിളിച്ചു വിശേഷങ്ങൾ തിരക്കും...

ഒരുദിവസം അമ്മ വിളിച്ചപ്പോൾ പറഞ്ഞു... "മോനെ വനജയുടെ വിവാഹം ആണ് "

"ആണോ.. നല്ല കാര്യം.. ആരാണ് കെട്ടുന്നത് "

"ഏട്ടത്തിയുടെ ഒരു ബന്ധു കൊണ്ടുവന്ന ആലോചന ആണ്... ചെറുക്കൻ ഒരു സർക്കാർ സ്കൂളിൽ പ്യുൺ ആണ്... പക്ഷേ ഒരു കാൽ തളർന്നവൻ ആണ്.... അവൾ കുറേ എതിർത്തു. എല്ലാരും കൂടി ആപാവത്തിനെ കെട്ടിക്കുന്നതാണ് "

അവൻ മറുപടി ഒന്നും പറഞ്ഞില്ല... വൈകാതെ തന്നെ ഗീതുവിന്റെ വിവാഹം നടന്നു.... തലേന്നാണ് ഗോപൻ വീട്ടിൽ എത്തിയത്... വിവാഹത്തിന്റെ അന്ന് യാദൃശ്ചികമായി അവൻ വനജയുടെ മുൻപിൽ പെട്ടുപോയി...

"നിനക്ക് സുഖമാണോ "

"അതെ ദാസേട്ടാ, ദാസേട്ടനോ "

"എനിക്കും... നിനക്കു കുട്ടികൾ "

"ഒരാൾ... മോൻ.. ഇപ്പോൾ രണ്ടുവയസ്സ് ആവുന്നു... ദാസേട്ടന് വിവാഹം "

"ഉടനെ ഉണ്ടാകും... കൂടെ ജോലി ചെയ്യുന്ന മാഷിന്റെ മോൾ ആണ്..."

"വിദ്യാഭ്യാവും സൗന്ദര്യവും ഉള്ളവൾ അല്ലെ ദാസേട്ടാ..."

അപ്പോളേക്കും അമ്മായി കുഞ്ഞിനേം കൊണ്ടു അവർക്കു അടുത്തേക്ക് വന്നു...

"മോന് ഇതാരെന്നു മനസ്സിലായോ.. മോന്റെ മാമൻ ആണ് "

"എന്താ കുഞ്ഞിന്റെ പേര് "

"കൃഷ്ണദാസ്... ദാസ് എന്ന് വിളിക്കും"

അവൾ കുഞ്ഞിനേയും കൊണ്ടു തിരിഞ്ഞു നടന്നു... പിന്നീട് ഇതുവരെ അവളെ കണ്ടിട്ടേ ഇല്ല...

"ഗോപേട്ടാ... എന്താ ഗോപേട്ടന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് "

"എന്റെയോ... ഇല്ല... നിനക്ക് തോന്നുന്നതാണ്... നീകിടന്നു ഉറങ്ങിക്കെ "

അവൻ ഒരു സൈഡിലേക്ക് തിരിഞ്ഞു കിടന്നു... പക്ഷേ അവനു ഉറങ്ങാൻ കഴിഞ്ഞില്ല.... പ്രാണവേദനയാൽ വാവിട്ടു കരയുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മുഖം അവന്റെ ഉറക്കം കെടുത്തി...

-ജോളി ഷാജി

 

 

 

 

cultural
Advertisment