Advertisment

ഏഴാം സ്വർണവുമായി ഇന്ത്യ, നേട്ടം പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍സ് 3 പൊസിഷന്‍ വിഭാഗത്തില്‍; വെള്ളിയുമായി ഇന്ത്യന്‍ വനിത ടീം

New Update
asian

ഹാങ്ചൗ:  ഷൂട്ടിങ് വിഭാഗത്തില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ന് നടന്ന പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍സ് 3 പൊസിഷന്‍ വിഭാഗത്തില്‍  ഇന്ത്യന്‍ സംഘം സ്വര്‍ണം നേടി. ഐശ്വരി പ്രതാപ് സിങ് തോമര്‍, സ്വപ്നില്‍ സുരേഷ് കുസാലെ, അഖില്‍ ഷിയോറന്‍ എന്നിവരാണ് സ്വര്‍ണം വെടിവെച്ചിട്ടത്. 

Advertisment

മൂവരും വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിനും യോഗ്യത നേടി. ഗെയിംസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണിത്. 50 മീറ്റര്‍ റൈഫിള്‍സ് 3 പൊസിഷന്‍ മത്സര ഇനത്തില്‍ പുതിയ ലോക റെക്കോഡ് സ്ഥാപിക്കാനും ഇന്ത്യന്‍ സംഘത്തിനായി. 1769 പോയിന്റ് നേടിയാണ് ഫൈനലില്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. 

കഴിഞ്ഞ വര്‍ഷം യുഎസ്എ സ്ഥാപിച്ച റെക്കോഡാണ് ഇതിലൂടെ ഇന്ത്യ പഴങ്കഥയാക്കിയത്. ഈ മത്സര വിഭാഗത്തില്‍ ചൈനയാണ് വെള്ളി മെഡല്‍ നേടിയത്. 1763 പോയിന്റോടയാണ് ആതിഥേയര്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 1748 പോയിന്റോടെ സൗത്ത് കൊറിയയാണ് വെങ്കലം നേടിയെടുത്തത്.

വെള്ളിയുമായി ഇന്ത്യന്‍ വനിത ടീം: 

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. ഇഷ സിങ് , പാലക് ഗുലിയ , ദിവ്യ സുബ്ബരാജു താഡിഗോ എന്നിവരാണ് ഫൈനലില്‍ രണ്ടാം സ്ഥാനം നേടിയത്. മത്സരത്തില്‍ 1731 പോയിന്റായിരുന്നു മൂവര്‍ സംഘം സ്വന്തമാക്കിയത്.

അഞ്ച് പോയിന്റ് മാത്രം വ്യത്യാസത്തിലാണ് ഈ മത്സരവിഭാഗത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം നഷ്ടമായത്. ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. തായ്വാന്‍ സംഘമാണ് മത്സരത്തില്‍ മൂന്നം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഈ മത്സരത്തിലെ മിന്നും പ്രകടനത്തോടെ വ്യക്തിഗത വിഭാഗത്തില്‍  ഇഷ സിങ്, പാലക് ഗുലിയ എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടി. 

യഥാക്രമം 579, 577 പോയിന്റ് നേടിയാണ് ഇരുവരുടെയും മുന്നേറ്റം. അതേസമയം, 575 പോയിന്റോടെ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ദിവ്യ സുബ്ബരാജുവിന് ഫൈനല്‍ യോഗ്യത നേടാനായില്ല. 

 

Advertisment