Advertisment

കോഹ്ലി നേരത്തെ ഒഴിഞ്ഞു, അപ്രതീക്ഷിതമായി രോഹിതിനെയും മാറ്റി, ഇപ്പോഴിതാ ധോണിയും ! 'ദി എന്‍ഡ് ഓഫ് ആന്‍ എറ'

ടീമുകളുടെ മുഖമെന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ നായകസ്ഥാനത്ത് ഇല്ലാത്ത ഒരു പുതുഘട്ടത്തിലേക്കാണ് ഐപിഎല്ലിന്റെ പ്രവേശം. കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ധോണിയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പിന്മാറുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശജനകമാണ്

author-image
ജയദേവന്‍ എ എം
Updated On
New Update
dhoni rohit virat

ന്ത്യന്‍ പ്രീമിയര്‍ ലീഗിനെ സംബന്ധിച്ചിടത്തോലം ഇത് ഒരു യുഗാന്ത്യഘട്ടമാണ്. ടീമുകളുടെ മുഖമെന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ നായകസ്ഥാനത്ത് ഇല്ലാത്ത ഒരു പുതുഘട്ടത്തിലേക്കാണ് ഐപിഎല്ലിന്റെ പ്രവേശം. വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ധോണിയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പിന്മാറുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശജനകമാണ്.

Advertisment

അപ്രതീക്ഷിതമായാണ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. ടീമിന് അഞ്ചു തവണ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂളിന്റെ പിന്മാറ്റം ആരാധകരെയും ഞെട്ടിച്ചു. റുതുരാജ് ഗെയ്ക്വാദാണ് പുതിയ ക്യാപ്റ്റന്‍. ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണിയില്ലാത്ത ചെന്നൈ ടീമിനെ പല ആരാധകര്‍ക്കും സങ്കല്‍പ്പിക്കാനാകുന്നില്ല. എന്നാല്‍ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന താരത്തിന്റെ ഉചിതമായ തീരുമാനമാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നുള്ള പിന്മാറ്റമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

2010, 2011, 2018, 2021, 2023 വര്‍ഷങ്ങളിലാണ് ധോണിയുടെ കീഴില്‍ ചെന്നൈ ജേതാക്കളായത്.

അഞ്ച് തവണ റണ്ണേഴ്‌സ് അപ്പുമായി. ഐ.പിഎല്ലിന് പുറമേ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടവും ധോനിക്ക് കീഴില്‍ ചെന്നൈ നേടിയിട്ടുണ്ട്.  2010, 2014 വര്‍ഷങ്ങളിലായിരുന്നു ഈ നേട്ടം.

2022ലും ധോണി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പിന്മാറിയിരുന്നു. എന്നാല്‍ പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുടെ നായകത്വത്തില്‍ നിരാശജനകമായ പ്രകടനമാണ് ചെന്നൈ പുറത്തെടുത്തത്. തുടര്‍ന്ന് ധോണി വീണ്ടും നായകവേഷം അണിയുകയായിരുന്നു. ക്യാപ്റ്റനായി ടീമിനെ നയിച്ച അവസാന സീസണിലും കിരീടം സമ്മാനിച്ചാണ് നായകസ്ഥാനത്തു നിന്ന് ധോണി പടിയിറങ്ങുന്നത്.

2022ലായിരുന്നു വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നായകവേഷം അഴിച്ചുവച്ചത്. ടീമിന് കിരീടം നേടിക്കൊടുക്കാനായില്ലെങ്കിലും കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പിന്മാറിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് നായകസ്ഥാനത്തുനിന്ന് പിന്മാറിയതെന്ന് കോഹ്ലി വിശദീകരിച്ചിരുന്നു. തുടര്‍ന്ന് ഫാഫ് ഡു പ്ലെസിസിന്റെ കീഴിലാണ് ആര്‍സിബി ടീം ഇതുവരെ കളിച്ചത്. നായകസ്ഥാനത്തുനിന്നുള്ള കോഹ്ലിയുടെ പിന്മാറ്റത്തോട് ആരാധകരും ഒരു പരിധിവരെ പൊരുത്തപ്പെട്ടുകഴിഞ്ഞു.

എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ സാഹചര്യം അങ്ങനെയല്ല. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് പല ആരാധകര്‍ക്കും ഇതുവരെ ദഹിച്ചിട്ടില്ല. സൈബറിടങ്ങളില്‍ പ്രതിഷേധത്തീ ഇപ്പോഴും ആളിക്കത്തുകയാണ്. ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയതില്‍ ചില സഹതാരങ്ങള്‍ക്കും അതൃപ്തിയുള്ളതായി അഭ്യൂഹം ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രോഹിത്തിന് പകരം പുതിയ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിനെ പിന്നിലെ ചേതോവികാരം എന്താണെന്ന്‌ ഇതുവരെ വ്യക്തമല്ല. അത് വിശദീകരിക്കാന്‍ ടീം മാനേജ്‌മെന്റിനും സാധിച്ചിട്ടില്ല.

Advertisment