Advertisment

കരീബിയന്‍ കരുത്തില്‍ കൊല്‍ക്കത്ത കെട്ടിപ്പൊക്കിയ റണ്‍മല താണ്ടാനായില്ല; ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തോല്‍വി

ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം സ്‌കോര്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
kkr vs dc ipl

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 106  റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: കൊല്‍ക്കത്ത-20 ഓവറില്‍ ഏഴ് വിക്കറ്റിന് 272, ഡല്‍ഹി-17.2 ഓവറില്‍ 166 റണ്‍സിന് പുറത്ത്.

Advertisment

കൂറ്റന്‍ വിജയലക്ഷ്യത്തിന് വേണ്ടി ബാറ്റേന്തിയ ഡല്‍ഹി നിരയില്‍ ക്യാപ്റ്റന്‍ ഋഷഭ് പന്തും (25 പന്തില്‍ 55), ട്രിസ്റ്റണ്‍ സ്റ്റബ്‌സും (32 പന്തില്‍ 54) മാത്രമാണ് തിളങ്ങിയത്. മറ്റ് ബാറ്റര്‍മാരില്‍ ഡേവിഡ് വാര്‍ണര്‍ (13 പന്തില്‍ 18), പൃഥി ഷാ (ഏഴ് പന്തില്‍ 10) എന്നിവരൊഴികെ ആര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. കൊല്‍ക്കത്തയ്ക്കു വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും വൈഭവ് അറോറയും മൂന്ന് വിക്കറ്റ് വീതവും, മിച്ചല്‍ സ്റ്റാര്‍ക്ക്‌ രണ്ട് വിക്കറ്റും വീഴ്ത്തി. 

ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം സ്‌കോര്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. മാര്‍ച്ച് 27ന് മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയ 277 റണ്‍സാണ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍.

ഏഴ് വീതം ഫോറുകളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെ 39 പന്തില്‍ 85 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍, 27 പന്തില്‍ 54 റണ്‍സെടുത്ത ആങ്ക്രിഷ് രഘുവന്‍ശി, 19 പന്തില്‍ 41 റണ്‍സെടുത്ത ആന്ദ്രെ റസല്‍, എട്ട് പന്തില്‍ 26 റണ്‍സെടുത്ത റിങ്കു സിംഗ്, 12 പന്തില്‍ 18 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട്, 11 പന്തില്‍ 18 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 

കരീബിയന്‍ താരങ്ങളായ ആന്ദ്രെ റസലും, സുനില്‍ നരെയ്‌നും കൊല്‍ക്കത്തയ്ക്കു വേണ്ടി ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്. ബാറ്റിംഗിലെ വെടിക്കെട്ട് പ്രകടനത്തിന് പുറമെ ബൗളിംഗില്‍ ഇരുവരും ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisment