Advertisment

ഹിമാലയന്‍ വിജയലക്ഷ്യം മറികടക്കാനായില്ല; പൊരുതിത്തോറ്റ് ആര്‍സിബി; സണ്‍റൈസേഴ്‌സിന്റെ ജയം 25 റണ്‍സിന് ! തലയുയര്‍ത്തി ഡി.കെ

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് സണ്‍ റൈസേഴ്‌സ് ഇന്ന് ആര്‍സിബിക്കെതിരെ നേടിയത്. മാര്‍ച്ച് 27ന് മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ സണ്‍റൈസേഴ്‌സ് നേടിയ 277 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
dinesh karthik

ബെംഗളൂരു: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പൊരുതിത്തോറ്റു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 288 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 262 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സണ്‍റൈസേഴ്‌സിന് 25 റണ്‍സിന്റെ വിജയം.

Advertisment

വന്‍ തോല്‍വി വഴങ്ങുമെന്ന ഘട്ടത്തില്‍ പോരാട്ടവീര്യം പുറത്തെടുത്ത് ടീമിന്റെ മാനം കാത്ത ദിനേശ് കാര്‍ത്തിക്കിന് ആര്‍സിബി ആരാധകര്‍ നന്ദി പറയണം. വിക്കറ്റുകള്‍ ഒരു വശത്ത് കൊഴിയുമ്പോഴും തകര്‍ത്തടിച്ച ഡികെയുടെ പ്രകടനമാണ് ആര്‍സിബിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 35 പന്തുകള്‍ നേരിട്ട താരം 83 റണ്‍സെടുത്താണ് മടങ്ങിയത്. അതും അഞ്ച് ഫോറുകളുടെയും ഏഴ് സിക്‌സറുകളുടെയും അകമ്പടിയോടെ.

ഓപ്പണര്‍മാരായ വിരാട് കോഹ്ലിയും (20 പന്തില്‍ 42), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും (28 പന്തില്‍ 62) മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്ന ബാറ്റര്‍മാര്‍ക്ക് അത് മുതലാക്കാനായില്ല. സണ്‍റൈസേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് ലഭിച്ചിട്ടും ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകും. ആദ്യം ബാറ്റു ചെയ്യാന്‍ ലഭിച്ച അവസരം മുതലാക്കിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അടിച്ചുകൂട്ടിയത് 287 റണ്‍സ്. അതും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി.

എട്ട് സിക്‌സറുകളും, ഒമ്പത് ഫോറുകളും പായിച്ച ട്രാവിസ് ഹെഡാണ് സണ്‍ റൈസേഴ്‌സിന്റെ വെടിക്കെട്ടിന് തുടക്കം കുറിച്ചത്. 41 പന്തില്‍ 102 റണ്‍സെടുത്താണ് താരം പുറത്തായത്. ഹെയിന്റിച്ച് ക്ലാസണ്‍-31 പന്തില്‍ 67, അഭിഷേക് ശര്‍മ-22 പന്തില്‍ 34, എയ്ഡന്‍ മര്‍ക്രം-(പുറത്താകാതെ 17 പന്തില്‍ 32), അബ്ദുല്‍ സമദ്-(പുറത്താകാതെ 10 പന്തില്‍ 37) എന്നിവരെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

ചരിത്രം വഴിമാറി

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് സണ്‍ റൈസേഴ്‌സ് ഇന്ന് ആര്‍സിബിക്കെതിരെ നേടിയത്. മാര്‍ച്ച് 27ന് മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ സണ്‍റൈസേഴ്‌സ് നേടിയ 277 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്. സ്വന്തം റെക്കോഡാണ് സണ്‍റൈസേഴ്‌സ് ഇന്നത്തെ പ്രകടനത്തോടെ പഴങ്കഥയാക്കിയത്.

Advertisment