Advertisment

ഐഎസ്എല്‍ കിക്കോഫ് ഇന്ന് കൊച്ചിയില്‍; പകരം വീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്, വിജയം മാത്രം ലക്ഷ്യമിട്ട് ബംഗളുരു

കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിന് നാടകീയമായി കുരുക്കിട്ട ബംഗളുരു എഫ്‌സിയാണ് ആദ്യ എതിരാളികള്‍.

New Update
isl today

കൊച്ചി; ഐഎസ്എല്‍ 10ാം സീസണ് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. 12 ടീമുകളുമായി പുതിയ സീസണില്‍ പന്തുരുളുമ്പോള്‍ സായാഹ്നങ്ങളില്‍ കാല്പന്തിന്റെ ആവേശം ഏറ്റുവാങ്ങാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. കഴിഞ്ഞ സീസണുകളിലൊക്കെ കൈവിട്ടുപോയ കിരീടമെന്ന സ്വപ്‌നം ആരാധകര്‍ക്കായി ഇത്തവണയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കണം. 

Advertisment

അഡ്രിയാന്‍ ലൂണ എന്ന പുതിയ നായകന്റെ കരുത്തില്‍ മഞ്ഞപ്പട ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. ഇവാന്‍ വുകോമാനോവിച്ച് എന്ന പരിശീലകന്റെ സാന്നിധ്യവും മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിന് നാടകീയമായി കുരുക്കിട്ട ബംഗളുരു എഫ്‌സിയാണ് ആദ്യ എതിരാളികള്‍.

ബ്ലാസ്റ്റേഴ്‌സ്-ബംഗളുരു പോരാട്ടത്തിന് കൊച്ചി ജവഹര്‍ലാല്‍നെഹ്‌റു സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. മഞ്ഞക്കടലിരമ്പുന്ന ഗ്യാലറിക്കുമുന്നില്‍ കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് തോല്‍വിക്ക് മറുപടി പറയുക എന്ന ലക്ഷ്യം കൂടി ബ്ലാസ്റ്റേഴിസിനുണ്ട്. എതിരാളികളുടെ ഗോള്‍വല കുലുക്കാനും അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന പുതിയ ക്യാപ്റ്റനില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ലൂണ ഇതിനുമുന്‍പും ബ്ലാസ്റ്റേഴ്‌സിന്റെ നായക റോള്‍ ഏറ്റെടുത്തിരുന്നിട്ടുണ്ടെങ്കിലും സ്ഥിരമായിരുന്നില്ല. മുന്‍ ക്യാപ്റ്റന്‍ ജസല്‍ കാര്‍നെയ്‌റോയുടെ അഭാവത്തില്‍ മാത്രമാണ് അദ്ദേഹത്തിന് അതിനുള്ള അവസരം തുറന്നത്.

പ്രതീക്ഷകളെ സാധൂകരിക്കുന്ന വിധത്തിലുള്ള ഒരു സ്‌ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ പ്രഖ്യാപിച്ചത്. ഈ വര്‍ഷം 11 പുതുമുഖ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിചയസമ്പന്നരായ യുവനിരയാല്‍ സമ്പന്നമാണ് കൊമ്പന്മാര്‍. പ്രതിരോധത്തെ ശക്തമാക്കാന്‍ ഇത്തവണ പ്രീതം കോട്ടാലുണ്ട്. മുന്നേറ്റതാരം ദൈസുകിസകായിയുടെ വരവും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. സഹല്‍ ടീം വിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കെ പി രാഹുലടക്കം ആറ് മലയാളി താരങ്ങളുണ്ട്.

kerala blasters isl
Advertisment